Connect with us

articles

മുഖം മിനുക്കാന്‍ നേതൃമാറ്റം

സംസ്ഥാനത്തെ പത്ത് ലോക്സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി തനിച്ചു മത്സരിക്കും എന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത്. ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുഖ്യമന്ത്രിയുടെ രാജിയിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്ന് മാത്രമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബി ജെ പിയും സഖ്യ കക്ഷിയായ ജെ ജെ പിയും നല്ല ബന്ധത്തിലല്ല. മാസങ്ങള്‍ക്കു മുമ്പ് നൂഹില്‍ മുസ്ലിംകള്‍ക്ക് നേരേ കലാപം അഴിച്ചുവിട്ട ബി ജെ പിക്കെതിരെ ജെ ജെ പിയുടെ മന്ത്രിമാര്‍ പരസ്യ വിമര്‍ശനം നടത്തിയിരുന്നു.

Published

|

Last Updated

ഹരിയാനയിലെ നേതൃമാറ്റം മുന്നണിയിലെ രണ്ട് കക്ഷികള്‍ തമ്മിലുള്ള തര്‍ക്കമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും വര്‍ഷാവസാനം നിയമസഭയിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കാനുള്ള കാവി രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിത്. മനോഹര്‍ലാല്‍ ഖട്ടറുടെ രാജിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ നായബ് സിംഗ് സൈനി അധികാരമേറ്റ് പിറ്റേ ദിവസം നിയമസഭയില്‍ വിശ്വാസവോട്ട് നേടുകയുണ്ടായി. 90 അംഗ നിയമസഭയില്‍ 40 അംഗങ്ങള്‍ ഉള്ള ബി ജെ പി സഖ്യം വേര്‍പിരിഞ്ഞ ജെ ജെ പിയില്‍ നിന്നുള്ള ചില വിമതരെയും സ്വതന്ത്രരെയും കൂട്ടുപിടിച്ചാണ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്.

ഓരോ തിരഞ്ഞെടുപ്പിലും ഓരോ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ച ബി ജെ പി 2019ലെ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. 1998ല്‍ ബന്‍സി ലാലിന്റെ ഹരിയാന വികാസ് പാര്‍ട്ടിയുമായും ഇന്ത്യന്‍ നാഷണല്‍ ലോക്ദളുമായും 2014ല്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ്സുമായും ചേര്‍ന്നാണ് ബി ജെ പി മുന്നണിയുണ്ടാക്കിയത്. 2019ല്‍ തനിച്ചു മത്സരിച്ച ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. 90ല്‍ 40 സീറ്റ് നേടിയ ബി ജെ പി ദുഷ്യന്ത് ചൗത്താലയുടെ പത്ത് അംഗങ്ങളുള്ള ജനനായക് ജനതാ പാര്‍ട്ടി(ജെ ജെ പി)യുമായി ചേര്‍ന്ന് മന്ത്രിസഭ രൂപവത്കരിക്കുകയാണുണ്ടായത്.

ജെ ജെ പിയുമായുള്ള വേര്‍പിരിയല്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി അവകാശപ്പെടുന്നു. ജെ ജെ പിയുടെ ശക്തി ജാട്ട് വോട്ടര്‍മാരാണ്. കര്‍ഷക സമരത്തിലെ പങ്കാളികളില്‍ ഏറെയും ജാട്ട് സമുദായക്കാരാണ്. ഒരുകാലത്ത് ബി ജെ പിയെ അധികാരത്തിലേറാന്‍ സഹായിച്ചവര്‍ ജാട്ടുകളായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് സീറ്റും ബി ജെ പി നേടിയത് ജാട്ട് വോട്ടുകള്‍ കൊണ്ടാണ്. എന്നാല്‍ ബി ജെ പിക്ക് ഇപ്പോള്‍ ജാട്ടുകളില്‍ വിശ്വാസമില്ല. ഗുസ്തി ഫെഡറേഷന്റെ മുന്‍ തലവനായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി ജെ പി. എം പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പ്രതികരിച്ച ഹരിയാനയില്‍ നിന്നുള്ള ഗുസ്തി താരങ്ങളോട് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് ജാട്ടുകള്‍ക്കുണ്ടായിരുന്ന പ്രതിഷേധവും കാവി രാഷ്ട്രീയക്കാരെ അലോസരപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ഹരിയാനയിലെ പ്രബലരായ ജാട്ട് സമുദായ വോട്ടുകള്‍ വിഭജിച്ച് നേട്ടം കൊയ്യാമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ 30 ശതമാനം ജാട്ട് സമുദായമാണ്. ജാട്ട് വോട്ടുകള്‍ കോണ്‍ഗ്രസ്സ്, ജെ ജെ പി, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കപ്പെടുന്നതോടെ ഒ ബി സി വോട്ടുകള്‍ സ്വന്തമാക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് 40 ശതമാനം ഒ ബി സി വിഭാഗക്കാരാണ്. പുതിയ മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ഒ ബി സി വിഭാഗക്കാരാണ്.

