Connect with us

അതിഥി വായന

ചെങ്കൽചൂളയിൽ നിന്നൊരു ചെന്താരകം

പുസ്തകം ധനുജകുമാരിയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളാണെങ്കിലും അതിന് എഴുത്തിന്റെ ഭാഷ്യം നൽകിയിരിക്കുന്നത് വിജില എന്ന എഴുത്തുകാരിയാണ്.

Published

|

Last Updated

ജീവിച്ചുതീർക്കൽ ചിലരെ സംബന്ധിച്ചിടത്തോളം നിരന്തരമായ സമരപാതകൾ കൂടിയാകും. പ്രത്യേകിച്ച് അത് പാർശ്വവത്കൃത ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിൽ നിന്നാകുമ്പോൾ ജീവിതത്തിന്റെ പാതയിൽ പച്ചപ്പരവതാനിയാകില്ല അവിടെ വിരിച്ചിരിക്കുക, മറിച്ച് ദുരിതപർവങ്ങളുടെ പൊള്ളുന്ന കനൽവഴികൾ താണ്ടി വേണ്ടിവരും അവർക്ക് മുന്നോട്ടു പോകാൻ. അത്തരത്തിൽ പ്രതികൂലാവസ്ഥകളെ നിശ്ചയദാർഢ്യത്തോടെ പ്രതിരോധിച്ച് തന്റെ രാഷ്ട്രീയബോധം കൊണ്ടുകൂടി മുന്നോട്ടു പോയ ഒരു സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് ധനുജകുമാരി എസിന്റെ “ചെങ്കൽ ചൂളയിലെ എന്റെ ജീവിതം’.
പുസ്തകം ധനുജകുമാരിയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളാണെങ്കിലും അതിന് എഴുത്തിന്റെ ഭാഷ്യം നൽകിയിരിക്കുന്നത് വിജില എന്ന എഴുത്തുകാരിയാണ്.

ധനുജ രണ്ടാമത് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആ കൊച്ചിനെ നോക്കി വളർത്താൻ കഴിയില്ലെന്ന തിരിച്ചറിവിൽ അവർ അബോർഷനു വേണ്ടി ഒരു ഡോക്ടറെ സമീപിക്കുന്നു. “ഫീസൊന്നും വേണ്ട പക്ഷേ മരുന്നിന് 100 രൂപ വേണ്ടിവരും.’ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അന്ന് ആ നൂറ് രൂപ ഉണ്ടാക്കാൻ കഴിയാത്തതിനാൽ ഇളയമകനുണ്ടായി എന്ന് ധനുജ പറയുന്നേടത്ത് അവരനുഭവിച്ച ദാരിദ്ര്യത്തിന്റെ കാഠിന്യം വായനക്കാരിലെത്തും.

ചെണ്ട കലാകാരനായിരുന്ന ഭർത്താവിന്റെ അമിത മദ്യപാനംമൂലം വീട്ടിലെ ജീവിതം നരകതുല്യമായി ഭവിച്ചതിന്റെ പ്രതിഫലനം പുസ്തകത്തിൽ നൊമ്പരങ്ങളുടെ വേലിയേറ്റമായി പലയിടത്തും അനുഭവപ്പെടുന്നു.
“ഞാൻ പ്രസവിച്ചതറിഞ്ഞ് അമ്മയും അമ്മൂമ്മയും വന്നു. കൊച്ചിന്റെ നൂല് കെട്ടിന്റെയന്ന് ഭർത്താവ് കുടിച്ചുവന്നു. അന്ന് പപ്പക്ക് പണിയുണ്ടായിരുന്നില്ല. പപ്പയുടെ കൈയിലെ വാച്ച് പണയം വെച്ചാണ് അന്ന് പത്ത് മുട്ടയും സവാളയും മറ്റു സാധനങ്ങളും വാങ്ങിയത്’ എന്നു പറയുമ്പോൾ ചെങ്കൽചൂളയിൽ അവർ കുടിച്ച കണ്ണീരിന്റെ നനവ് വായനക്കാരുടെയും ഉള്ള് ഉലയ്ക്കുമെന്നുറപ്പ്.

