Connect with us

siraj editorial

ഡോ. കഫീല്‍ ഖാന് മുമ്പില്‍ നീതിയുടെ കൊടി താഴരുത്‌

സത്യം പറഞ്ഞുവെന്നതിനും തനിക്കു ചുറ്റും നടക്കുന്ന അനീതിയെ ചോദ്യം ചെയ്തതിനും ഒരു മനുഷ്യന്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ ജനാധിപത്യ സമൂഹം മൗനമായിരിക്കുന്നത് മഹാപാതകമാണ്. നിയമ പോരാട്ടം തുടരുമെന്ന് ഡോ. ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം പൊതു സമൂഹത്തിന്റെ പ്രതിഷേധവും ഉയര്‍ന്നു വരണം

Published

|

Last Updated

‘ഈ സര്‍ക്കാറില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിച്ചിരുന്നില്ല. തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. നീതിന്യായ വിഭാഗത്തില്‍ വിശ്വാസമുണ്ട്. അവിടെ നിരപരാധിത്വം തെളിയിക്കും. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ചു. ഡോക്ടര്‍മാരും ജീവനക്കാരുമായി എട്ട് പേര്‍ സസ്‌പെന്‍ഷനിലായി, ഏഴ് പേരെ തിരിച്ചെടുത്തു. ചികിത്സാ പിഴവ്, അഴിമതി എന്നീ ആരോപണങ്ങളില്‍ നിന്ന് ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും എന്നെ പുറത്താക്കി. രക്ഷിതാക്കള്‍ ഇപ്പോഴും നീതിക്കു വേണ്ടി കാത്തിരിക്കുകയാണ്. നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്കൂ’- തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കി യു പി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ കഫീല്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ച വാചകങ്ങളാണിത്. എന്താണ് കഫീല്‍ ഖാന്‍ ചെയ്ത തെറ്റ്? ഏത് ഏജന്‍സിയാണ് അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങളില്‍ തെളിവ് നിരത്തിയിട്ടുള്ളത്? മനുഷ്യത്വത്തോടെ പെരുമാറുന്നുവെന്നതും ഒരു ശിശുരോഗ വിദഗ്ധന് അവശ്യം വേണ്ട പ്രായോഗിക ബുദ്ധിയും വേഗവും അങ്ങേയറ്റത്തെ അവധാനതയോടെ പുറത്തെടുത്തുവെന്നതുമാണോ കുറ്റം? തനിക്കു ചുറ്റും നടക്കുന്ന അനീതിയോട് പ്രതികരിക്കുന്നത് പാതകമാണോ? കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞതുപോലെ, കഫീല്‍ ഖാനെ പുറത്താക്കിയതിലൂടെ യോഗി സര്‍ക്കാറിന്റെ വിദ്വേഷ അജന്‍ഡയാണ് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ സര്‍വ ചട്ടങ്ങളും കാറ്റില്‍ പറത്തുകയാണ്. ഭരണഘടനക്കും മുകളിലാണ് യു പി സര്‍ക്കാറെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂരിലുള്ള ബി ആര്‍ സി മെഡിക്കല്‍ കോളജില്‍ ജീവവായു കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ നിലവിളിച്ചപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിച്ച് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ വാങ്ങി അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച മനുഷ്യസ്‌നേഹിയായ ഡോക്ടറെന്ന നിലയിലാണ് രാജ്യം കഫീല്‍ ഖാനെ കണ്ടത്. 2017 ആഗസ്റ്റിലാണ് 63 കുഞ്ഞുങ്ങള്‍ ഈ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. കൂടുതല്‍ പേര്‍ മരിക്കുമായിരുന്നു, കഫീല്‍ ഖാന്‍ തന്റെ ബന്ധത്തിലുള്ള ആശുപത്രികളില്‍ യാചനാ ഭാവത്തോടെ കയറിയിറങ്ങിയില്ലായിരുന്നെങ്കില്‍. പക്ഷേ, ലോകം മുഴുവന്‍ വാഴ്ത്തിയ ആ സേവനത്തിന് യോഗി സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം സസ്‌പെന്‍ഷനും ജയില്‍വാസവുമായിരുന്നു. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ഉത്തരവിലൂടെ പുറത്തു വന്ന ഡോ. ഖാന് പ്രതികാരം ഭയന്ന് രാജസ്ഥാനിലേക്ക് പോകേണ്ടി വന്നു. 2019ല്‍ യു പി സര്‍ക്കാര്‍ നിയോഗിച്ച വസ്തുതാന്വേഷണ സമിതി തന്നെ ഡോ. ഖാന് ക്ലീന്‍ചിറ്റ് നല്‍കിയതാണ്. അതോടെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ യോഗി സര്‍ക്കാറിന്റെ പകയൊടുങ്ങിയിട്ടില്ല. ക്രൂരമായ ഈഗോയുടെ പിടിയില്‍ തന്നെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

