Connect with us

Articles

പൗരത്വ നിഷേധം ; ജർമനി മുതൽ ഇസ്റാഈൽ വരെ

മൂന്ന് രാജ്യങ്ങളിൽ നിന്നെത്തിയ മുസ്‌ലിംകൾ ഒഴിച്ചുള്ള ആറ് മതവിഭാഗങ്ങളിൽ പെട്ടവർക്ക് ഫാസ്റ്റ് ട്രാക്കായി പൗരത്വം ലഭ്യമാക്കുന്ന "ജീവകാരുണ്യ' പ്രവർത്തനമാണ് സി എ എയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവർത്തിക്കുമ്പോഴും പൗരത്വത്തിന്റെ മാനദണ്ഡമായി മതം കടന്നു വരുന്നതിലെ അപകടത്തെ കുറിച്ച് അദ്ദേഹത്തിന് മറുപടിയില്ല. മൂന്ന് രാജ്യങ്ങളെ തിരഞ്ഞെടുത്തതിലെ യുക്തിയും കൃത്യമായി വിശദീകരിക്കാനാകുന്നില്ല. ഇത്തരമൊരു നിയമനിർമാണത്തിന്റെ ആഗോള മാതൃകയേതെല്ലാമാണ്?

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെ രാജ്യം ഒരിക്കൽ കൂടി പൗരത്വ നിഷേധത്തിന്റെ വേദനയിലേക്കും ഭയത്തിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നു. മതേതര ബോധമുള്ള മനുഷ്യർ പ്രക്ഷോഭത്തിന്റെയും നിയമ നടപടിയുടെയും ചടുലതയിലേക്ക് ഉണർന്നിരിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം പകരുന്നത്. ഭരണഘടനാവിരുദ്ധമായ നിയമത്തിൽ സുപ്രീം കോടതി ഇടപെടുമെന്ന പ്രതീക്ഷയും ജനാധിപത്യവാദികൾ പങ്കുവെക്കുന്നു. യു എസും യു എന്നും സി എ എയിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നുവെന്നത് ആഗോള രംഗത്തും ഈ പൗരത്വ വിഭജന, നിഷേധ നിയമം ചർച്ചയായിരിക്കുന്നുവെന്നതിന്റെ തെളിവാണ്.
മൂന്ന് രാജ്യങ്ങളിൽ നിന്നെത്തിയ മുസ്‌ലിംകൾ ഒഴിച്ചുള്ള ആറ് മതവിഭാഗങ്ങളിൽ പെട്ടവർക്ക് ഫാസ്റ്റ് ട്രാക്കായി പൗരത്വം ലഭ്യമാക്കുന്ന “ജീവകാരുണ്യ’ പ്രവർത്തനമാണ് സി എ എയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവർത്തിക്കുമ്പോഴും പൗരത്വത്തിന്റെ മാനദണ്ഡമായി മതം കടന്നു വരുന്നതിലെ അപകടത്തെ കുറിച്ച് അദ്ദേഹത്തിന് മറുപടിയില്ല. മൂന്ന് രാജ്യങ്ങളെ തിരഞ്ഞെടുത്തതിലെ യുക്തിയും കൃത്യമായി വിശദീകരിക്കാനാകുന്നില്ല. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ), ദേശീയ പൗരത്വ രജിസ്റ്റർ ( എൻ ആർ സി) എന്നിവയുമായി ചേർത്ത് പൗരത്വ ഭേദഗതി നിയമം വ്യാഖ്യാനിക്കുമ്പോൾ മുസ്‌ലിംകളെ കാത്തിരിക്കുന്ന പൗരത്വ നിഷേധത്തെ കുറിച്ചുമില്ല മറുപടി. ഇത്തരമൊരു നിയമനിർമാണത്തിന്റെ ആഗോള മാതൃകയേതെല്ലാമാണ്? ഏതൊക്കെ തീവ്രവലതുപക്ഷ ആശയഗതികളാകും അമിത് ഷായെയും മോദിയെയും ആർ എസ് എസ് നേതൃത്വത്തെയും സ്വാധീനിച്ചത്?

