Connect with us

Kerala

കൈക്കൂലി; താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പിടിയില്‍

ഡോ. പ്രദീപ് വര്‍ഗീസ് കോശി, ഡോ. വീണാ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

തൃശൂര്‍ | കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്.

തൃശൂര്‍ ജില്ലയിലെ പാവറട്ടി പൂവത്തൂര്‍ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. തുടര്‍ന്ന്, ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശിയെ സമീപിച്ചപ്പോള്‍ സര്‍ജറി നടത്തുന്നതിനായി ഡോക്ടര്‍ക്ക് 3,000 രൂപയും അനസ്‌തേഷ്യ ഡോക്ടറായ വീണ വര്‍ഗീസിന് 2,000 രൂപയും കൈക്കൂലിയായി നല്‍കണമെന്നും ഡോ. പ്രദീപ് വര്‍ഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരന്‍ ഈ വിവരം തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ജിംപോളിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി ആശുപത്രിക്ക് മുന്നിലുള്ള സ്വകാര്യ പ്രാക്ടീസ് ക്ലിനിക്കിലെ റൂമില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ഡോക്ടര്‍ വര്‍ഗീസ് കോശി 3,000 രൂപയും തൊട്ടടുത്ത് തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇരുവരെയും കൈയടെ പിടികൂടുകയായിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരന്റെ ഭാര്യയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നത്തിലേക്കുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കിയ സമയത്ത് ഡോ. പ്രദീപ് വര്‍ഗീസ് കോശി 3,000 രൂപയും ഡോ. വീണ വര്‍ഗീസ് 2,000 രൂപയും പരാതിക്കാരനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വിജിലന്‍സ് തൃശൂര്‍ യൂനിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിംപോളിനെ കൂടാതെ ഡി വൈ എസ് പി സെബാസ്റ്റ്യന്‍, ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍, അസ്സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കുമാരന്‍, ബൈജു, കരുണന്‍, അമോദ്, എസ് സി പി ഒ സന്ധ്യ, സി പി ഒ മാരായ വിബീഷ്, സൈജുസോമന്‍, അരുണ്‍ ഗണേഷ്, ഡ്രൈവര്‍ സി പി ഒ രതീഷ് എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest