Connect with us

Uae

ആഗോള നിക്ഷേപ സമ്മേളനത്തിന് അബൂദബി പ്രദര്‍ശന നഗരിയില്‍ തുടക്കമായി

സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി

Published

|

Last Updated

അബൂദബി  |  പതിമൂന്നാമത് ആഗോള നിക്ഷേപ സമ്മേളനത്തിന് അബൂദബി പ്രദര്‍ശന നഗരിയില്‍ തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.

റിപ്പബ്ലിക് ഓഫ് മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രാജോലിന, റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി,ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, റാസല്‍ഖൈമ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് വൈസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സൗദ് അല്‍ ഖാസിമി, വ്യവസായ അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍, വിദേശ വ്യാപാര സഹമന്ത്രി ഡോ താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി,അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയിത്, പ്രമുഖ വ്യവസായി എം എ യൂസഫ് അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശൈഖ് സൗദ് വിശിഷ്ടാതിഥിയായിരുന്നു.

മെയ് 9 വരെ നടക്കുന്ന സമ്മേളനത്തില്‍ 100 മന്ത്രിമാര്‍, സിറ്റി മേയര്‍മാര്‍, സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍മാര്‍, 900 സ്പീക്കര്‍മാര്‍, 11 ആഗോള ഓഹരി വിപണികള്‍, 50 യൂണികോണ്‍ കമ്പനികള്‍, 175 രാജ്യങ്ങളില്‍ നിന്നുള്ള 12,000 പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. എ ഐ എം ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്മേളനം വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെയും അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെയും പിന്തുണയോടെയാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, വ്യവസായികള്‍, നിക്ഷേപ കമ്പനികള്‍ എന്നിവര്‍ക്ക് വിവിധ മേഖലകളില്‍ പ്രത്യേക നിക്ഷേപ പദ്ധതികള്‍ കണ്ടെത്താന്‍ നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സുസ്ഥിരമായ വളര്‍ച്ചക്കും വിപുലീകരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള വഴികള്‍ തേടുന്ന അന്താരാഷ്ട്ര നിക്ഷേപകര്‍ക്കുള്ള ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി യു എ ഇ മാറിയതായി അധികൃതര്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ എഫ്ഡിഐയുടെ പ്രധാന ഉറവിടമായി യു എ ഇ മാറിയെന്ന് ശൈഖ് സൗദ് വ്യക്തമാക്കി. വിവേകവും കര്‍ത്തവ്യബോധവും കാഴ്ചപ്പാടും കഠിനാധ്വാനവും ചേരുമ്പോള്‍ എന്തും സാധ്യമാകുമെന്ന് യുഎഇ തെളിയിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നമ്മുടെ ജനങ്ങളോടും നമ്മുടെ ഭാവിയോടും കാണിച്ച പ്രതിബദ്ധത നമുക്കെല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നു, ശരിയായ കാഴ്ചപ്പാടും ശരിയായ പദ്ധതിയും ഉണ്ടെങ്കില്‍, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ശൈഖ് സൗദ് പറഞ്ഞു. യു എ ഇ സ്ഥാപിതമായ മുതലുള്ള സാമ്പത്തിക വികസനത്തെക്കുറിച്ച് സംസാരിച്ച ശൈഖ് സഊദ് നിരന്തരവും കഠിനവുമായ പരിശ്രമം ഇല്ലായിരുന്നുവെങ്കില്‍ അത് ഒരു സ്വപ്നമായി അവശേഷിക്കുമായിരുന്നെന്ന് പറഞ്ഞു. പ്രമുഖ നിക്ഷേപകര്‍, വന്‍കിട കോര്‍പ്പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, ഇടത്തരം സംരംഭകര്‍ , അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, കൂടാതെ 175-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 12,000-ലധികം സന്ദര്‍ശകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.