Connect with us

Kerala

സീതത്തോട് സഹകരണ ബേങ്ക് ക്രമക്കേട്: തട്ടിപ്പ് നടത്തിയത് സെക്രട്ടറി ഒറ്റക്കാണെന്ന സിപിഎം വാദം പൊളിയുന്നു

ബേങ്ക് ഭരണസമിതി അംഗത്തിന്റെ പേരില്‍ എടുക്കുന്ന വായ്പകളില്‍ കുടിശിക വരുത്തിയാല്‍ തല്‍സ്ഥാനത്ത് നിന്നും അയോഗ്യനാവുമെന്ന സഹകരണ ചട്ടം 44 ന്റെ ലംഘനങ്ങളും ബേങ്കില്‍ നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട സീതത്തോട് സര്‍വീസ് സഹകരണ ബേങ്കില്‍ പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്റെ വാദങ്ങള്‍ പൊളിയുന്നു. കൂടുതല്‍ സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള രേഖകള്‍ പുറത്ത് വന്നു. അതേസമയം തട്ടിപ്പ് മറച്ചുവെക്കാന്‍ ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി

സീതത്തോട് സര്‍വീസ് സഹകരണ ബേങ്കില്‍ 2019 മാര്‍ച്ച് മാസത്തില്‍ ജില്ലാ സഹകരണ ബേങ്ക് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി എരിയ കമ്മിറ്റി അംഗത്തിന്റെയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും ഇടപാടുകള്‍ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍. വായ്പക്കും സ്വര്‍ണ പണയത്തിനും പുറമെ വളം നല്‍കിയതിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

2017-2018 കാലത്തെ കൃഷി ഭവന്‍ അഡ്വാന്‍സിലൂടെ 15,68,835 രൂപയുടെ നഷ്ടം സംഭവിച്ചു. ഇതില്‍ 75,000 രൂപ ബാങ്ക് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ടി എ നിവാസിന്റെ പേരിലുള്ള എസ്ബി 7300 എന്ന അക്കൗണ്ടിലേക്ക് മാറ്റി. ആങ്ങമൂഴി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബേങ്കിലെ സെക്രറി സ്ഥാനത്ത് വിരമിച്ചതുമായ കെഎന്‍ സുഭാഷിന്റെ ഭാര്യ ഷീലാ സുഭാഷിന്റെയും സഹോദരന്‍ കെഎന്‍ പ്രദീപിന്റെയും പേരില്‍ സ്വര്‍ണപണയത്തിന് മേലുള്ള വായ്പകളിലും ക്രമക്കേടുകള്‍ നടന്നു.

സ്വര്‍ണ ഉരുപ്പടിയുടെ മൂല്യത്തെക്കാള്‍ അധികരിച്ച തുകയാണ് വായ്പ ഇനത്തില്‍ നല്‍കിയിരിക്കുന്നത്. ബേങ്കില്‍ സഹകരണ ചട്ടം 65 പ്രകാരം ജോയ്ന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പുറത്താക്കപ്പെട്ട സെക്രട്ടറിയായിരുന്ന കെയു ജോസ് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.

എന്നാല്‍ ഇതേ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമായ പി ആര്‍ പ്രമേദിന്റെ പേരിലുള്ള എസ്ബി നമ്പര്‍ 3351 എന്ന അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ മാറ്റിയെന്ന കണ്ടെത്തലുമുണ്ട്. റിപ്പോര്‍ട്ടുകളില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ വൈകിപ്പിക്കുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബേങ്ക് ഭരണസമിതി അംഗത്തിന്റെ പേരില്‍ എടുക്കുന്ന വായ്പകളില്‍ കുടിശിക വരുത്തിയാല്‍ തല്‍സ്ഥാനത്ത് നിന്നും അയോഗ്യനാവുമെന്ന സഹകരണ ചട്ടം 44 ന്റെ ലംഘനങ്ങളും ബേങ്കില്‍ നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വര്‍ഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സര്‍വീസ് സഹകരണ ബേങ്ക് ഭരിക്കുന്നത്. നിക്ഷേപത്തില്‍ നിന്ന് ലോണ്‍ എടുക്കുക, വായപ്പക്കാര്‍ അറിയാതെ ഈട് നല്‍കിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃത്രിമ രേഖകളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവയാണ് ബേങ്കിനെതിരായ ആക്ഷേപങ്ങള്‍. നിക്ഷേപകര്‍ പണം തിരികെ ചോദിക്കുമ്പോള്‍ ബേങ്കിലെ അടിയന്തര അവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സസ്‌പെണ്ട് അക്കൗണ്ടില്‍ നിന്ന് പണം മറിച്ച് നല്‍കിയതിന്റെ രസീതുകളും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.

 

Latest