Kerala
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; ശക്തമായി പ്രതിഷേധിക്കും: എം വി ഗോവിന്ദന്‍
ഇ ശ്രീധരന്‍ പോലും ബജറ്റില്‍ നിരാശനാണെന്നും ഗോവിന്ദന്‍
കാസര്‍കോട് | കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രം തുടരുകയാണ്. കേരളത്തിന് അനുകൂലമായി ഒന്നും ബജറ്റിലില്ല. എയിംസ് ഉള്‍പ്പെടെ 29 ഇന കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ബജറ്റ് കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തി. ഇ ശ്രീധരന്‍ പോലും ബജറ്റില്‍ നിരാശനാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഎ) പ്രഖ്യാപിച്ചപ്പോഴും ആയുര്‍വേദത്തിന്റെ പ്രധാനകേന്ദ്രമായ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ല. ഏഴിടങ്ങളില്‍ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഒഴിവാക്കി. കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴി പ്രഖ്യാപിച്ചത് സ്വകാര്യമേഖലയ്ക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു




