Kerala
ജോസ് കെ മാണിക്കെതിരെ സീറ്റിനു കോഴ ആരോപണം ഉന്നയിച്ച മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തോല്‍വി സമ്മതിച്ച കാപ്പന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിച്ചു
കോട്ടയം | സീറ്റിന് കോഴ നല്‍കിയെന്നു ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച മാണി സി കാപ്പനെതിരെ കേരള കോണ്‍ഗ്രസ് എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തോല്‍വി സമ്മതിച്ച കാപ്പന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും നോമിനേഷനും പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യു ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ എന്ന് ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മത്യു പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് മനപ്പൂര്‍വമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു.
കഴിഞ്ഞ ഏഴുവര്‍ഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പന്‍ യഥാര്‍ഥത്തില്‍ വോട്ടര്‍മാരെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമനിര്‍മ്മാണ സഭയിലെ അംഗമെന്ന നിലയിലുള്ള പൂര്‍ണ്ണ പരാജയവും പാല നിയോജകമണ്ഡലത്തിലെ വികസനത്തെ പിന്നോട്ടടിച്ചതിലും ജനവിധി എതിരാണെന്ന് മനസ്സിലാക്കി ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരെ കള്ള പ്രചരണം നടത്തുകയാണ്. പാലായിലെ പ്രബുദ്ധരായ വോട്ടര്‍മാരെ പറഞ്ഞു പറ്റിക്കാം എന്ന അദ്ദേഹത്തിന്റെ വ്യാമോഹം വിലപ്പോവുകയില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.
സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്നാണ് മാണി സി കാപ്പന്‍ ആരോപിച്ചിരുന്നത്. പിറവം അടക്കം സീറ്റുകള്‍ക്കായി ഒമ്പതുകോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാശത്തില്‍ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നുമായിരുന്നു ആരോപണം. കൊട്ടിക്കലാശമായിരുന്നില്ല ഇന്നലെ നടന്നതെന്നും കള്ള് കളിയായിരുന്നുവെന്നും മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു. നാളെ കേരളം വിധിയെഴുതാനിരിക്കെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് മാണി സി കാപ്പനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.