ന്യൂറംബർഗ് നിയമങ്ങൾ

ഇന്ത്യയിൽ ആർ എസ് എസ് രൂപവത്കരിക്കും മുമ്പ് ഇറ്റലിയും ജർമനിയും സന്ദർശിച്ച് ഫാസിസവും നാസിസവും എങ്ങനെ സമൂഹത്തിൽ വേരുകൾ പടർത്തിയെന്ന് പഠിച്ചവരാണ് അന്നത്തെ ഹിന്ദുത്വ നേതാക്കൾ. ഡോ. ബി എസ് മൂഞ്ചേയെപ്പോലുള്ള നേതാക്കൾ ഇറ്റലിയിൽ ക്യാമ്പ് ചെയ്ത് സായുധ സംഘങ്ങളെ കുറിച്ച് പഠിച്ചു. ഹിറ്റ്‌ലറും മുസ്സോളിനിയുമാണ് ഹിന്ദുത്വവാദികളുടെ എക്കാലത്തെയും ആദർശ പുരുഷൻമാർ.
അമിത് ഷായുടെ പൗരത്വ ഭേദഗതി നിയമത്തിന് ജർമനിയിലെ ന്യൂറംബർഗ് നിയമങ്ങളുമായി സാമ്യമുണ്ടായത് യാദൃച്ഛികമല്ല. 1935ൽ നടപ്പാക്കിയ ഈ നിയമങ്ങൾ ജൂത സമൂഹത്തെ പൂർണമായി പൗരത്വത്തിൽ നിന്ന് ഇറക്കി വിടുന്നതായിരുന്നു. വോട്ടിംഗ് അവകാശങ്ങളും എടുത്തു കളഞ്ഞു. ജൂതൻമാർ ജർമൻ രക്തമുള്ളവരുമായി വിവാഹ ബന്ധത്തിലേർപ്പെടുന്നതും വിലക്കി. ജൂത കുടുംബങ്ങളിൽ 45 വയസ്സിന് താഴെയുള്ള ജർമൻ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നതും നിരോധിച്ചു. ജർമൻ രക്തമുള്ളവർക്ക് മാത്രമേ റീഹ് പൗരന്മാരാകാൻ അർഹതയുള്ളൂ എന്ന് പ്രഖ്യാപിച്ച നിയമം ബാക്കിയുള്ളവർക്ക് പൗരത്വ അവകാശങ്ങളില്ലാതെ രാജ്യത്തിനകത്ത് കഴിയാം. ആരാണ് ജൂതൻ എന്നതിന്റെ നിർവചനം വ്യക്തമാക്കുന്ന ഒരു അനുബന്ധ ഉത്തരവ് കൂടി പാസ്സാക്കി. ഇന്തോ- ആര്യൻ വംശീയ വിഭാഗമായ റൊമാനികളെയും കറുത്ത വർഗക്കാരെയും പൗരത്വത്തിൽ നിന്ന് പുറത്ത് നിർത്തുന്ന ഒരു ഉത്തരവ് കൂടി പിന്നീടിറങ്ങി. ഹിന്ദുത്വ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശം എന്തായിരിക്കുമെന്നതിന്റെ മാതൃക ഗോൾവാൾക്കർ സ്വാംശീകരിച്ചത് ജർമനിയിൽ നിന്നാണെന്ന് ഇത് വ്യക്തമാക്കുന്നു. “ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രത്യേക അവകാശവും ഉണ്ടായിരിക്കില്ല, പൗരാവകാശം പോലും’ എന്ന് “ഗുരുജി’ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അമിത് ഷാ പൗരത്വ ഭേദഗതി കൊണ്ടുവരുമ്പോൾ അത് ന്യൂറംബർഗ് നിയമത്തിന്റെ ഈച്ചക്കോപ്പിയാകാതെ തരമില്ല.

ബർമാ പൗരത്വ നിയമം

മ്യാൻമറിൽ ബുദ്ധ തീവ്ര ഗ്രൂപ്പുകളുമായി ആർ എസ് എസ് നേതാക്കൾക്കുള്ള ഗാഢ ബന്ധം രഹസ്യമല്ല. ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെററർ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച അഷിൻ വിരാതുവെന്ന ഭീകര നേതാവുമായി ഇന്ത്യയിലെ വിവിധ ഹിന്ദുത്വ നേതാക്കൾ പല തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. മ്യാൻമർ പട്ടാള മേധാവികളും ബുദ്ധ തീവ്രവാദി നേതാക്കളും കൈകോർത്തപ്പോഴാണ് അവിടെ ആംഗ്‌സാൻ സൂകിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പോരാട്ടം അടിച്ചമർത്തി പട്ടാള ഭരണം തുടങ്ങിയത്.
ഇന്ന് മ്യാൻമറിൽ കാണുന്ന റോഹിംഗ്യൻ വേട്ടയുടെ അടിവേര് കിടക്കുന്നത് 1982ൽ പട്ടാള ഭരണകൂടം കൊണ്ടുവന്ന പൗരത്വ നിയമത്തിലാണ് (ബർമ സിറ്റിസൻഷിപ്പ് ആക്ട്-1982).
ബ്രിട്ടീഷുകാർ അധിനിവേശം തുടങ്ങിയ 1824ൽ രാജ്യത്തുണ്ടായിരുന്നവർക്കാണ് ഈ നിയമം പൗരത്വം നൽകുന്നതെന്നും റോഹിംഗ്യകൾ അതിന് ശേഷം വന്നതാണെന്നുമായിരുന്നു ഭരണകൂടത്തിന്റെ വാദം. പിന്നീട് പലതരം പൗരത്വ കാർഡുകൾ വന്നു. മനുഷ്യരെ നെടുകെയും കുറുകെയും പിളർത്തി. റോഹിംഗ്യൻ മുസ്‌ലിംകൾ മാത്രമല്ല, ക്രിസ്ത്യൻ വിശ്വാസികളായ ഗോത്ര വർഗ വിഭാഗങ്ങളും തഴയപ്പെട്ടു. ഇന്ന് മ്യാൻമർ തീർത്തും അശാന്തമാണ്. വിഘടനവാദത്തിന്റെ പിടിയിലാണ് ആ രാജ്യം.

