Kerala
സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കേണ്ട, തീരുമാനം പാര്‍ട്ടിയുടേത്; തരൂരിനെതിരെ വി ഡി സതീശന്
ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല.
തിരുവനന്തപുരം | തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സ്വംയ തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നതരത്തില് അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എംപിക്കെതിരെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി ഡി സതീശന് പറഞ്ഞു.
ശശി തരൂര്‍ കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിയാണ്. സ്ഥാനാര്‍ത്ഥിത്വം അവരവര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഒരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഏത് കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യും. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് കെപിസിസി അദ്ധ്യക്ഷനാണ് പറയേണ്ടത് – വി ഡി സതീശന് പറഞ്ഞു