Connect with us

From the print

കേന്ദ്രം അന്തിമ തുക പ്രഖ്യാപിച്ചു; കരിപ്പൂര്‍ വഴി ഹജ്ജിന് 35,000 രൂപ കൂടുതല്‍

പ്രഖ്യാപിച്ച തുകയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും കേന്ദ്ര ഹജ്ജ് കമ്മിറ്റി.

Published

|

Last Updated

കോഴിക്കോട് | ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള തുക നിശ്ചയിച്ചു. ഹജ്ജിന്റെ അവസാന ഗഡു അടയ്ക്കാനുള്ള നിര്‍ദേശത്തിനൊപ്പമാണ് ഓരോ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള അന്തിമ തുക സംബന്ധമായ വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. പ്രഖ്യാപിച്ച തുകയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്നവര്‍ക്ക് 3,73,000 രൂപയും നെടുമ്പാശ്ശേരി തിരഞ്ഞെടുത്തവര്‍ക്ക് 3,37,100 രൂപയും കണ്ണൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തവര്‍ക്ക് 3,38,000 രൂപയും വരും. കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രവുമായി താരതമ്യം ചെയ്യുമ്പോള്‍ 35,000 രൂപയും നെടുമ്പാശ്ശേരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 35,900 രൂപയും കരിപ്പൂരില്‍ നിന്ന് അധികമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം 19,687 രൂപ കൂടുതലും എന്നാല്‍ കണ്ണൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യഥാക്രമം 17,506, 16, 867 രൂപ കുറവുമാണ് . ഏറ്റവും കൂടുതല്‍ ഹാജിമാരുള്ള കരിപ്പൂരില്‍ നിന്ന് വലിയ തുകയാണ് അധികമായി എയര്‍ ഇന്ത്യക്ക് ലഭിക്കുന്നത്. അതേസമയം, കരിപ്പൂരില്‍ നിന്നുള്ള തുക മറ്റ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളതിന് തുല്യമാക്കുകയോ കുറക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ വീണ്ടും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും ന്യൂനപക്ഷ മന്ത്രാലയത്തിനും കത്തെഴുതിയിരുന്നു.

നേരത്തേ വിമാനക്കൂലിയിനത്തില്‍ കരിപ്പൂരില്‍ നിന്ന് 42,000 രൂപ കുറച്ചിട്ടുണ്ടെന്നും ഇനി തുക കുറക്കാനാകില്ലെന്നുമാണ് മറുപടി ലഭിച്ചിരിക്കുന്നത്. കരിപ്പൂരില്‍ നിന്ന് തുക വര്‍ധിക്കാന്‍ ഭൂമിശാസ്ത്രപരവും സാങ്കേതികവുമായുള്ള നിരവധി കാരണങ്ങളുണ്ടെന്ന ന്യായമാണ് കത്തിനുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് നേരത്തേ വിമാനക്കൂലിയിനത്തില്‍ കരിപ്പൂരില്‍ നിന്ന് 42,000 രൂപ കുറക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയും കണ്ണൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് ഇത്തവണ ഹജ്ജ് സര്‍വീസ് നടത്താന്‍ ടെന്‍ഡര്‍ നേടിയത്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest