Connect with us

editorial

കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന വഴിപാടാകരുത്

കോഴിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ബന്ധപ്പെട്ടവര്‍ ഉണരുകയും സംസ്ഥാന വ്യാപകമായി പരിശോധന നടത്തി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ തിട്ടപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

Published

|

Last Updated

ഭരണ സംവിധാനങ്ങളുടെ ദൗര്‍ബല്യങ്ങളിലേക്കും പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനാസ്ഥയിലേക്കും ഉത്തരവാദിത്വരാഹിത്യത്തിലേക്കും വിരല്‍ ചൂണ്ടുന്നതാണ് കോഴിക്കോട് നഗരത്തില്‍ കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരണപ്പെട്ട ദാരുണ സംഭവം. കെട്ടിടം അപകടാവസ്ഥയിലാണ്; ലേലത്തിന് അനുയോജ്യമല്ലെന്ന് കോര്‍പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം 2014 ഒക്ടോബര്‍ 30ന് റിപോര്‍ട്ട് നല്‍കിയതാണ്. എന്നിട്ടും കടമുറികള്‍ ഒഴിപ്പിക്കാനോ ലേല നടപടികള്‍ നിര്‍ത്തിവെക്കാനോ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറായില്ല. 60 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചു മാറ്റാന്‍ മൂന്ന് വര്‍ഷം മുമ്പ് തീരുമാനമെടുത്തതാണ്. അതും നടപ്പായില്ല.

മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് മേയര്‍. തുച്ഛമായ നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാവുന്നതല്ല അധികൃതരുടെ കുറ്റകരമായ അനാസ്ഥ സൃഷ്ടിക്കുന്ന ഇത്തരം ദുരന്തങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങള്‍. നാല് കുടുംബങ്ങളുടെ അത്താണിയാണ് ദുരന്തത്തില്‍ നഷ്ടമായത്. മരണാനന്തര സഹായത്തിനപ്പുറം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയും യഥാസമയം സുരക്ഷാ പരിശോധന നടത്തി അനന്തര നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വബോധവുമാണ് വേണ്ടത്.

ഒറ്റപ്പെട്ട സംഭവമായി കാണാവുന്നതല്ല കോഴിക്കോട്ടെ കെട്ടിട തകര്‍ച്ച. സംസ്ഥാനത്തെങ്ങും സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളിലേക്കുള്ള മുന്നറിയിപ്പായി വേണം ഇതിനെ കാണാന്‍. തിരുവനന്തപുരം, കോട്ടയം, കൊച്ചി തുടങ്ങി മിക്കവാറും എല്ലാ നഗരങ്ങളിലുമുണ്ട് ഇതിനേക്കാള്‍ കാലപ്പഴക്കവും ജീര്‍ണിച്ചതുമായ കെട്ടിടങ്ങള്‍. സംസ്ഥാനത്ത് നഗരവത്കരണം അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കെട്ടിട സുരക്ഷയുടെ കാര്യത്തില്‍ അധികൃതര്‍ക്ക് ജാഗ്രത കുറവാണ്. കാലപ്പഴക്കത്താല്‍ മഴക്കാലത്ത് വെള്ളമിറങ്ങി ബലക്ഷയം വന്നതും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണുകൊണ്ടിരിക്കുന്നതുമായ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സംസ്ഥാനത്തെങ്ങുമുണ്ട്. കെട്ടിടങ്ങളുടെ സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ് നോട്ടീസയച്ച കെട്ടിടങ്ങളും നിരവധി. ഇതെല്ലാം അവഗണിച്ചാണ് പല കെട്ടിടങ്ങളും ഉപയോഗിച്ചു വരുന്നതും അധികൃതര്‍ അനുമതി നല്‍കുന്നതും. നിയമപരമായ അധികാരങ്ങളുണ്ടായിട്ടും അപകടകരമായ കെട്ടിടങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥക്കും മന്ദഗതിക്കും വില നല്‍കേണ്ടി വരുന്നത് സാധാരണക്കാരാണ്.

സാമ്പത്തിക താത്പര്യങ്ങളാണ് മിക്കപ്പോഴും പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് വിഘാതമാകുന്നത്. വാടക വരുമാനത്തിന്റെ നഷ്ടവും പുതിയ കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കുന്നതിലെ കാലതാമസവും അപകടാവസ്ഥയിലായ കെട്ടിടങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉടമകളെ പ്രേരിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ മൗനവും ഒത്താശയും അവര്‍ക്ക് സഹായകവുമാകുന്നു. ഓഫീസിലിരുന്ന് നിര്‍വഹിക്കാവുന്ന കടലാസു പണിയല്ല ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍. കെട്ടിടത്തിന്റെ ബലം- ബലക്ഷയം, ആയുസ്സ്, പരിസര സാഹചര്യം എന്നിവ കൃത്യമായി പഠിച്ച് നിര്‍വഹിക്കണം. പലയിടത്തും സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലല്ല, സ്വാധീനത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിന്റെയും അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. മിക്കവാറും മേശപ്പുറത്ത് ഒപ്പിടുന്ന ചടങ്ങായി ഇത് മാറുന്നു. ഇങ്ങനെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത അവസ്ഥയും. ഇതിന് മാറ്റം വേണം. ദുരന്തങ്ങള്‍ സംഭവിച്ചാല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെച്ച ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെടുകയും അവര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുകയും വേണം.

മഴക്കാലത്തിനു മുമ്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ഓരോ വാര്‍ഡിലെയും അപകടാവസ്ഥയിലുള്ളതോ ജീര്‍ണിച്ചതോ ആയ കെട്ടിടങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കണമെന്നാണ് നിയമം ആവശ്യപ്പെടുന്നത്. എന്‍ജിനീയറിംഗ് വിഭാഗമാണ് പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് അപകട സാധ്യതയുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കുകയും വേണം. നോട്ടീസ് ലഭിച്ചിട്ടും ഉടമ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നഗരസഭക്ക് തന്നെ കെട്ടിടം പൊളിച്ചുനീക്കാം. എന്നാല്‍ നോട്ടീസ് നല്‍കുന്നതില്‍ അവസാനിക്കുന്നു മിക്കപ്പോഴും തദ്ദേശ സ്ഥാപനത്തിന്റെ നടപടികള്‍. അതിലപ്പുറം എന്ത് നടന്നുവെന്ന് നോക്കാറില്ല. അപകടം സംഭവിച്ചാല്‍ ഈ നോട്ടീസിന്റെ പുറത്ത് കൈകഴുകി രക്ഷപ്പെടുകയും ചെയ്യും.

കോഴിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ബന്ധപ്പെട്ടവര്‍ ഉണരുകയും സംസ്ഥാന വ്യാപകമായി പരിശോധന നടത്തി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ തിട്ടപ്പെടുത്തുകയും ചെയ്യേണ്ടതാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വഴങ്ങാത്ത, സാമ്പത്തിക പ്രലോഭനങ്ങളില്‍ വശംവദരാകാത്ത വിദഗ്ധ എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സായിരിക്കട്ടെ ഇത് നിര്‍വഹിക്കുന്നത്. മഴയും കാലാവസ്ഥാ വ്യതിയാനവും പൂര്‍വോപരി ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സുരക്ഷാ പരിശോധന പൂര്‍വോപരി കാര്യക്ഷമമാക്കേണ്ടതുണ്ട്.

പരിശോധനാനന്തരം അപകട സാധ്യതയുള്ള കെട്ടിടങ്ങള്‍ ബലപ്പെടുത്തുകയോ പൊളിച്ചു മാറ്റുകയോ ചെയ്യാന്‍ നടപടി സ്വീകരിക്കുകയും വേണം. ഇത്തരം കെട്ടിടങ്ങളില്‍ ഒരു കാരണവശാലും ഓഫീസുകളോ മറ്റു സ്ഥാപനങ്ങളോ നടത്താന്‍ അനുമതി നല്‍കരുത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നത് പൊതുസമൂഹത്തിന് ഉപകാരപ്പെടും. കുടുംബത്തിന്റെ അത്താണിയായ ഒരു തൊഴിലാളിയുടെ ജീവന് ഒരു ലക്ഷം വിലയിട്ട കോര്‍പറേഷന്‍ നടപടി അപഹാസ്യമാണ്. നഷ്ടപരിഹാരത്തുക ഉയര്‍ത്തേണ്ടതുണ്ട്. ചുവപ്പുനാടകളില്‍ കെട്ടിയിട്ട ഫയലുകളേക്കാള്‍ വിലയുണ്ട് മനുഷ്യജീവനെന്ന കാര്യം അധികൃതര്‍ തിരിച്ചറിയേണ്ടതാണ്.

Latest