Connect with us

Kerala

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി ജെ പി

വേടന്റെ പാട്ടുകള്‍ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന ആവശ്യവുമായി ബി ജെ പി. ബി ജെ പി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന് പരാതി നല്‍കി.

വേടന്റെ പാട്ടുകള്‍ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി. ലഹരി ഉപയോഗിക്കുന്ന താന്‍ വരും തലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പരാതിയില്‍ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുന്ന വേടന്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകള്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വേടന്റെ പാട്ട്പാ ഠ്യവിഷയത്തിലുള്‍പ്പെടുത്തിയത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ടും മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.

തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

Latest