Connect with us

National

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ ഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു ; ഡല്‍ഹിയില്‍ കനത്ത ജാഗ്രത

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കെജ് രിവാള്‍ സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടില്‍ ഇ ഡി യെത്തി. മദ്യനയ കേസില്‍ കെജ് രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്ത് കഴിഞ്ഞാല്‍ കെജ് രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അഭ്യൂഹമുണ്ട്.

കെജ് രിവാളിന്റെ വീടിന് മുന്നിലുള്‍പ്പെടെ കനത്ത പോലീസ് സന്നാഹമുണ്ട്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ് രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ് രിവാള്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ ഡി അയച്ച സമന്‍സ് കെജ് രിവാള്‍ തള്ളിയിരുന്നു. നേരത്തെ ബി ആര്‍ എസ് നേതാവ് കെ കവിതയെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കവിതയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് കെജ് രിവാളിന്റെ വീട്ടില്‍ ഇ ഡി എത്തിയത്.

അതേ സമയം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെജ് രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിക്കണമെന്നാണ് ആവശ്യം.

Latest