നാണക്കേടും ദാരിദ്ര്യവും ഭർത്താവിന്റെ കരുതലില്ലായ്മയും കൂടിയായപ്പോൾ തങ്ങളെ സഹായിക്കാൻ ആരും മുന്നോട്ടുവരില്ല എന്ന തിരിച്ചറിവ് ധനുജക്ക് മുന്നോട്ടു പോകാൻ ധൈര്യം സംഭരിക്കൽ നിർബന്ധിതാവസ്ഥയായി മാറി. ശരിക്കും ആ തന്റേടമാണ് പിന്നീട് കരുത്തായതും ഒരു തന്റേടിയുടെ പരിവേഷം ചെങ്കൽചൂളയിൽ തനിക്ക് ലഭിച്ചതെന്നും തനൂജ പറയുമ്പോൾ അത് ഇന്നത്തെ കാലത്ത് ദുരിതമനുഭവിച്ച് ജീവിക്കുന്ന സ്ത്രീകൾക്ക് കരുത്തിന്റെ പ്രതിരോധസന്ദേശം കൂടിയായി മാറുന്നു. ഭർത്താവായ ചെണ്ടകൊട്ടുകാരനായ കലാകാരനെ ഗിന്നസ് ബുക്കിൽ കയറ്റാൻ 48 മണിക്കൂർ നിറുത്താതെ ചെണ്ടകൊട്ടിച്ചു.

മകൻ നിധീഷിനെ കലാമണ്ഡലത്തിലേക്ക് പഠിക്കാൻ വിട്ടിട്ട് അവൻ കറുത്ത നിറക്കാരനും ജാതിയിൽ താഴ്ന്നവനും ആയതിനാൽ അധികൃതരിൽ നിന്നേൽക്കേണ്ടിവന്ന അധിക്ഷേപങ്ങളും മർദനങ്ങളും… ധനുജ വിവരിക്കുമ്പോൾ അത് മലയാളിയുടെ പുരോഗമന നാട്യത്തിനേറ്റ പ്രഹരമായി കരുതണം. അതേസമയം, സമൂഹത്തിൽ നിന്ന് അവഗണനയും അവഹേളനവും ജാത്യാധിക്ഷേപത്തിന്റെ ഭാഗമായി മക്കൾക്ക് മർദനമേൽക്കേണ്ടിയും വന്നിട്ടുണ്ട്. മക്കൾക്കു കിട്ടിയ ട്രോഫികളിൽനിന്ന് ഇരുപതെണ്ണം എടുത്ത് 400 രൂപക്ക് തുക്കി വിറ്റ് ഒരു ദിവസത്തെ ചെലവിന് മാർഗം കണ്ടെത്തിയത്, ഒടുവിൽ മക്കൾ വളർന്ന് വലിയ കലാകാരന്മാരായപ്പോൾ അവരുടെ വരുമാനം കൊണ്ട് ധനുജ ജീവിതം തിരിച്ചു പിടിച്ചത്, കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ഭർത്താവിനെ ഉത്തരവാദിത്വമുള്ള കുടുംബനാഥനാക്കി മാറ്റിയത്, ചെങ്കൽചൂളയിൽ നിന്നുള്ള ആദ്യ എഴുത്തുകാരിയായി ധനുജ രൂപപ്പെട്ടതുമെല്ലാം പുസ്തകത്തിൽ അധ്യായങ്ങളാകുന്നു. സംഭവബഹുലമായ ഒരു പോരാട്ടമായി മാറിയ ധനുജയുടെ അനുഭവ കഥ പറയുന്ന 136 പേജുള്ള ഈ പുസ്തകും അതിജീവനത്തിന്റെ കരുത്തുറ്റ സന്ദേശം നൽകുന്നതാകുന്നു. പ്രസാധനം ചിന്ത പബ്ലിഷേഴ്സ്. വില 230 രൂപ.

Content Highlights:
The book Chenkalchoolayile Ente Jeevitham by Dhanujakumari S narrates the intensely poignant and inspiring real life struggle of a woman living in a marginalized colony in Thiruvananthapuram. Penned by writer Vijila based on Dhanujakumari’s experiences, the autobiography vividly describes her battles against severe poverty, domestic challenges, and caste based discrimination faced by her children. Published by Chintha Publishers, this 136-page book serves as a powerful testament to human resilience and ultimate survival against all odds.

 

Latest