Connect with us

Editorial

ഇസ്‌റാഈല്‍ അധിനിവേശത്തിന് അറുതിയില്ലേ?

ഷിറീന്‍ വധത്തെ അപലപിക്കുന്നവര്‍ ഫലസ്തീന്‍ മണ്ണില്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിത് ഭൂമിക്കൊള്ള നടത്തുന്ന സയണിസ്റ്റ് പദ്ധതിയെയാണ് എതിര്‍ക്കേണ്ടത്. അതിന് തടയിടാനുള്ള അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കുകയാണ് വേണ്ടത്.

Published

|

Last Updated

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനില്‍ അല്‍ ജസീറ ലേഖിക ഷിറീന്‍ അബു ആഖിലയെ ക്രൂരമായി വധിച്ച ഇസ്റാഈല്‍ സൈന്യത്തിന്റെ നടപടിയില്‍ ലോകത്താകെ പ്രതിഷേധം തുടരുകയാണ്. 1948ലെ അറബ് ആട്ടിയോടിക്കലിനെ അനുസ്മരിക്കുന്ന നക്ബ ദിനം ഇത്തവണ ഷിറീനോടുള്ള ആദരവും അവരെ കൊന്നു തള്ളിയതിനോടുള്ള രോഷവും പ്രതിഷേധവും കൊണ്ട് അടയാളപ്പെട്ടതായിരുന്നു. മുഴുവന്‍ നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. വെസ്റ്റ്ബാങ്കില്‍ പലയിടത്തും ഇസ്റാഈല്‍ പോലീസും സൈന്യവും ഫലസ്തീന്‍ യുവാക്കള്‍ക്ക് മേല്‍ അതിക്രമം അഴിച്ചുവിട്ടു. ഷിറീന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയെപ്പോലും വെറുതെ വിട്ടിരുന്നില്ല ജൂതരാഷ്ട്രത്തിന്റെ സായുധസംഘം.

ജെനിനില്‍ തീവ്രവാദികള്‍ ഒളിച്ചു കഴിയുന്നുണ്ടെന്നും അവരെ പിടികൂടാന്‍ ചെന്ന പോലീസിനെ തടയാന്‍ ഫലസ്തീന്‍ യുവാക്കള്‍ ശ്രമിച്ചുവെന്നും അതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഷിറീന്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്റാഈല്‍ വാദിക്കുന്നത്. എന്നാല്‍ ഷിറീന്‍ വെറുമൊരു റിപോര്‍ട്ടര്‍ അല്ലെന്നും അവര്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിക്കുന്ന ആക്ടിവിസ്റ്റാണെന്നും ഫലസ്തീന്‍ അതോറിറ്റിയും വിവിധ പൗര സംഘടനകളും വ്യക്തമാക്കുന്നു. അവരെ തിരഞ്ഞുപിടിച്ച് വകവരുത്തുകയായിരുന്നു. മുഖത്ത് വെടിയേറ്റാണ് അവര്‍ മരിച്ചത് എന്നത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായപ്പോള്‍ ഇസ്റാഈല്‍ പേരിനൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന് നേരേയുള്ള കടന്നു കയറ്റം എന്ന നിലയിലാണ് യു എസും യു എന്നിലെ പ്രമുഖരുമൊക്കെ പ്രതികരിച്ചത്. ഷിറീന് അമേരിക്കന്‍ പൗരത്വം കൂടിയുള്ളത് കൊണ്ട് വലിയ തലക്കെട്ടുകള്‍ നേടി. ഇസ്റാഈല്‍ ക്രൂരതയെ ഷിറീന്‍ അബു ആഖിലയുടെ വ്യക്തിപരമായ ദുര്യോഗമായോ അപകടമായോ ലളിതവത്കരിക്കാനാണ് മുഖ്യധാരയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ശ്രമിച്ചത്.

എന്നാല്‍ ഷിറീന്റെ വധത്തിലേക്ക് നയിച്ച സംഭവപരമ്പരകളുടെ യഥാര്‍ഥ ഉറവിടം എന്താണ്? വെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ നടത്തുന്ന ക്രൂരമായ അധിനിവേശം. ആ സത്യം വിളിച്ചു പറയാനാണ് തന്റെ പ്രസ്സ് ഐഡിന്റിറ്റിയെ ഷിറീന്‍ ഉപയോഗിച്ചത്. 1997 മുതല്‍ അവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും തൃണവത്ഗണിച്ച് അധിനിവേശം നിരന്തരം തുടരുകയാണ്. ആരും ചോദിക്കാനില്ല. എല്ലാത്തിനും അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണയുണ്ട്. ഇസ്റാഈല്‍ രൂപവത്കൃതമായത് മുതല്‍ തുടരുന്ന ഈ അതിക്രമത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഷിറീന്‍ ജീവിതം കൊണ്ടും മരണം കൊണ്ടും ചെയ്തത്. അതുകൊണ്ട് അവരുടെ അരുംകൊലയെ അപലപിക്കുന്നവര്‍ ഫലസ്തീന്‍ മണ്ണില്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിത് ഭൂമിക്കൊള്ള നടത്തുന്ന സയണിസ്റ്റ് പദ്ധതിയെയാണ് എതിര്‍ക്കേണ്ടത്. അതിന് തടയിടാനുള്ള അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കുകയാണ് വേണ്ടത്. അധിനിവേശ കൗശലങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുകയെന്നതായിരിക്കും ഷിറീന്‍ അബു ആഖില കിടക്കുന്ന ജറൂസലം സിയോന്‍ കത്തീഡ്രലിലെ കുഴിമാടത്തില്‍ അര്‍പ്പിക്കുന്ന യഥാര്‍ഥ ആദരാഞ്ജലി.

