From the print
ലഹരി വ്യാപനം വസ്തുത; ഗൗരവത്തോടെ നേരിടുമെന്ന് സർക്കാർ
മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി നിയമസഭ
തിരുവനന്തപുരം | ലഹരി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചക്കെടുത്ത് നിയമസഭ. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ ആദ്യമായാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ചക്കെടുക്കുന്നത്. വിവിധ ജില്ലകളിലെ ലഹരി ആക്രമണ വാർത്തകൾ ഉയർത്തിയായിരുന്നു പ്രതിക്ഷ അംഗം പി സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
കോഴിക്കോട്ട് മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് സിനിമാ കഥയല്ലെന്നും ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഗ്രാമങ്ങളിൽ വരെ സുലഭമായ ലഹരി സ്വന്തം മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും പറഞ്ഞു. കൊടുങ്ങല്ലൂരിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയുടെ കഴുത്തറുത്തതും പറവൂരിലെ ചേന്ദമംഗലത്ത് വീട്ടിൽ കയറി മൂന്നുപേരെ അടിച്ചുകൊന്നതും കോട്ടയത്ത് പോലീസുകാരനെ കൊന്നതും കുണ്ടറയിൽ മുത്തച്ഛനെയും അമ്മയെയും തലക്കടിച്ചുകൊന്നതും ലഹരിക്കടിമകളായ യുവ തലമുറയാണ്.
അഭിനന്ദിച്ച് മന്ത്രി
വിഷയം അവതരിപ്പിച്ച പി സി വിഷ്ണുനാഥിനെ എക്‌സൈസ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ലഹരി വ്യാപനം വസ്തുതയാണെന്നും ഇത് ഗൗരവത്തോടെ കണ്ട് നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിൽ മന്ത്രി വിശദീകരിച്ചു. ദേശീയതലത്തിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ കേരളം ഏറ്റവും പിന്നിലാണെങ്കിലും വ്യാപനം കൂടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. 2024ൽ രാജ്യത്ത് 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് പി ഐ ബിയുടെ ഏറ്റവും പുതിയ റിപോർട്ട്. 2023ൽ ഇത് 16,1000 കോടിയുടേതായിരുന്നു. ഒരുവർഷം കൊണ്ട് രാജ്യത്താകെ 55 ശതമാനം അധികമാണ് മയക്കുമരുന്ന് പിടികൂടിയത് എന്നാണ്. ഇതിൽ കേരളത്തിൽ ആകെ പിടികൂടിയ മയക്കുമരുന്നിന്റെ മൂല്യം 60 കോടിയുടേതാണ്. ഇതിൽ തർക്കത്തിനപ്പുറം ഗൗവരത്തോടെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.
അറസ്റ്റ് കൂടുതൽ കേരളത്തിൽ
2023ൽ സ്‌കൂൾ പരിസരങ്ങളിലെ പരിശോധന 10,761 ആണ്. 2024ൽ ഇത് 32,846 പരിശോധനകളായി വർധിച്ചു. രാജ്യത്ത് മയക്കുമരുന്ന് കേസുകളിൽ ഏറ്റവും പേർ അറസ്റ്റിലായത് കേരളത്തിലാണ്. 24,517 പേരെയാണ് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തത്. ഡ്രഗ് ക്യാപിറ്റൽ എന്നറിയപ്പെടുന്ന പഞ്ചാബിൽ നിന്ന് അറസ്റ്റിലായത് 9,134 പേർ മാത്രമാണ്.
പ്രതിപക്ഷ വിമർശം
വിഷയത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരളം ലഹരിയുടെ കേന്ദ്രമായി മാറുകയാണെന്ന് കുറ്റപ്പെടുത്തി. വിമുക്തി ക്യാമ്പ് നടത്തുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എക്‌സൈസിൽ ആകെ കുറച്ച് ജീവനക്കാരും കുറച്ച് സംവിധാനങ്ങളും മാത്രമേയുള്ളൂ. ആ സംവിധാനങ്ങൾ മുഴുവൻ ക്യാമ്പയിനിംഗിന് ഉപയോഗിക്കുകയാണ്. പക്ഷേ എക്‌സൈസിന് എൻഫോഴ്‌സ്‌മെന്റും ഒരു ഇന്റലിജന്റ്‌സുമില്ല. ഒരു കേസ് പിടിച്ചാൽ അതിന്റെ ഉറവിടം എവിടെയാണെന്ന് അന്വേഷിച്ചു പോകാനുള്ള സംവിധാനം പോലുമില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ സംസാരത്തിൽ ചില രാഷ്ട്രീയ മുനകളുണ്ടായെങ്കിലും അത് ഈ വിഷയത്തിൽ പ്രശ്‌നമാക്കുന്നില്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ആവർത്തിച്ചു.