തന്റെ സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ ദുരവസ്ഥ യോഗിക്കുണ്ടാക്കിയ ജാള്യം അത്രമേല്‍ രൂക്ഷമായിരുന്നു. ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് കഫീല്‍ ഖാന്‍ പരസ്യമായി വിളിച്ചുപറയുക കൂടി ചെയ്തതോടെ യോഗി തന്റെ പ്രതികാരം മനസ്സിലുറപ്പിച്ചു.
ദുരന്തം നടന്നതിന് തൊട്ടടുത്ത ദിവസം ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ തന്നെ യോഗി ആദിത്യനാഥ് കഫീല്‍ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. താങ്കളാണോ സിലിന്‍ഡറുകള്‍ അറേഞ്ച് ചെയ്തത് എന്ന് ഡോ. ഖാനോട് ചോദിച്ച യോഗി അതേ എന്ന ഉത്തരം കേട്ട് ക്ഷുഭിതനായി. “താങ്കള്‍ ഒരു ഹീറോ ആയെന്ന് കരുതുന്നുണ്ടോ, നമുക്ക് കാണാം..’ എന്ന് കൂടി ഭീഷണി മുഴക്കിയാണ് യോഗി അന്ന് ആശുപത്രി വിട്ടത്. അടുത്ത ദിവസം തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങുകയും അറസ്റ്റ് വാറണ്ടുമായി യോഗിയുടെ പോലീസ് കഫീല്‍ ഖാന്റെ വീട്ടിലെത്തുകയും ചെയ്തു. ചികിത്സാ അനാസ്ഥയായിരുന്നു ചുമത്തിയ കുറ്റം. കുട്ടികളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കഫീല്‍ ഖാന്റെ തലയില്‍ കെട്ടിവെച്ച യോഗി സര്‍ക്കാര്‍ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി നിര്‍ലജ്ജം ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. എട്ട് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കഫീല്‍ ഖാന് ജയില്‍ മോചനം സാധ്യമായത്. ഈ കാലഘട്ടത്തിനിടയില്‍ അദ്ദേഹവും കുടുംബവും നേരിട്ട ക്രൂരതകള്‍ വിവരണാതീതമാണ്. രാജ്യദ്രോഹിയോടെന്ന പോലെയാണ് ആ ഡോക്ടറോട് യു പി ഭരണകൂടം പെരുമാറിയത്.
യഥാര്‍ഥത്തില്‍ അന്നത്തെ ദുരന്തത്തിനിടയാക്കിയ സംഭവങ്ങളില്‍ കഫീല്‍ ഖാന് ഒരു പങ്കും ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ വന്‍ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്, ആശുപത്രിയിലേക്ക് ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന പുഷ്പ സെയില്‍സ് ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തുന്നതിന് മുമ്പ് 68 ലക്ഷം രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് 14 തവണ അവര്‍ അധികൃതര്‍ക്ക് റിമൈന്‍ഡറുകള്‍ അയച്ചിരുന്നു. എന്നാല്‍ അത് ആരും ചെവിക്കൊണ്ടില്ല. ക്ഷണിച്ചുവരുത്തിയ ദുരന്തമായിരുന്നു അതെന്ന് വ്യക്തം. അധികൃതരുടെ ഈ അനാസ്ഥ തുറന്നു കാണിച്ചുവെന്നതാണ് കഫീല്‍ ഖാന്‍ ചെയ്ത ഒരേ ഒരു “തെറ്റ്’. ഒന്നുമറിയാത്ത അദ്ദേഹം മാത്രം കുറ്റവാളിയായി. പേരിന് നിയമ നടപടിക്ക് വിധേയരായവരെല്ലാം ജാമ്യം നേടുകയും സര്‍വീസില്‍ തിരിച്ചു കയറുകയും ചെയ്തപ്പോഴും ഡോ. ഖാന് മുമ്പില്‍ എല്ലാ വാതിലുകളും കൊട്ടിയടച്ചു. ഒടുവില്‍ അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് ശേഷവും യോഗിയും സംഘവും കഫീല്‍ ഖാനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.

ഡോ. കഫീല്‍ ഖാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണ്. അതുകൊണ്ടുതന്നെ യു പി സര്‍ക്കാറിന്റെ കിരാത നടപടിക്കെതിരെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യവാദികളും ശബ്ദിക്കേണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനും ഡോ. ഖാനെ വേട്ടയാടിയെന്നോര്‍ക്കണം. സത്യം പറഞ്ഞുവെന്നതിനും തനിക്കു ചുറ്റും നടക്കുന്ന അനീതിയെ ചോദ്യം ചെയ്തതിനും ഒരു മനുഷ്യന്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ ജനാധിപത്യ സമൂഹം മൗനമായിരിക്കുന്നത് മഹാപാതകമാണ്. നിയമ പോരാട്ടം തുടരുമെന്ന് ഡോ. ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം പൊതു സമൂഹത്തിന്റെ പ്രതിഷേധവും ഉയര്‍ന്നു വരണം. നീതിയുടെ കൊടി താഴ്ന്നു കൂടാ.

Latest