Connect with us

Kerala

വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

വീടുകളിൽ കഴിയുന്ന സാഹചര്യത്തിലും പോഷകാഹാരവും അതിനെ കുറിച്ചുള്ള അറിവുകളും കുട്ടികൾക്ക് ഉറപ്പാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | കൊവിഡിന്റെ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് പോഷകാഹാരവും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അറിവുകളും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച കേന്ദ്ര നിർദേശത്തെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂൾ പ്രധാനധ്യാപകർക്കും ഉത്തരവ് നൽകി.

കൊവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലധികമായി വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തുന്നില്ല. പോഷകദായകമായ ഭക്ഷണം വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നിന്ന് ലഭിച്ചിരുന്നു.

എന്നാൽ വീടുകളിൽ കഴിയുന്ന സാഹചര്യത്തിലും പോഷകാഹാരവും അതിനെ കുറിച്ചുള്ള അറിവുകളും കുട്ടികൾക്ക് ഉറപ്പാക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈനായോ നേരിട്ടോ ക്ലാസ്സ്തല പി ടി എകൾ ചേർന്ന് പോഷകാഹാരത്തെ കുറിച്ചും അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എത്രമാത്രം ഗുണകരമാകുമെന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തണം. പോഷൺ അഭിയാൻ (നാഷനൽ ന്യൂട്രീഷൻ മിഷൻ) ഭാഗമായി സെപ്തംബർ 2021 ദേശീയ പോഷൺ മാസമായി ആചരിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പൊതുസമൂഹത്തിന്റെ പിന്തുണയോടെ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് സ്‌കൂൾതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് നിർദേശം. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ/വെർച്വൽ പോഷൺ അസംബ്ലികൾ നടത്തണം.
പോഷകാഹാര കുറവിനെ സംബന്ധിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ആരോഗ്യപരവും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ സംബന്ധിച്ചുള്ള അറിവുകൾ പോഷൺ അസംബ്ലികൾ മുഖാന്തരം വിദ്യാർഥികൾക്ക് നൽകണം.
വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ വീട്ടുവളപ്പിൽ പച്ചക്കറി നട്ടുപരിപാലിക്കാൻ നിർദേശിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് പ്രവർത്തന പുരോഗതി വിലയിരുത്താൻ എല്ലാ ആഴ്ചകളിലും റിവ്യൂ നടത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. സ്‌കൂൾതലങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ അറിയിക്കുന്നതിന് അതത് സ്‌കൂൾ ക്ലാസ്സ് അധ്യാപകർക്ക് പ്രത്യേക ഫോറം നൽകിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്