മൂന്ന് തരത്തിലാണ് അധിനിവേശം പ്രധാനമായും നടക്കുന്നത്. ഫലസ്തീനികള്‍ താമസിക്കുന്ന പ്രദേശം സ്റ്റേറ്റ് ലാന്‍ഡായി പ്രഖ്യാപിക്കുകയാണ് അതില്‍ ആദ്യത്തെ തന്ത്രം. 1858ലെ ഓട്ടമാന്‍ ലാന്‍ഡ് ലോയെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ജനവാസം കുറഞ്ഞ മേഖലകളിലെ, പ്രധാനമായും കുന്നിന്‍ പ്രദേശങ്ങളും തീരഭൂമിയും സ്റ്റേറ്റ് ലാന്‍ഡായി പ്രഖ്യാപിക്കും. ഉടമസ്ഥരില്ലാത്ത ഭൂമിയാണിവയെന്നും സുരക്ഷാ ആവശ്യങ്ങള്‍ക്ക് ഇവ സര്‍ക്കാറിന് ഏറ്റെടുക്കാമെന്നുമാണ് ന്യായം. ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥര്‍ രേഖകള്‍ ഹാജരാക്കണം. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭൂമിയില്‍ കൃഷി ചെയ്യുകയോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ട്രൈബ്യൂണലുകളെ സമീപിക്കാനാകൂ. ഫലസ്തീന്റെ ഭാഗമായ ഭൂമിയിലാണ് ഈ കടന്നു കയറ്റമെന്നോര്‍ക്കണം. 1967ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ഇസ്റാഈലിന് ഒരു അവകാശവുമില്ലെന്ന് യു എന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. രേഖകളുമായി ചെല്ലുന്നവര്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കാനാകില്ല. എന്തെങ്കിലും കാരണം പറഞ്ഞ് തള്ളും. പിന്നെ ഉടമസ്ഥരില്ലാത്ത ഭൂമിയായി പ്രഖ്യാപിക്കും. അതാണ് സ്റ്റേറ്റ് ലാന്‍ഡ്. അടുത്ത പടി സൈനിക സന്നാഹങ്ങളെത്തുകയെന്നതാണ്. ഒടുവില്‍ സൈന്യം പിന്‍വാങ്ങും. ജൂത കുടിയേറ്റക്കാരെത്തും. 1970കളില്‍ ആയിരക്കണക്കിന് ജൂത കുടിയേറ്റ സമുച്ചയങ്ങളാണ് ഇത്തരത്തില്‍ നിര്‍മിച്ചെടുത്തത്. റോഡുകളും ഹെലിപാഡുകളും മാര്‍ക്കറ്റുകളും പണിയാനെന്ന പേരിലും ഭൂമി പിടിച്ചെടുക്കുന്നു. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാറില്ല. ആത്യന്തികമായി അവിടേക്കും ജൂതര്‍ കുടിയേറും.

ഇതൊന്നുമല്ലാതെ സൈനിക അകമ്പടിയോടെ ജൂതതീവ്രവാദികള്‍ കൂട്ടമായെത്തി പ്രത്യക്ഷ അധിനിവേശവും നടക്കുന്നു. ഇതാണ് ജെനിനില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. തുച്ഛമായ വിലകൊടുത്ത് ജൂതന്‍മാര്‍ സ്ഥലം വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ അധിനിവേശങ്ങളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന നിരവധി യു എന്‍ പ്രമേയങ്ങളുണ്ട്. 2016 ജനുവരിയില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ 2334ാം പ്രമേയമാണ് ഇതില്‍ ഏറ്റവും പുതിയത്. റെഗുലേഷന്‍ ബില്‍ എന്ന അധിനിവേശ നിയമം പാസ്സാക്കിയാണ് ഇസ്റാഈല്‍ പാര്‍ലിമെന്റ് ഈ പ്രമേയത്തോട് പ്രതികരിച്ചത്. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്ല്. ഫലസ്തീനെന്ന ഇത്തിരി മണ്ണ് ഭൂപടത്തില്‍ നിന്ന് അതിവേഗം മാഞ്ഞ് പോകുകയാണ്. പീസ് നൗ പോലുള്ള സംഘടനകള്‍ പുറത്തുവിട്ട മാപ്പില്‍ ഇസ്റാഈല്‍ കൈയടക്കിയ പ്രദേശങ്ങള്‍ ചാര നിറത്തില്‍ പരന്ന് കിടക്കുന്നു. നാല് ഭാഗത്ത് നിന്നും ആട്ടിയോടിച്ച് ഫലസ്തീന്‍ സ്വപ്നത്തെ ആറടി മണ്ണില്‍ കുഴിച്ചു മൂടുകയാണ്. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന എത്ര നേതാക്കളുണ്ട്. യു എന്നിന് എന്ത് ചെയ്യാന്‍ സാധിക്കും?