Connect with us

book review

കരിനിഴൽ വീണ മനുഷ്യ മുഖങ്ങൾ

വലിയ വലിയ സ്വപ്നങ്ങൾ മനസ്സിൽ താലോലിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത് തന്നെ. ആ സ്വപ്നസാക്ഷാത്കാരത്തിന് വിലങ്ങ് തടിയായി അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗങ്ങൾ മൂലം ജീവിതത്തിൽ മാനസികമായും ശാരീരികമായും തളർന്ന് ഒറ്റപ്പെട്ട് പോയ പാവപ്പെട്ട ഒട്ടേറെ മനുഷ്യരുണ്ട്.

Published

|

Last Updated

ദീർഘമായ നെടുവീർപ്പുകളോടെയും അസഹ്യമായ മാനസിക പിരിമുറുക്കത്തോടെയുമാണ് “അബ്ദുല്ല മണിമ’യുടെ “മാലാഖമാരായിട്ടല്ല മനുഷ്യരായിട്ടു തന്നെ’ എന്ന പുസ്തകത്തിന്റെ ഓരോ പേജും വായിച്ചു തീർക്കാനാവുക. അരികുവത്കരിക്കപ്പെട്ട ജനസമൂഹത്തെ നെഞ്ചോടു ചേർത്തുവെച്ച് പരിചരണ കേന്ദ്രമായ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അനുഭവങ്ങളുമാണതിന്റെ കാതൽ. കുറഞ്ഞ കാലം കൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സാന്ത്വനത്തിന്റെ തൂവൽസ്പർശവുമായി അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും തലോടലിന്റെയും പ്രതിരൂപങ്ങളായാണ് പാലിയേറ്റീവ് പ്രസ്ഥാനങ്ങളുടെ ആഗമനം.

“ചിലപ്പോഴൊക്കെ സൗഖ്യം, പലപ്പോഴും ശമനം, എല്ലായ്‌പ്പോഴും പരിചരണവും സ്വാസ്ഥ്യവും ഇത് നൽകുക എന്നത് ചിരപുരാതനമായ വൈദ്യധർമ സങ്കൽപ്പമാണ്. രോഗിയെ തന്റെ കൂടെ ചേർത്തു പിടിച്ച് കൊണ്ട് പ്രശ്‌ന പരിഹാരങ്ങൾ അന്വേഷിക്കുക എന്നതാണ് പാലിയേറ്റീവ് കെയറിന്റെ തത്വം. തന്റെ സഹോദരന്റെ / സഹോദരിയുടെ വേദന തന്റെയും വേദനയാണെന്ന് തിരിച്ചറിയുന്നതിലൂടെയാണ് ഇത്തരം പ്രസ്ഥാനങ്ങൾ പിറവിയെടുക്കുന്നത്.

1948ൽ ലണ്ടനിലെ ഒരു ആശുപത്രിയിൽ മരണ ശയ്യയിൽ കിടന്നുകൊണ്ട് പോളിഷ് അഭയാർഥിയായ ഡേവിഡ് ടെസ്മ തന്നെ കാണാനെത്തിയ ആ സാമൂഹിക പ്രവർത്തകയോട് പറഞ്ഞു : “നിങ്ങളുടെ ഹൃദയത്തിലും മനസ്സിലുമുള്ളത് എനിക്ക് തരുക. സ്‌നേഹത്തിന്റെ തണലിൽ ഒരു മനുഷ്യനെന്ന നിലക്ക് അവകാശപ്പെട്ട പരിചരണം മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ’. ഈ വാക്കുകളാണ് ഓരോ രോഗിയുടെയും ഹൃദയാന്തരങ്ങളിൽ തുടികൊള്ളുന്നത്. രോഗമൂർച്ഛയിൽ വേദനകൊണ്ട് പുളയുമ്പോഴും തന്റെ സഹോദരന്റെ / സഹോദരിയുടെ തലോടലും സാന്ത്വന വാക്കുകളും പരിചരണവും കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. അവർക്കതൊരു ആശ്വാസമാണ് താനും.

വലിയ വലിയ സ്വപ്നങ്ങൾ മനസ്സിൽ താലോലിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത് തന്നെ. ആ സ്വപ്ന സാക്ഷാത്കാരത്തിന് വിലങ്ങ് തടിയായി അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗങ്ങൾ മൂലം ജീവിതത്തിൽ മാനസികമായും ശാരീരികമായും തളർന്ന് ഒറ്റപ്പെട്ട് പോയ പാവപ്പെട്ട ഒട്ടേറെ മനുഷ്യരുണ്ട്. നിത്യരോഗങ്ങൾ ശരീരത്തിൽ മാത്രമല്ല മനസ്സിലും ആത്മാവിലും സമൂഹത്തിലും മനുഷ്യനെ ഹനിച്ചു കളയുന്നുണ്ട്. ആൾക്കൂട്ടത്തിൽ അപരിചിതനും ഒറ്റപ്പെട്ടവനുമായിത്തീരുന്ന ആ മനുഷ്യന്റെ താങ്ങുകൾ സമൂഹത്തിൽ പുനഃപ്രതിഷ്ഠിക്കുകയും വൈദ്യവും സമൂഹവും തമ്മിൽ വിഘടിച്ചുപോയ പാലങ്ങൾ പണിയുകയും ചെയ്യുക എന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് ഓരോ പാലിയേറ്റീവ് ശുശ്രൂഷകനും നിർവഹിക്കാനുണ്ടാവുക.

