Connect with us

National

ക്രൈസ്തവരുടെ സമാധാനം തകര്‍ക്കരുത്; കര്‍ണ്ണാടക സര്‍ക്കാരിനെതിരെ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍

സര്‍ക്കാര്‍ ക്രൈസ്തവ സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക സര്‍ക്കാര്‍ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. സര്‍ക്കാര്‍ അനാവശ്യ സര്‍വ്വേ നടത്തുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മാത്രമേ ഈ നീക്കം സഹായിക്കൂവെന്നും ബെംഗളുരു ആര്‍ച്ച് ബിഷപ് പറഞ്ഞു.

കര്‍ണാടകയില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ധിച്ചിട്ടില്ല. ക്രൈസ്തവര്‍ ആരെയും നിര്‍ബന്ധിച്ച് മതംമാറ്റുന്നുമില്ല. സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ക്രൈസ്തവര്‍ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകര്‍ക്കരുതെന്നും സര്‍ക്കാര്‍ സര്‍വ്വേ അവസാനിപ്പിക്കണമെന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.

മതപരിവര്‍ത്തന നിരോധന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്നലെ വീണ്ടും ബജറംഗ്ദള്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പള്ളികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളുടെ സര്‍വ്വേ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പും സാമ്പത്തിക സ്രോതസ്സും പോലീസ് പരിശോധിച്ച് തുടങ്ങി. സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധങ്ങളിലും എതിര്‍പ്പ് അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്.

 

Latest