Connect with us

FIVE FIGHT 2022

മരുമകള്‍ ബി ജെ പി സ്ഥാനാര്‍ഥി; ഗോവയില്‍ മത്സരത്തില്‍ നിന്നും പിന്മാറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഏറ്റവും കൂടുതല്‍ കാലം ഗോവ മുഖ്യമന്ത്രിയായിരുന്ന വിശ്വജിത്ത് റാണെക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കാന്‍ ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു

Published

|

Last Updated

പനജി | പോരിം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് പ്രതാപ് സിംഗ് റാണെ ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും പിന്നോട്ട് പോയി. ഡിസംബറില്‍ തന്നെ ഇവിടെ റാണെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മരുമകളെ ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രായധിക്യം ചൂണ്ടിക്കാണിച്ചാണ് ഇദ്ദേഹം മത്സരത്തില്‍ നിന്നും പിന്മാറിയത്. കുടുംബത്തിനുള്ളിലെ സമ്മര്‍ദ്ദമല്ല പിന്മാറ്റത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

പോരിം മണ്ഡലത്തില്‍ നിന്നും റാണെ 11 തവണ എം എല്‍ എയായിട്ടുണ്ട്. ഇവിടെ റാണെയെ നേരിടാന്‍ ഇത്തവണ അദ്ദേഹത്തിന്റെ മകന്‍ വിശ്വജിത്ത് റാണെയെ ബി ജെ പി ഇറക്കിയേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ചയാണ് വിശ്വജിത്ത് റാണെയുടെ ഭാര്യ ദേവിയ വിശ്വജിത്ത് റാണെയെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ ബി ജെ പി തീരുമാനിച്ചത്.

ബി ജെ പി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയാണ് വിശ്വജിത്ത് റാണെ. ഏറ്റവും കൂടുതല്‍ കാലം ഗോവ മുഖ്യമന്ത്രിയായിരുന്ന വിശ്വജിത്ത് റാണെക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കാന്‍ ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രതാപ് റാണെ തന്നെ ഇത് പരസ്യമായി നിഷേധിച്ചിരുന്നു.

അതേസമയം, പോരിം മണ്ഡലത്തിലേക്ക് പ്രതാപ് റാണെക്ക് പകരക്കാരനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇവിടെ നിന്നും രണ്‍ജിത് റാണെയായിരിക്കും മത്സരിക്കുക.

Latest