National
വനിതകൾക്ക് പ്രതിമാസം 2500 രൂപ; പദ്ധതിക്ക് അംഗീകാരം നൽകി ഡൽഹി സർക്കാർ
2.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക
ന്യൂഡൽഹി | അർഹരായ വനിതാ ഗുണഭോക്താക്കൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന മഹിള സമൃദ്ധി യോജന പദ്ധതിക്ക് ഡൽഹി മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിജെപി മഹിളാ മോർച്ച സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം നിറവേറ്റിയതായി രേഖഗുപ്ത പറഞ്ഞു. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതി നടപ്പിലാക്കാൻ ഈ സാമ്പത്തിക വർഷത്തേക്ക് ബജറ്റിൽ 5100 കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ ആശിഷ് സൂദ്, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടും. രജിസ്ട്രേഷനും പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ഒരു പോർട്ടൽ ഉടൻ ആരംഭിക്കുമെന്നും രേഖാ ഗുപ്ത പറഞ്ഞു.
2.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ഡൽഹിയിലെ പല കുടുംബങ്ങളും പദ്ധതിയുടെ പുറത്താകും. ഡൽഹിയിലെ ആളോഹരി വരുമാനം 4.61 ലക്ഷം രൂപയാണ്. കുടുംബത്തിലെ ഒരു സ്ത്രീക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുയുള്ളൂ.
വിവാഹിതരായ 21നും 60നും ഇടയിൽ പ്രായക്കാരായ സ്ത്രീകളാണ് പദ്ധതിയുടെ പരിധിയിൽ വരിക. 60 വയസ്സിന് മുകളിൽ പ്രായക്കാരായ സ്ത്രീകൾക്ക് വാർധക്യ പെൻഷൻ ലഭിക്കും. വിധവാ പെൻഷൻ, വാർധക്യ പെൻഷൻ, അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ പെൻഷൻ ഉള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.




