Kerala
പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്
സമൂഹത്തില്‍ സ്പര്‍ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും അസഭ്യം കലര്‍ന്നതും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നുമാണ് എഫ് ഐ ആര്‍.
കൊല്ലം | പ്രതിഷേധ പ്രകടനത്തില്‍ അസഭ്യം കലര്‍ന്ന പ്രകോപന മുദ്രാവാക്യം വിളിച്ചതിന് സി പി എം വനിതാ നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെ എസ് യുക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രകടനത്തിലാണ് പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.
സമൂഹത്തില്‍ സ്പര്‍ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും അസഭ്യം കലര്‍ന്നതും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നുമാണ് എഫ് ഐ ആര്‍. കോണ്‍ഗ്രസ്സ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തര്‍ നല്‍കിയ പരാതിയിലാണ് ഇരവിപുരം പോലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തി. പ്രതിഷേധ പ്രകടനം ഏറെ വൈകാരികമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വനിതാ മന്ത്രിക്കെതിരായ അതിക്രമം എന്നതിലുപരി സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവിന് നേരെ കൊലപാതക ശ്രമമാണ് ഉണ്ടായത്. അങ്ങനെ വരുമ്പോള്‍ അത് വലിയ രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളിലേക്ക് പോകും. ഈ സാഹചര്യത്തിലുള്ള പ്രകടനത്തില്‍ പങ്കെടുക്കുമ്പോള്‍ വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു പോകും. പക്ഷെ, സി പി എമ്മിനെയും പുരോഗമന സംഘടനങ്ങളെയും സംബന്ധിച്ച് ഒരു രാഷ്ട്രീയമുണ്ട്. അത് സ്ത്രീകള്‍ക്കൊപ്പവും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പവും നില്‍ക്കുന്ന പുരോഗമന രാഷ്ട്രീയമാണ്. താന്‍ എല്ലാ ഘട്ടത്തിലും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ചെറിയ പ്രതികരണങ്ങളിലും വാക്കിലും അതുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ചിന്ത വ്യക്തമാക്കി.
ജീവിതത്തില്‍ ഒരിക്കലും അങ്ങനെയൊരു ആരോപണം കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. ഞങ്ങളാരും അങ്ങനെ ചെയ്യുന്നവരും അല്ല. ഇടതുപക്ഷത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെന്ന നിലയിലാണ് ഇങ്ങനെ ആക്രമിക്കുന്നത്. മുഖമില്ലാത്ത പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ചിന്ത ജെറോം ആരോപിച്ചു.

