Connect with us

Kerala

സി ബി ഐ അന്വേഷണ ആവശ്യം; മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയന്‍ നല്‍കിയ ഹരജി രാഷ്ട്രീയ ആക്രമണം ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വീണാ വിജയനും സി എം ആര്‍ എല്ലും തമ്മിലുള്ള ഇടപാടില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് എം ആര്‍ അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Published

|

Last Updated

കൊച്ചി | മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയന്‍ നല്‍കിയ ഹരജി രാഷ്ട്രീയ ആക്രമണം ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ അറിയിച്ചു. വീണാ വിജയനും സി എം ആര്‍ എല്ലും തമ്മിലുള്ള ഇടപാടില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് എം ആര്‍ അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ആക്രമണം ലക്ഷ്യമിടുന്ന ഹര്‍ജി പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുതാല്‍പ്പര്യമെന്ന ഉദ്ദേശ ശുദ്ധി ഹര്‍ജിക്കില്ല. ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹര്‍ജി. തന്നെയും തന്റെ മകളെയും ടാര്‍ഗറ്റ് ചെയ്യുകയാണ്. രണ്ട് കമ്പനികള്‍ തമ്മിലെ സാമ്പത്തിക ഇടപാടുകളാണ്. നിലവില്‍ എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്ത നടപടി ഫെഡറല്‍ ബന്ധങ്ങളെ നിലനിര്‍ത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാകുമെന്നാണ് മറുപടി സത്യവാങ്മൂലത്തിലെ മറ്റൊരു പ്രധാന വാദം. ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാതെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹര്‍ജിയില്‍ എല്ലാ എതിര്‍കക്ഷികളേയും കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ ആണ് മുഖ്യമന്ത്രി മറുപടി സത്യവാങ്മൂലം നല്‍കിയത്.

 

Latest