Connect with us

Ongoing News

അമേരിക്ക-അയര്‍ലന്‍ഡ് മത്സരം നിര്‍ണായകം; പ്രതികൂല കാലാവസ്ഥ പാക്കിസ്ഥാന്റെ സൂപ്പര്‍ എട്ട് മോഹങ്ങള്‍ തകര്‍ത്തേക്കും

അമേരിക്ക-അയര്‍ലന്‍ഡ് മത്സരം ഫ്‌ളോറിഡയില്‍ ഇന്നും കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ചുവന്ന ജാഗ്രത.

Published

|

Last Updated

ഫ്‌ളോറിഡ | ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ സൂപ്പര്‍ 8 മോഹങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായേക്കും. ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം പാക്കിസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. മത്സരം നടക്കേണ്ട ഫ്‌ളോറിഡയില്‍ ഇന്നും കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ചുവന്ന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്യുകയും മിന്നല്‍ പ്രളയമുണ്ടാവുകയും ചെയ്തതോടെ ഫ്‌ളോറിഡ ഗവര്‍ണര്‍ ബുധനാഴ്ച പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

പ്രദേശിക സമം രാവിലെ 10.30നും ഇന്ത്യന്‍ സമയം രാത്രി എട്ടിനുമാണ് അമേരിക്ക-അയര്‍ലന്‍ഡ് മത്സരം നടക്കേണ്ടത്. ഈ സമയത്ത് ഫ്‌ളോറിഡയില്‍ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇതോടെ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയേറി.

പാക്കിസ്ഥാന്‍, ഇന്ത്യ, അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ എന്നിവയുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിട്ടുണ്ട്. തങ്ങളുടെ മൂന്നാമത്തെ അങ്കത്തില്‍ അമേരിക്കയെ തോല്‍പിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നത്.

സൂപ്പര്‍ എട്ടിലേക്കുള്ള രണ്ടാമത്തെ ടീം ഏതാണെന്ന് നിശ്ചയിക്കുന്നതില്‍ ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം പാക്കിസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് അമേരിക്കയെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ തങ്ങള്‍ക്ക് അയര്‍ലന്‍ഡിനെ തോല്‍പ്പിക്കാനും സാധിച്ചാല്‍ മാത്രമെ പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ട് പ്രവേശനം ഉറപ്പിക്കാനാകൂ.

ഇന്ത്യക്ക് നിലവില്‍ ആറ് പോയിന്റും രണ്ടാമതുള്ള അമേരിക്കക്ക് നാലു പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന് രണ്ട് പോയിന്റ് മാത്രമാണുള്ളത്.

ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയിന്റ് പങ്കിടും. ഇതോടെ അമേരിക്ക അഞ്ച് പോയിന്റുമായി സൂപ്പര്‍ എട്ടിലേക്ക് പ്രവേശനം നേടും. പാക്കിസ്ഥാന്‍ പുറത്താവുകയും ചെയ്യും.

 

Latest