Kerala
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി: അടുത്ത രണ്ടുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് എറണാകുളം ,തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
![](https://assets.sirajlive.com/2024/05/rain-897x538.jpg)
തിരുവനന്തപുരം | തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് . അടുത്ത അഞ്ചുദിവസങ്ങളില്‍ ഇടി- മിന്നല്‍, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗംവരെയുള്ള കാറ്റ് എന്നിവയോടുകൂടിയ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായുമാണ് ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. അതിശക്തമായ മഴയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.