Kerala
ചേരാനല്ലൂര്‍ വാഹനാപകടം: എസ് ഐ സസ്പെന്ഷനിലായതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണു മരിച്ചു
സസ്പെന്‍ഷനിലായ എസ് ഐ കെ ടി മനോജിന്റെ അമ്മ സരസു തേവന് (71) ആണ് മരിച്ചത്
ഏലൂര്‍ | ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പ്രതിയായ ജഡ്ജിയുടെ മകന് അനുകൂലമായി നടപടി സ്വീകരിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ എസ് ഐ യുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂരില്‍ 17കാരന് ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എസ് ഐ കെ ടി മനോജിന്റെ അമ്മ സരസു തേവന് (71) ആണ് മകന്റെ സസ്പെന്ഷന് വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ മരിച്ചത്.
കുറ്റിക്കാട്ടുകര ജനാര്ദനപ്പണിക്കര് റോഡ് കുരീക്കാട്ടുപറമ്പില് മകള്‍ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങി.
ബിനാനിപുരം പോലീസ് സ്റ്റേഷന് വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്. മരുമക്കള്‍: സനല്‍കുമാര്‍, സുമ.
Content Highlights: Sarasu Thevan, the 71-year-old mother of suspended Cheranalloor SI KT Manoj, passed away after suffering a heart attack. She collapsed after learning about her son’s suspension over delays in filing a case against a minor involved in a fatal luxury car crash. She had recently undergone angioplasty.




