Kerala
അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നി മാറി ബസ് ദേഹത്ത് പതിച്ചു; ജീവനക്കാരന് ദാരുണാന്ത്യം
ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്റെ കാലിനു മുകളിലേക്കുമാണ് ബസ് വീണത്
കോഴിക്കോട് | അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ബസിന് വെച്ച ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തില്‍ ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ കണ്ടല്ലൂര്‍ പുതിയാവിള മീനത്തില്‍ പുതുവല്‍ വീട്ടില്‍ പ്രകാശിന്റെ മകന്‍ ഗിരിപ്രകാശ് (24) ആണ് മരിച്ചത്. കോഴിക്കോട് നഗരത്തിലെ സരോവരം പാര്‍ക്കിനു സമീപത്ത് വച്ച് ഉച്ചയ്ക്കു 12 ഓടെയാണ് സംഭവം
കോഴിക്കോട് ദേവാല റൂട്ടില്‍ ഓടുന്ന സിഡബ്ലിയുഎംഎസ് എന്ന ബസിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിയ്ക്കായി ബസിനടിയില്‍ ഇരുവശത്തും രണ്ട് തൊഴിലാളികള്‍ കിടന്ന് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ജാക്കി തെന്നിമാറുകയായിരുന്നു.ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്റെ കാലിനു മുകളിലേക്കുമാണ് ബസ് വീണത്
ബസിനടിയില്‍ കുടുങ്ങിയ ഗിരിപ്രകാശിനെ പുറത്തെടുക്കാന്‍ സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.





