Connect with us

National

വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയെന്ന്; സി പി ഐ നേതാവ് ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

അന്തിമ പട്ടികയില്‍ പേരുണ്ടാകണമെങ്കില്‍ 1987ന് മുമ്പുള്ള രേഖകളുമായി നാളെ ഹാജരാകണമെന്ന് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് സി പി ഐ നേതാവ് ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡല്‍ഹിയിലെ എസ് ഐ ആര്‍ (വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികളുടെ ഭാഗമായാണ് നടപടി. അന്തിമ പട്ടികയില്‍ പേരുണ്ടാകണമെങ്കില്‍ 1987ന് മുമ്പുള്ള രേഖകളുമായി നാളെ ഹാജരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആനി എന്ന പേരിനൊപ്പമുള്ള ‘രാജ’യിലാണ് അവ്യക്തത. 1990ല്‍ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായുള്ള വിവാഹത്തിന് ശേഷമാണ് ആനി രാജ എന്ന പേരിലേക്ക് മാറ്റിയത്. ആനി രാജയും ഭര്‍ത്താവ് ഡി രാജയും ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍മാരാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന തനിക്കാണ് ഇപ്പോള്‍ വോട്ടവകാശം നിഷേധിക്കുന്നതെന്ന് ആനി രാജ പ്രതികരിച്ചു. തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് അവര്‍ പറഞ്ഞു. വയനാട്ടില്‍ മത്സരിച്ചപ്പോള്‍ താന്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കാനുള്ള ബൂത്ത് നമ്പറും ഇലക്ടറല്‍ നമ്പരും സഹിതമുള്ള രേഖ സമര്‍പ്പിച്ചെങ്കിലും ഇത് സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

1987 ജൂലൈ ഒന്നിന് മുമ്പുള്ള മതിയായ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചത്. 1991-ല്‍ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-നു മുമ്പ് എങ്ങനെ ‘രാജ’ എന്നുചേര്‍ത്ത് രേഖ ഉണ്ടാകുമെന്നാണ് ആനി രാജയുടെ ചോദ്യം.

ഡല്‍ഹിയില്‍ എസ് ഐ ആര്‍ പ്രക്രിയ ആരംഭിക്കുന്നതിന് പതിനാറ് മാസം മുമ്പ് തന്നെ 11 ലക്ഷത്തോളം വോട്ടര്‍മാരെ ഒഴിവാക്കിയിരുന്നു. വര്‍ഷങ്ങളായി താമസിക്കുന്നവരുടെ പേരുകളും വെട്ടിയ പട്ടികയിലുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം അറിഞ്ഞില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കല്‍, മാപ്പിംഗ് വേളയില്‍ സംഭവിച്ച സാങ്കേതിക പിഴവുകള്‍ തുടങ്ങിയവയാകാം ഇതിനു കാരണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Content Highlights: The Election Commission issued a notice to CPI leader Annie Raja regarding name ambiguity in the voter list during the Delhi revision process. She has been directed to submit relevant documents to verify her details on the electoral roll. Annie Raja addressed the notice as part of ongoing voter roll verification procedures.

 

---- facebook comment plugin here -----

Latest