നാഷൻ സ്റ്റേറ്റ് ലോ

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച രാജ്യം ഇസ്റാഈലാണ്. ഇസ്റാഈൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. “നെതന്യാഹു- മോദി ലൗ ഫെസ്റ്റ്’ എന്നാണ് ആഗോള മാധ്യമങ്ങൾ 2017ലെ ഇസ്റാഈൽ പര്യടനത്തെ വിശേഷിപ്പിച്ചത്. സംഘ്പരിവാർ ഇന്ത്യയിലും സയണിസ്റ്റുകൾ ലോകമാകെയും പടർത്താൻ ശ്രമിക്കുന്ന ഒരു ആശയത്തിന്റെ സമാനതയിലാണ് പ്രണയാഘോഷം. “ഹിന്ദുക്കൾക്ക് ഒറ്റ നാടേ ഉള്ളൂ. അത് ഇന്ത്യയാണ്. പാകിസ്താൻ ഉണ്ടായത് മതപരമായ വിഭജനത്തിന് ശേഷമാണ്. പുതുതായി ഉണ്ടായത് മുസ്്ലിം രാഷ്ട്രമാണെങ്കിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യ പാകിസ്താനിൽ നിന്നുള്ള ഭീഷണി നിരന്തരം നേരിടുകയാണ്. അവർ ഉത്തരവാദിത്വമില്ലാത്ത ആണവ ശക്തിയായതിനാൽ ഇന്ത്യ മുൾമുനയിലാണ് നിൽക്കുന്നത്. അഥവാ ഇന്ത്യ ഒരു ഇര രാഷ്ട്രമാണ്. ഹിന്ദുത്വവത്കരണമാണ് പോംവഴി. മുസ്്ലിംകളെ ആട്ടിയോടിക്കണം.’ ഇതാണ് സംഘ്പരിവാറിന്റെ ആശയം. സവർക്കറും ഗോൾവാൾക്കറും ഹെഡ്ഗേവാറുമൊക്കെ ഈ വാദമാണ് മുന്നോട്ടുവെച്ചത്. ഇത് തന്നെയാണ് സയണിസ്റ്റുകളുടെയും ന്യായം. “വേട്ടയാടപ്പെട്ട ജൂതൻമാർക്ക് ഒറ്റ നാടേ ഉള്ളൂ. ഫലസ്തീൻ തങ്ങളുടെ സമാധാനപരമായ നിലനിൽപ്പിന് ഭീഷണിയാണ്. ഹമാസിനെപ്പോലുള്ള സംഘങ്ങൾ ഞങ്ങളെ നിരന്തരം ആക്രമിക്കുന്നു. ഇറാനും കുഴപ്പക്കാരാണ്. ഈ ഇരവാദ പ്രത്യയശാസ്ത്രം സയണിസത്തെയും ഹിന്ദുത്വത്തെയും ഒന്നിപ്പിക്കുന്നു.

