Connect with us

chennithala

പുറത്താക്കിയ ഘടക കക്ഷിയെ തിരികെ വിളിക്കാന്‍ ചെന്നിത്തലക്ക് അധികാരമോ? ചോദ്യങ്ങള്‍ ഉയരുന്നു

നയപാരമായ കാര്യങ്ങളില്‍ ഒറ്റക്കു തീരുമാനം പ്രഖ്യാപിക്കുന്നതിനെതിരെ അസ്വസ്ഥത വീണ്ടും തലപൊക്കുന്നു

Published

|

Last Updated

കോഴിക്കോട് | നയപാരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തല ഒറ്റക്കു തീരുമാനം പ്രഖ്യാപിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന അസ്വസ്ഥത വീണ്ടും തലപൊക്കുന്നു.

കേരളാ കോണ്‍ഗ്രസ് (മാണി)യെ യു ഡി എഫിലേക്കു ക്ഷണിച്ചതാണ് ഒടുവില്‍ ചെന്നിത്തല നടത്തിയ നീക്കം. കേരളത്തില്‍ കോണ്‍ഗ്രസിലെ പ്രധാന ശബ്ദം താന്‍ തന്നെയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചെന്നിത്തല നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ അസ്ഥരായിരുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു പാര്‍ട്ടി നീക്കിയെങ്കിലും വി ഡി സതീശനെ നിഷ്പ്രഭമാക്കാനുള്ള നീക്കം ചെന്നിത്തല ശക്തമാക്കിയിരുന്നു. ഒടുവില്‍ എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തുവന്നതു തന്നെ വി ഡി സതീശനെ വെട്ടിച്ചായിരുന്നു. പദ്ധതിയില്‍ കരാര്‍ ലഭിക്കാത്ത ചില ഏജന്‍സികള്‍ ആരോപണം ഉന്നയിക്കാന്‍ രേഖകളുമായി രംഗത്തുവന്നപ്പോള്‍ പലരും ഏറ്റെടുക്കാന്‍ മടിച്ചു നിന്ന ഘട്ടം ചെന്നിത്തല മുതലാക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ചെന്നിത്തല കേരള കോണ്‍ഗ്രസ്സിനെ മുന്നണിയിലേക്കു ക്ഷണിച്ചത്. യു ഡി എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇക്കാര്യത്തിലും അതൃപ്തിയുണ്ടെന്നാണു വിവരം.

മുന്നണിയില്‍ നിന്നു പുറത്താക്കിയ ഒരു കക്ഷിയെ തിരിച്ചു വിളിക്കണമെങ്കില്‍ അതു സംബന്ധിച്ച് ഏറെ ആലോചനകള്‍ ആവശ്യമാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെ ചെന്നിത്തല ഇങ്ങനെയൊരു പ്രസ്താവന നടത്തിയതു തന്റെ നേതൃ സ്ഥാനം ഉറപ്പിക്കാനാണെന്നാണു മറുപക്ഷം കരുതുന്നത്.

ചെന്നിത്തലയുടെ നീക്കം തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളാ കോണ്‍ഗ്രസ് നേതാവ് മന്ത്രി റോഷി അഗസ്റ്റില്‍ ഈ ക്ഷണത്തോടു പ്രതികരിച്ചത്. ‘കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്നു പുറത്തു പോയതല്ല. യു ഡി എഫ് പുറത്താക്കിയതാണെന്ന് ഓര്‍മിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നിത്തല എങ്ങിനെയാണ് മുന്നണിയിലേക്കു തങ്ങളെ ക്ഷണിക്കുക എന്ന ചോദ്യമാണ് റോഷി അഗസ്റ്റിന്റെ മറുപടിയില്‍ ഉള്ളത്.

നയപരമായ കാര്യങ്ങളില്‍ ചെന്നിത്തല ഒറ്റക്കു നീക്കം നടത്തുന്നതില്‍ നേതൃത്വത്തിനുള്ള അതൃപ്തി ഇതോടെ ശക്തിപ്പെടുകയാണ്.

സര്‍ക്കാര്‍ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്ന ഘട്ടത്തില്‍, യു ഡി എഫ് നിരാകരണ പ്രമേയം കൊണ്ടുവരുമെന്നു ചെന്നിത്തല നടത്തിയ പ്രഖ്യാപനമാണ് നേരത്തെ നേതൃത്വത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചത്.
പ്രതിപക്ഷനേതാവിനോടോ പാര്‍ലമെന്ററി പാര്‍ട്ടിയോടെ ആലോചിക്കാതെ അന്നു ചെന്നിത്തല നിയമസഭയിലെ നിലപാട് പ്രഖ്യാപിച്ചതിലെ അമര്‍ഷം ശക്തമായിരുന്നു.

സര്‍ക്കാര്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങുന്നതിനു പിന്നില്‍ വന്‍ അഴിമതിയാണെന്ന ആരോപണവുമായി കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നിത്തല രംഗത്തുവന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ ഈ ആരോപണത്തെ വേണ്ടത്ര ഗൗരവത്തില്‍ ഏറ്റെടുത്തില്ല.

അതിനു ശേഷമാണ് ചെന്നിത്തല എ ഐ ക്യാമറ വിവാദം ഉയര്‍ത്തി മേല്‍ക്കൈ നേടിയത്. വി ഡി സതീശന്‍ പ്രതിപക്ഷനേതാവായി ചുമത ഏറ്റെടുത്ത ഉടനെ ചെന്നിത്തലയുടെ ഇത്തരം ഇടപെടലുകളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

കേരളത്തില്‍ ഇടപെടല്‍ സാധ്യതകള്‍ കുറഞ്ഞതോടെ കേന്ദ്രത്തില്‍ ബര്‍ത്ത് ഉറപ്പിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. മല്ലികാര്‍ജുര്‍ കാര്‍ഖെ പ്രസിഡന്റായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനായുള്ള തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജീവമായി. ദേശീയ നേതൃത്വത്തില്‍ പരിഗണനലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ചെന്നിത്തല കേരളത്തില്‍ ഇടപെടല്‍ ശക്തമാക്കുന്നത്.