Kerala
കൊച്ചിയില്‍ ലഹരിവേട്ട; വിദേശങ്ങളില്‍ നിന്ന് സ്ത്രീകള്‍ വഴി ലഹരികടത്ത്
ബാങ്കോക്കില്‍ നിന്നും ഒമാനില്‍ നിന്നും മയക്കുമരുന്നുകൊണ്ടുവന്നു
കൊച്ചി | വിദേശ രാജ്യങ്ങളില്‍ നിന്നു സ്ത്രീകള്‍ വഴിയുള്ള ലഹരികടത്ത് കൊച്ചിയില്‍ പിടികൂടി. മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.
ബാങ്കോക്കില്‍ നിന്നുമാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. സബായുടെ പക്കല്‍ നിന്ന് 754 ഗ്രാമും ഷാജിയയുടെ പക്കല്‍ നിന്ന് 750 ഗ്രാമും കഞ്ചാവാണ് കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരുകയാണ്.
മറ്റൊരു സംഭവത്തില്‍, പശ്ചിമ കൊച്ചിയില്‍ നിന്ന് എം ഡി എം എ കണ്ടെത്തിയ കേസിലും സ്ത്രീ പങ്കാളിത്തം കണ്ടെത്തി. മുഖ്യപ്രതിയെ മലപ്പുറം സ്വദേശി ആഷിക്കിനെ പോലീസ് പിടികൂടിയിരുന്നു. 500 ഗ്രാം എം ഡി എം എ കണ്ടെത്തിയ സംഭവത്തിലാണ് രണ്ടു സ്ത്രീകള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയത്. മാഗി ആഷ്‌ന എന്ന സ്ത്രീയുടെ സഹായത്തോടെയാണ് ലഹരി കടത്തെന്നാണ് ആഷിക്കിന്റെ മൊഴി. അയിഷ ഗഫാര്‍ സയിദ് എന്ന മറ്റൊരു സ്ത്രീയും പിടിയിലായിട്ടുണ്ട്.
തോപ്പുംപടി, മട്ടാഞ്ചേരി മേഖലകളില്‍ നിന്നായി വന്‍തോതില്‍ എം ഡി എം എ കണ്ടെടുത്ത കേസില്‍ ഒമാനില്‍ നിന്നാണ് ലഹരി എത്തിച്ചതെന്നു കണ്ടെത്തി. ആകെ പത്തു പേരാണ് ഈ ലഹരി കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് വിദേശത്തു നിന്ന് ലഹരി എത്തിച്ചിരുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.



