CPM CPI CONFLICT
സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകില്ല: സി പി ഐക്ക് കോടിയേരിയുടെ മറുപടി
ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസ്; നിലപാട് ആവര്‍ത്തിച്ച് സി പി ഐ
കണ്ണൂര്‍ | ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രസക്തിയില്‍ തങ്ങള്‍ക്കുള്ള വിത്യസ്ത അഭിപ്രായം തുറന്ന് പറഞ്ഞ് സി പി എമ്മും സി പി ഐയും. ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന തരത്തില്‍ അഭിപ്രായം വ്യക്തമാക്കിയ സി പി ഐ നേതാക്കള്‍ക്ക് മറുപടി നല്‍കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. കോണ്‍ഗ്രസ് നയങ്ങളാണ് ബി ജെ പിയെ അധികാരത്തിലെത്തിച്ചതെന്നും സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ മറുപടി. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയം ബി ജെ പി ഉപയോഗപ്പെടുത്തുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് സി പി ഐ മുഖപത്രം ജനയുഗം പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലിമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് ജനയുഗം പറയുന്നു.
നേരത്തെ എറണാകുളം ഡി സി സിയില്‍ നടന്ന പി ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഇല്ലാതായാല്‍ ആ ശൂന്യതയില്‍ ആര്‍ എസ് എസും ബി ജെ പിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കോണ്‍ഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാര്‍ട്ടി തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.