ഹരിയാനയില്‍ മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ ഖട്ടര്‍ സര്‍ക്കാറിനെതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന പ്രതീക്ഷ ബി ജെ പിക്കുണ്ട്. ഒമ്പത് വര്‍ഷമായി മുഖ്യമന്ത്രിയായി തുടരുന്ന ഖട്ടറിനെതിരെ ജനവികാരം ഉയര്‍ന്നുവരുന്നതായി ബി ജെ പിയുടെ ആഭ്യന്തര വിഭാഗം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജാട്ട് സമുദായം മാത്രമല്ല മറ്റു സമുദായങ്ങളും ഖട്ടര്‍ ഭരണത്തില്‍ അസംതൃപ്തരാണ്. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ്, മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നടത്തിയ പരീക്ഷണം ഹരിയാനയിലും ബി ജെ പി ആവര്‍ത്തിക്കുകയാണ്. അന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയെയും മന്ത്രിമാരെയും രാജിവെപ്പിച്ചുകൊണ്ട് ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരിച്ച് ബി ജെ പി ഒരു പരീക്ഷണം നടത്തുകയുണ്ടായി.

അടുത്ത വര്‍ഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ ഈ പരീക്ഷണം ബി ജെ പിയെ സഹായിച്ചു. എന്നാല്‍ ഹരിയാനയില്‍ ആ പരീക്ഷണം വിജയിക്കണമെങ്കില്‍ ബി ജെ പി വിയര്‍ക്കേണ്ടി വരും. കാരണം ഹരിയാനയിലെ കര്‍ഷകരും ബിസിനസ്സ് മേഖലയും മൊത്തം അതൃപ്തിയിലാണ്. ഈ അതൃപ്തി മാറ്റാന്‍ പഴയ മുഖ്യമന്ത്രി ഖട്ടറുടെ നോമിനിയായ പുതിയ മുഖ്യമന്ത്രി നായബ് സിംഗ് സൈനിക്കാകണമെന്നില്ല. മാത്രമല്ല മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നായിബ് സിംഗ് സൈനി ബി ജെ പി സംസ്ഥാന അധ്യക്ഷനും പാര്‍ലിമെന്റ് അംഗവുമാണ്. ചില മാധ്യമങ്ങള്‍ സൈനിയെ ഖട്ടറിന്റെ ഡമ്മിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഖട്ടറില്‍ നിന്ന് ഭിന്നമായ ഒരു നിലപാട് പുതിയ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാനില്ല. ഇതോടൊപ്പം 36 സമുദായങ്ങളുള്ള സംസ്ഥാനമായിരുന്ന ഹരിയാനയെ ഖട്ടര്‍ സര്‍ക്കാര്‍ രണ്ട് സമുദായങ്ങളായി ചുരുക്കി എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജാട്ടുകളെയും മുസ്ലിംകളെയും ഒറ്റപ്പെടുത്തുന്ന സാഹചര്യം ബി ജെ പി സര്‍ക്കാര്‍ സൃഷ്ടിക്കുകയുണ്ടായി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ യമുന നഗറിലെയും നുഹ്മേവത്തിലെയും ജനങ്ങളില്‍ സര്‍ക്കാര്‍ വിരോധം ശക്തമാണ്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഭരണകക്ഷിയായ ബി ജെ പിയും ജനനായക ജനതാ പാര്‍ട്ടിയും തമ്മിലെ ഭിന്നതയാണ് മുഖ്യമന്ത്രി ഖട്ടറിന്റെ രാജിക്കു കാരണമെന്നാണ് വാര്‍ത്ത. ഹിസാര്‍, ഭവാനി ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ജെ ജെ പി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ പത്ത് ലോക്സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി തനിച്ചു മത്സരിക്കും എന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത്. ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുഖ്യമന്ത്രിയുടെ രാജിയിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്ന് മാത്രമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബി ജെ പിയും സഖ്യ കക്ഷിയായ ജെ ജെ പിയും നല്ല ബന്ധത്തിലല്ല. മാസങ്ങള്‍ക്കു മുമ്പ് നൂഹില്‍ മുസ്ലിംകള്‍ക്ക് നേരേ കലാപം അഴിച്ചുവിട്ട ബി ജെ പിക്കെതിരെ ജെ ജെ പിയുടെ മന്ത്രിമാര്‍ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഉപ മുഖ്യമന്ത്രി കൂടിയായ ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗത്താല കൈകാര്യം ചെയ്യുന്ന മദ്യം, രജിസ്റ്റര്‍ വകുപ്പുകള്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അഴിമതി ആരോപിച്ചപ്പോള്‍ ബി ജെ പി അംഗങ്ങള്‍ മൗനം പാലിച്ചതായി ജെ ജെ പി പരാതിപ്പെട്ടിരുന്നു. സഖ്യകക്ഷികള്‍ തമ്മിലുള്ള ഈ അനൈക്യം മന്ത്രിസഭയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എപ്പോള്‍ എന്നതിലായിരുന്നു തര്‍ക്കം. കഴിഞ്ഞ ദിവസം ഗുരുഗ്രാം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

ഒ ബി സി വോട്ട് ബേങ്കില്‍ കണ്ണും നട്ട് ബി ജെ പി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ജാട്ട്, ദളിത് വോട്ടുകളാണ് ലക്ഷ്യമാക്കുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള കുമാരി ഷൈല്‍ജയെ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷയാക്കിയിരുന്നു. നിലവില്‍ പി പി സി അധ്യക്ഷ ദളിത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ഉദയ്ഭാനാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ മുഖവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപേന്ദ്ര സിംഗ് ഹൂഡ ജാട്ട് സമുദായത്തില്‍പ്പെട്ടയാളാണ്. കോണ്‍ഗ്രസ്സിന്റെ ശ്രദ്ധ ജാട്ട്, ദളിത് വോട്ടുകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ബി ജെ പി ജാട്ട് വിഭാഗത്തെ അവഗണിക്കുന്നത് ജാട്ട് വോട്ട് ബേങ്കിലെ വിഭജനം കണക്കിലെടുത്തു കൂടിയാണ്. ജാട്ട് വോട്ടര്‍മാര്‍ പരമ്പരാഗതമായി കോണ്‍ഗ്രസ്സിനെയും ഐ എന്‍ എല്‍ ഡിയെയും പിന്തുണക്കുന്നവരാണ്. അടുത്തിടെ രൂപവത്കരിക്കപ്പെട്ട ദുഷ്യന്ത് ചൗത്താലയുടെ ജെ ജെ പിയുടെ ശക്തിയും ജാട്ട് വോട്ടുകളാണ്. ജാട്ട് വോട്ടുകള്‍ ഐ എന്‍ എല്‍ ഡി, ജെ ജെ പി, കോണ്‍ഗ്രസ്സ് എന്നിവക്കിടയില്‍ വിഭജിക്കപ്പെടുന്നത് ഗുണം ചെയ്യുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

 

Latest