Connect with us

From the print

നിർണായകമായി പി ബി ഇടപെടൽ; യുവനിര പാര്‍ട്ടി നേതൃനിരയിലേക്ക്

. ഇന്നലെ ചേർക്കപ്പെട്ട കൊല്ലം ജില്ലയിലെ സൂസൻ കോടിയടക്കം 91 പേരും സ്ഥിരം ക്ഷണിതാക്കളായി നിശ്ചയിച്ച ഒമ്പത് പേരും കൂടി ചേരുമ്പോൾ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം 100 ആയി മാറും

Published

|

Last Updated

കോഴിക്കോട് | പാർട്ടിയുടെ ചരിത്രത്തിൽ തന്നെ അപൂർവമായ വിശാല സംസ്ഥാന കമ്മിറ്റിക്ക് പരിസമാപ്തിയാകുമ്പോൾ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 17 അംഗ സെക്രട്ടേറിയറ്റിനെ 18 ആക്കിയാണ് ഉയർത്തിയത്. ടി പി രാമകൃഷ്ണനും തോമസ് ഐസകും സെക്രട്ടേറിയറ്റിൽ നിന്ന് സ്വയം ഒഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിശദീകരണം. ഇതിനുപകരമായി പി ജയരാജനും എം ബി രാജേഷും വി ശിവൻകുട്ടിയും സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടു.
കൂടാതെ, സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണവും വർധിച്ചു. ക്ഷണിതാവായ വീണാജോർജ് അടക്കം നിലവിൽ 90 പേരായിരുന്നു സംസ്ഥാന സമിതിയിലുണ്ടായിരുന്നത്. ഇന്നലെ ചേർക്കപ്പെട്ട കൊല്ലം ജില്ലയിലെ സൂസൻ കോടിയടക്കം 91 പേരും സ്ഥിരം ക്ഷണിതാക്കളായി നിശ്ചയിച്ച ഒമ്പത് പേരും കൂടി ചേരുമ്പോൾ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം 100 ആയി മാറും.
യുവനിര പാർട്ടി നേതൃനിരയിൽ സജീവമാകുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ജന്തർ മന്തർ കേന്ദ്രീകരിച്ച് നടന്ന സി ജെ പി സമരവും യുവജനതയെ കൂടുതൽ ഉൾക്കൊള്ളേണ്ടതിന്റെ ബോധ്യവും പുതിയ തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചുവെന്നാണ് വിലയിരുത്തൽ.

സംസ്ഥാന സമിതിയിലേക്ക് കണ്ണൂരിൽ നിന്ന് എൻ സുകന്യ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലും ചില രാഷ്ട്രീയമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ എൻ സുകന്യയുടെ പേരായിരുന്നു നിർദേശിക്കപ്പെട്ടത്. എന്നാൽ, എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയും അവർ മത്സരിക്കുകയുമായിരുന്നു. ഈ തരത്തിലുണ്ടായ അകൽച്ച കൂടിയാണ് പുതിയ തീരുമാനത്തോടെ പരിഹരിക്കപ്പെടുന്നത്.

മുൻ മന്ത്രി കെ കെ ശൈലജയെ തഴയുന്നുവെന്ന ആരോപണവും വ്യാപകമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ മത്സരിക്കാനായിരുന്നു ശൈലജക്ക് താത്പര്യമെങ്കിലും യു ഡി എഫിന്റെ ഉരുക്കുകോട്ടയായ പേരാവൂരിലേക്ക് മാറ്റുകയും അവർ പരാജയപ്പെടുകയുമായിരുന്നു. പേരാവൂർ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് പാർട്ടി വിശദീകരിച്ചുവെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും ഇത് സ്വീകാര്യമായില്ല. ഈ വിടവ് നികത്തുന്ന ഇടപെടലുകളാണ് ഇന്നലെ നടന്നത്. കടപ്പുറത്ത് നടന്ന ബഹുജന റാലിയിൽ വളരെ കുറച്ച് നേതാക്കൾ മാത്രമാണ് പ്രസംഗിച്ചത്. ഇതിൽ ഒരാൾ കെ കെ ശൈലജയായിരുന്നു.
പാർട്ടി തിരുത്തുമെന്ന് ആവർത്തിക്കുകയാണ് നേതാക്കൾ. സംസ്ഥാന സമിതിയോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനങ്ങൾക്ക് പുറമെ ഇന്നലെ കടപ്പുറത്ത് നടന്ന ബഹുജനറാലിയിലും ഈ തിരുത്തൽ പ്രഖ്യാപനമുണ്ടായി. സഹകരണ ബേങ്കുകളിൽ സ്വാധീനം ഉപയോഗിച്ച് ലോൺ തിരിച്ചടയ്ക്കാത്ത പാർട്ടി നേതാക്കൾക്കെതിരെയടക്കം നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നടിച്ചു. പാർട്ടിയുടെ ഉന്നത നേതൃത്വങ്ങളുടെ സ്വത്തുവിവരങ്ങളടക്കം പരിശോധനക്ക് വിധേയമാക്കുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള പി ബിയുടെ ശക്തമായ ഇടപെടലാണ് സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെ ഇത്തരത്തിൽ തിരുത്തലിന് വിധേയമാക്കിയതെന്നത് ശ്രദ്ധേയമാണ്. പാർട്ടി നേതൃതലങ്ങളിൽ നിന്ന് പലപ്പോഴും തഴയപ്പെട്ട പി ജയരാജനെയടക്കം സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനുള്ള ശക്തമായ നിർദേശവും പി ബി തന്നെയാണ് നൽകിയത്.

Content Highlights: The CPM Kerala State Committee expanded its Secretariat to 18 members, including P Jayarajan, MB Rajesh, and V Sivankutty. Politburo intervention led to key organizational shifts and youth representation. State Secretary MV Govindan announced strict actions against internal corruption.

---- facebook comment plugin here -----

Latest