സി എ എ മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്നും പൗരത്വത്തിന്റെ നിർവചനത്തിലേക്ക് മതം കൊണ്ടുവരുന്നത് ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്നും വ്യക്തമാകാൻ 2018ൽ ഇസ്റാഈൽ കൊണ്ടുവന്ന ഒരു നിയമം പഠനത്തിനെടുത്താൽ മതിയാകും. പൗരത്വ ഭേദഗതി നിയമവും “നാഷൻ സ്റ്റേറ്റ് ലോ’ (ബേസിക് ലോ) എന്ന് വിളിക്കപ്പെടുന്ന ഇസ്റാഈലിലെ നിയമവും തമ്മിൽ വലിയ സാമ്യമുണ്ട്. 2018 ജൂലൈ 19നാണ് ഇസ്റാഈൽ പാർലിമെന്റായ നെസ്സറ്റ് ഈ നിയമം പാസ്സാക്കിയത്. കാലങ്ങളായി കടുത്ത വിവേചനം അനുഭവിച്ചുവരുന്ന, ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് മുസ്്ലിംകളെയും ക്രിസ്ത്യാനികളെയും സമ്പൂർണമായി രാഷ്ട്രരഹിതരാക്കുന്നതായിരുന്നു ഈ നിയമം. മൂന്ന് വ്യവസ്ഥകളാണ് ഈ നിയമത്തെ വിഭജനപരവും മതരാഷ്ട്രവാദത്തിന്റെ അടിസ്ഥാനവുമാക്കി മാറ്റുന്നത്.
1. ദേശീയ സ്വയം നിർണയാവകാശം (നാഷനൽ സെൽഫ് ഡിറ്റർമിനേഷൻ) ജൂതൻമാർക്ക് മാത്രമായിരിക്കും. ദേശരാഷ്ട്രം സംബന്ധിച്ച് സയണിസ്റ്റ് ഐഡിയോളജിയിലും ഹിന്ദുത്വത്തിലും ഒരുപോലെ കാണുന്ന ആശയമാണ് പിതൃഭൂമി. ഇസ്റാഈലിന്റെ കാര്യത്തിൽ വാഗ്ദത്ത ഭൂമിയെന്ന മതപരമായ പ്രയോഗം കൂടി നടത്താറുണ്ട്. നാഷൻ സ്റ്റേറ്റ് ലോ ഈ പ്രയോഗം നേരിട്ട് നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. പകരം സ്വയം നിർണയാവകാശം ജൂതർക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്തത്.

ഇന്ത്യയിൽ പൗരത്വത്തിന്റെ നിർവചനത്തിലേക്ക് ഇതാദ്യമായി മതം കടന്നു വരികയും പൗരത്വ പട്ടിക തയ്യാറാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ചിലരുടെ പൗരത്വം സംരക്ഷിക്കപ്പെടുകയും മറ്റു ചിലരുടേത് സംശയത്തിലാകുകയും ചെയ്യുകയാണല്ലോ ഉണ്ടായത്. ഇസ്റാഈലിലെ നിയമം ഇത് ഒട്ടും മറയില്ലാതെ ചെയ്യുന്നു. രാഷ്ട്രം എങ്ങനെയായിരിക്കണം, രാഷ്ട്രത്തിന്റെ മുൻഗണന എന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നവരിൽ ജൂതരല്ലാത്തവർക്ക് യാതൊരു പങ്കുമില്ലെന്ന് നിയമം പ്രഖ്യാപിക്കുന്നു. ജൂതരും അല്ലാത്തവരുമായി പൗരൻമാരെ കൃത്യമായി വിഭജിക്കുകയാണ് ഈ നിയമം. ജൂതരല്ലാത്ത മുഴുവൻ പേരെയും അത് രണ്ടാം കിട പൗരൻമാരാക്കി.

2. ഈ നിയമത്തിന്റെ മറ്റൊരു പ്രധാന വ്യവസ്ഥ ഹീബ്രു ഔദ്യോഗിക ഭാഷയായിരിക്കുമെന്നതാണ്. അറബി പ്രത്യേക പദവിയുള്ള ഭാഷയുമായിരിക്കും. 70 വർഷമായി ഹീബ്രുവും അറബിയും ഔദ്യോഗിക ഭാഷകളായിരുന്നു. സർക്കാർ വ്യവഹാരങ്ങളിൽ ഇരുഭാഷകളും ഉപയോഗിച്ചുവന്നു. ഈ നിയമത്തോടെ ആ പതിവ് അവസാനിച്ചു. ഒരു ദേശ രാഷ്ട്രം മഹത്തരമാകുന്നത് എല്ലാതരം ന്യൂനപക്ഷങ്ങളെയും ചേർത്ത് നിർത്തുമ്പോഴാണല്ലോ. ഹീബ്രുവിനെ ഔദ്യോഗിക ഭാഷയാക്കിയതു വഴി ആധുനിക രാഷ്ട്രമായിരിക്കാനുള്ള യോഗ്യത ഇസ്റാഈലിന് നഷ്ടമായി.
3. ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തെ നാഷൻ സ്റ്റേറ്റ് ലോ നിയമപരമാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ജൂത കുടിയേറ്റ സമുച്ചയങ്ങളുടെ നിർമാണം ദേശീയ മൂല്യം ഉയർത്തുമെന്നാണ് നിയമത്തിൽ പറയുന്നത്.
അറബികളുടെയോ ക്രിസ്ത്യാനികളുടെയോ പേരെടുത്ത് പറയാതെയാണ് നാഷൻ സ്റ്റേറ്റ് ലോ അവരെ പൗരാവകാശത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇന്ത്യയിലെ പൗരത്വ നിയമത്തിലും മുസ്്ലിം എന്നൊരു നാമമില്ല. അമിത് ഷായുടെ ക്രൊണോളജി പക്ഷേ എല്ലാം വ്യക്തമാക്കി. ആദ്യം സി എ എ, പിന്നെ എൻ പി ആർ, ഒടുവിൽ എൻ ആർ സി!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest