തെളിയോളം
ബക്കറ്റ് മാനേജ്‌മെന്റ് ഒരു ശീലമായോ?
ഏത് പ്രശ്‌നങ്ങളെയാണ് ഞാൻ പരിഹരിക്കാതെ വെറും മാനേജ് ചെയ്തുകൊണ്ടിരിക്കുന്നത്? ഏത് ബന്ധത്തിലാണ് സംസാരിക്കേണ്ടിടത്ത് ഞാൻ മിണ്ടാതിരിക്കുന്നത്? ഏത് ജോലിയിലാണ് വളരുന്നതിനുപകരം വെറും സഹിച്ചുകൊണ്ടിരിക്കുന്നത്? ഏത് തീരുമാനമാണ് "പിന്നീട് നോക്കാം' എന്ന് പറഞ്ഞ് വർഷങ്ങളായി മാറ്റിവെച്ചിരിക്കുന്നത്? പിന്നെ സ്വയം മൂന്ന് ചോദ്യങ്ങൾ ചോദിക്കാം: "ഇത് എനിക്ക് എന്താണ് നഷ്ടപ്പെടുത്തുന്നത്?', "ഇത് മാറ്റാൻ എനിക്ക് കഴിയുന്ന ഏറ്റവും ചെറിയ കാര്യം എന്താണ്?', "ഒന്നും മാറ്റാതെ ഇങ്ങനെ തന്നെ ഒരു വർഷം കൂടി പോയാൽ എന്റെ ജീവിതം എങ്ങനെയായിരിക്കും?' ഈ ചോദ്യങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും.
ചിലരുണ്ട്; അവർ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം അവയുമായി സൗഹൃദം സ്ഥാപിച്ചുകളയും. കുറച്ചുകാലം കഴിഞ്ഞാൽ പ്രശ്‌നം തന്നെ അവരോട് ചോദിക്കും: “നമ്മൾ ഇത്രയും വർഷമായി ഒരുമിച്ചല്ലേ, ഇനി എന്നെ വിട്ടുപോകാൻ പോകുകയാണോ?’ ഒരിക്കലും സന്തോഷം തരാത്ത ജോലി, മനസ്സമാധാനം തരാത്ത ബന്ധം, ഒത്തുപോകാത്ത സൗഹൃദം, നിരന്തരം വേദനിപ്പിക്കുന്ന ഒരാളുടെ പെരുമാറ്റം, വർഷങ്ങളായി മാറ്റിവെച്ചുകൊണ്ടേയിരിക്കുന്ന ഒരു സുപ്രധാന തീരുമാനം… ഇങ്ങനെ എത്രയോ കാര്യങ്ങളെയാണ് നമ്മൾ ജീവിതത്തിൽ സഹിച്ചുകൊണ്ടിരിക്കുന്നത്. ആരെങ്കിലും ചോദിച്ചാൽ, “എന്തിനാ ഇതൊക്കെ ഇനിയും സഹിക്കുന്നത്?’ എന്നതിന് വളരെ പക്വമായ മുഖഭാവത്തോടെ മറുപടി വരും: “എല്ലാം സഹിക്കണം… ജീവിതമല്ലേ!’
ജീവിതത്തോട് ചോദിച്ചാൽ ഒരുപക്ഷേ അത് തന്നെ തിരിച്ചുപറയും: “ഞാൻ നിന്നോട് സഹിക്കാൻ പറഞ്ഞിട്ടില്ലല്ലോ, നീ തന്നെയാണ് എല്ലാത്തിനും എന്റെ പേര് പറയുന്നത്!’ യഥാർഥത്തിൽ സഹനവും കീഴടങ്ങലും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു വിദ്യാർഥി പരീക്ഷക്കായി കുറച്ചുകാലം ബുദ്ധിമുട്ട് സഹിക്കുന്നത് സഹനമാണ്. ഒരു കുടുംബം നല്ലൊരു ഭാവിക്കായി ചില ത്യാഗങ്ങൾ ചെയ്യുന്നതും സഹനമാണ്. ഒരു ലക്ഷ്യത്തിലെത്താൻ ഒരാൾ ചില അസൗകര്യങ്ങളിലൂടെ കടന്നുപോകുന്നതും സഹനമാണ്. അവിടെയെല്ലാം സഹനത്തിന് ഒരു കാരണമുണ്ട്, ഒരു ലക്ഷ്യമുണ്ട്, ഒരു അവസാനമുണ്ട്. എന്നാൽ “എന്ത് ചെയ്യാനാണ്?’, “ഇങ്ങനെയൊക്കെയാണ് ജീവിതം’, “അവൻ മാറില്ല’, “എനിക്ക് വേറെ വഴിയില്ല” എന്നൊക്കെ പറഞ്ഞ് വർഷങ്ങളോളം അതേ വേദനയിൽ തുടരുന്നത് സഹനമല്ല, പ്രശ്‌നത്തോടൊപ്പം ജീവിക്കാൻ പഠിച്ചതാണ്.
ആദ്യം അത് നമ്മെ അലട്ടും. പിന്നെ അത് കൈകാര്യം ചെയ്യാൻ പഠിക്കും. ഒടുവിൽ അതില്ലാതെ ജീവിതം ചിന്തിക്കാനാകാത്ത അവസ്ഥയിലെത്തും. അപ്പോഴാണ് ബക്കറ്റ് മാനേജ്‌മെന്റ് തുടങ്ങുന്നത്. തീ കെടുത്താതെ പുക മാത്രം തുടച്ചാൽ വീട് വൃത്തിയാകില്ല. അതുപോലെ, ഒരു പ്രശ്‌നത്തെ സഹിച്ചുകൊണ്ടേയിരുന്നാൽ അത് പരിഹരിക്കപ്പെട്ട പ്രശ്‌നമാകില്ല. സഹിക്കാൻ കൂടുതൽ പരിചയപ്പെട്ട പ്രശ്‌നം മാത്രമാകും.
വീട്ടിലെ മേൽക്കൂര ചോരുന്നു. ആദ്യം താഴെ ഒരു ബക്കറ്റ് വെക്കും. അടുത്ത ദിവസം വേറൊരു ഭാഗത്ത് ചോരും. മറ്റൊരു ബക്കറ്റ്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചോർച്ച കൂടും. ബക്കറ്റുകളുടെ എണ്ണവും കൂടും. ഒടുവിൽ വീട്ടുകാരുടെ പ്രധാന ചർച്ച തന്നെ “ഏത് ബക്കറ്റ് എവിടെ വെക്കണം?’ എന്നാകും. ആരെങ്കിലും ചോദിച്ചാൽ, “മേൽക്കൂര ഒന്ന് നന്നാക്കിക്കൂടേ?’ മറുപടി: “അതൊക്കെ എന്തിനാ? ഇത്രയും കാലം ബക്കറ്റ് വെച്ച് മാനേജ് ചെയ്തതല്ലേ!’ ഇതാണ് ജീവിതത്തിലെ പല പ്രശ്‌നങ്ങളോടും നമ്മൾ ചെയ്യുന്നത്. പരിഹരിക്കേണ്ടിടത്ത് മാനേജ് ചെയ്യുന്നു.
സംസാരിക്കേണ്ടിടത്ത് മിണ്ടാതിരിക്കുന്നു. അതിരുകൾ നിശ്ചയിക്കേണ്ടിടത്ത് സഹിക്കുന്നു. മാറ്റം ആവശ്യമായിടത്ത് “ഇങ്ങനെയൊക്കെയാണ്’ എന്ന് പറഞ്ഞ് നിൽക്കുന്നു. പിന്നെ അതെല്ലാം ചേർത്ത് നമ്മുടെ സ്വഭാവത്തിന്റെ പേരിൽ തന്നെ ഒരു സർട്ടിഫിക്കറ്റ് എടുക്കും. “ഞാൻ കുറച്ചൊക്കെ സഹിക്കുന്ന ആളാണ്.’ എന്നാൽ സഹനം നമ്മെ സംരക്ഷിക്കുന്നുണ്ടോ, അതോ നമ്മെ പതുക്കെ ചുരുക്കിക്കൊണ്ടിരിക്കുകയാണോ എന്നതാണ് ചോദിക്കേണ്ടത്. “ഒഴുക്കിനൊപ്പം നീന്തുന്നത് എളുപ്പമാണ്. പക്ഷേ അത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇടക്കെങ്കിലും നോക്കണം’ എന്നൊരു ചൊല്ല് പോലെ, ജീവിതത്തിലും ഇടക്കൊന്ന് ദിശ പരിശോധിക്കണം.
ഒരേ സാഹചര്യം നേരിടുന്ന രണ്ട് പേർ വ്യത്യസ്തമായി പ്രതികരിക്കാം. രണ്ട് പേർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്. ട്രെയിൻ വൈകുന്നു. ഒരാൾ ഓരോ അഞ്ച് മിനുട്ടിലും വാച്ച് നോക്കി അസ്വസ്ഥനാകുന്നു. “എപ്പോഴാണ് ഇതൊന്ന് വരിക? എന്തിനാണ് ഇത്ര വൈകുന്നത്?’ എന്ന് ഉള്ളിൽ ഒരു വലിയ യോഗം നടക്കുകയാണ്. മറ്റേയാൾ വൈകുമെന്ന് മനസ്സിലാക്കി വീട്ടിലേക്ക് അറിയിക്കുന്നു. അടുത്ത പരിപാടി മാറ്റിവെക്കുന്നു, പിന്നെ ശാന്തമായി കാത്തിരിക്കുന്നു. രണ്ട് പേരും ഒരേ സാഹചര്യത്തിലാണ്. പക്ഷേ ഒരാൾ സാഹചര്യത്തോട് ഉള്ളിൽ യുദ്ധം ചെയ്യുകയാണ്.
മറ്റേയാൾ സാഹചര്യത്തെ അംഗീകരിച്ച് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയാണ്. ജീവിതത്തിലും ഇതുതന്നെയാണ് വ്യത്യാസം. സഹനം എന്നത് ഒന്നും ചെയ്യാതെ വേദന സഹിച്ചുകൊണ്ടിരിക്കുക മാത്രമല്ല. സാഹചര്യം മനസ്സിലാക്കി, തനിക്ക് കഴിയുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞ്, ബോധപൂർവം ഒരു തീരുമാനം എടുക്കുന്നതാണ് യഥാർഥ സഹനം.
അതുകൊണ്ട് ഇടക്കൊന്ന് നമ്മുടെ ജീവിതത്തിലെ ബക്കറ്റുകൾ എണ്ണുന്നത് നല്ലതാണ്.
ഏത് പ്രശ്‌നങ്ങളെയാണ് ഞാൻ പരിഹരിക്കാതെ വെറും മാനേജ് ചെയ്തുകൊണ്ടിരിക്കുന്നത്? ഏത് ബന്ധത്തിലാണ് സംസാരിക്കേണ്ടിടത്ത് ഞാൻ മിണ്ടാതിരിക്കുന്നത്? ഏത് ജോലിയിലാണ് വളരുന്നതിനു പകരം വെറും സഹിച്ചുകൊണ്ടിരിക്കുന്നത്? ഏത് തീരുമാനമാണ് “പിന്നീട് നോക്കാം’ എന്ന് പറഞ്ഞ് വർഷങ്ങളായി മാറ്റിവെച്ചിരിക്കുന്നത്? പിന്നെ സ്വയം മൂന്ന് ചോദ്യങ്ങൾ ചോദിക്കാം: “ഇത് എനിക്ക് എന്താണ് നഷ്ടപ്പെടുത്തുന്നത്?’, “ഇത് മാറ്റാൻ എനിക്ക് കഴിയുന്ന ഏറ്റവും ചെറിയ കാര്യം എന്താണ്?’, “ഒന്നും മാറ്റാതെ ഇങ്ങനെ തന്നെ ഒരു വർഷം കൂടി പോയാൽ എന്റെ ജീവിതം എങ്ങനെയായിരിക്കും?’ ഈ ചോദ്യങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. പക്ഷേ ചില അസ്വസ്ഥതകൾ ഉണർത്താനാണ് വരുന്നത്. നമുക്ക് മാറ്റാൻ കഴിയാത്തതിനെ സ്വീകരിക്കുന്നത് പക്വതയാണ്. എന്നാൽ മാറ്റാൻ കഴിയുന്ന ഒന്നിനെ മാറ്റാതെ അതുമായി ജീവിതകാലം മുഴുവൻ പൊരുത്തപ്പെട്ടു ജീവിക്കുന്നത് എല്ലായ്‌പ്പോഴും പക്വതയല്ല.
ചിലപ്പോൾ ഒരു സംഭാഷണം വേണം. ചിലപ്പോൾ ഒരു അതിരു വേണം. ചിലപ്പോൾ ഒരു പുതിയ തീരുമാനം വേണം. ചിലപ്പോൾ അവിടെ നിന്ന് മാറിനടക്കാനുള്ള ധൈര്യം വേണം. “വെള്ളം തലയിൽ കയറിയിട്ട് വള്ളം തുഴയുന്നതിനേക്കാൾ, നേരത്തേ കര നോക്കുന്നതാണ് ബുദ്ധി’ എന്ന് പറയാം. സഹനം എന്നത് ചോർന്നുകൊണ്ടിരിക്കുന്ന മേൽക്കൂരക്ക് താഴെ ജീവിതകാലം മുഴുവൻ ബക്കറ്റ് പിടിച്ചുനിൽക്കുന്നതല്ല. ആവശ്യമുള്ളപ്പോൾ ബക്കറ്റ് വെക്കാനും കഴിയുന്ന സമയത്ത് മേൽക്കൂര നന്നാക്കാനും അറിയുന്നതാണ് ബുദ്ധി.
ജീവിതത്തിലെ വലിയ ശക്തി എല്ലാം സഹിക്കുന്നതിലല്ല. എന്താണ് സഹിക്കേണ്ടത്, എന്താണ് മാറ്റേണ്ടത്, എപ്പോൾ കാത്തിരിക്കണം, എപ്പോൾ മുന്നോട്ടുപോകണം എന്ന തിരിച്ചറിവിലാണ്. കാരണം ഒരു ദിവസം പിന്നോട്ട് നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ എത്ര ബക്കറ്റുകളുണ്ടായിരുന്നു എന്നതല്ല പ്രധാനപ്പെട്ടത്. മേൽക്കൂര നന്നാക്കാൻ നാം എപ്പോഴാണ് തീരുമാനിച്ചത് എന്നതാണ്. അല്ലെങ്കിൽ ജീവിതം ഒരിക്കൽ നമ്മോട് തന്നെ ചോദിക്കും: “ബക്കറ്റുകൾ എല്ലാം കൃത്യമായി വെച്ചിട്ടുണ്ട്… പക്ഷേ ചോർച്ച നിർത്താൻ എന്നെങ്കിലും ശ്രമിച്ചിരുന്നോ
Content Highlights:
The article reflects on how people manage life problems instead of solving them through bucket management. It emphasizes the difference between healthy endurance for a goal and passive surrender to toxic situations. True wisdom lies in knowing when to tolerate circumstances and when to change them.