പാലിയേറ്റീവ് പരിചരണം പ്രാഥമികാരോഗ്യ പരിചരണ പദ്ധതിയുടെ ഭാഗമാക്കി വികസിപ്പിച്ചെടുക്കുക എന്ന ദൗത്യമാണ് കേരളത്തിൽ സജീവമായ പാലിയേറ്റീവ് പരിചരണ യൂനിറ്റുകൾ നിർവഹിക്കുന്നത്. വേദനക്കും മറ്റ് രോഗ ലക്ഷണങ്ങൾക്കും ശമനം നൽകുക, രോഗികളെയും ബന്ധുക്കളെയും മാനസികമായും സാമൂഹികമായും പുനരധിവസിപ്പിക്കുക, വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവരെയും പൊതുസമൂഹത്തെയും പാലിയേറ്റീവ് ശുശ്രൂഷയെ കുറിച്ച് ബോധവത്കരിക്കുക, അവശ്യ മരുന്നുകളുടെയും ആഹാരത്തിന്റെയും ലഭ്യത ഉറപ്പുവരുത്തുക തുടങ്ങി ബഹുമുഖമായൊരു സമീപനമാണ് ഈ പരിചരണത്തിൽ അനുവർത്തിക്കുന്നത്.

കൗമാരത്തിന്റെ കൗതുകങ്ങൾ കണ്ടുതീരും മുമ്പ് നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടവർ, അരക്കു കീഴെ തന്നെ അനുസരിക്കാത്ത ശരീരവുമായി മല്ലിടുന്നവർ, അർബുദം, എയ്ഡ്‌സ്, ക്യാന്‍സർ, ഹൃദയ ശ്വാസ രോഗങ്ങൾ, നാഡീ രോഗങ്ങൾ, തളർവാതം തുടങ്ങിയ രോഗങ്ങളാലാണ് പാലിയേറ്റീവ് കെയറിനെ സമീപിക്കുന്നത്. വരാന്ത ഒപികളായി തുടങ്ങിയ പാലിയേറ്റീവ് ക്ലിനിക്കുകൾ പിന്നീട് ഗൃഹസന്ദർശനങ്ങളും ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ കുടുംബത്തിലെ ശുശ്രൂഷകന്മാരെ അത്യാവശ്യമായ പരിചരണം പഠിപ്പിക്കുക എന്നതിലാണ് ശ്രദ്ധ ഊന്നിയത്.
അനുഭവങ്ങളാണ് നമ്മെ പുതിയ അധ്യായങ്ങൾ പഠിപ്പിക്കുന്നത്. അധ്യായങ്ങൾ പുതിയ പാഠങ്ങളും. ഒട്ടനവധി അനുഭവങ്ങളിലൂടെ സമൂഹത്തിൽ പാലിയേറ്റീവ് കെയറുകൾക്കുള്ള പ്രസക്തിയെയും സമൂഹത്തിന് പാലിയേറ്റീവുകളോടുള്ള ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. സാന്ത്വന പ്രവർത്തനങ്ങളിൽ മഹല്ലുകളുടെ കാര്യക്ഷമതയെക്കുറിച്ചാണ് അവസാന ഭാഗങ്ങളിൽ പ്രതിപാദിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, രോഗ ചികിത്സ, സുരക്ഷ തുടങ്ങിയ ആവശ്യങ്ങളൊക്കെ നിറവേറ്റുന്നതിന് മഹല്ല് വരുമാന സ്രോതസ്സുകൾ കണ്ടെത്തണം.

നിത്യരോഗികൾക്കും ശേഷികെട്ട് വീട്ടിലോ കിടക്കയിലോ കിടക്കുന്നവർക്കും പ്രത്യേക സേവന സഹായം, മരുന്നുകൾ , ഗൃഹകേന്ദ്രീകൃത പരിചരണ സൗകര്യങ്ങൾ, ബന്ധുക്കൾക്ക് രോഗിയുടെ പരിചരണത്തിന് പ്രത്യേക പരിശീലനം, ആഹാരം തേടിപ്പോകുന്നവർക്കോ തൊട്ടടുത്ത ആശ്രിതർക്കോ രോഗം ബാധിക്കുന്ന ഘട്ടത്തിൽ അവർക്ക് ഭക്ഷണം, ഗൃഹനാഥന്റെ രോഗം കാരണം പഠനം മുടങ്ങിപ്പോയ കുട്ടികളുടെ തുടർപഠനം, രോഗ കാരണം പതിവ് പോലെ ജോലിക്ക് പോകാന്‍ സാധിക്കാത്തവർക്ക് തൊഴിൽ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കും പ്രത്യേകം സംവിധാനങ്ങൾ മഹല്ല് ഒരുക്കേണ്ടതുണ്ട്.

ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ചതാണല്ലോ മറ്റുള്ളവർക്ക് സാന്ത്വന സ്പർശമേകുക എന്നത്. സഹജീവികളോട് സ്‌നേഹത്തിലും കരുണയിലും വർത്തിക്കാന്‍ നമുക്ക് കഴിയണം. തീർച്ചയായും ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട പുസ്തകം. 180ഓളം പേജുള്ള പുസ്തകം പുറത്തിറക്കിയത് ഐ പി ബി ബുക്‌സ് ആണ്. 140 രൂപയാണ് വില.

 

Latest