Connect with us

Ongoing News

വന്‍ വരുമാനം: കടല്‍ പായല്‍ കൃഷിയുമായി ലക്ഷദ്വീപ്

ദ്വീപിലെ 100 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഗുണഫലം

Published

|

Last Updated

കൊച്ചി | മത്സ്യോത്പാദനം, നാളികേര കൃഷി, ടൂറിസം എന്നിവക്ക് പിന്നാലെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കടല്‍പായല്‍ കൃഷിയുമായി ലക്ഷദ്വീപ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) ദ്വീപില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടല്‍പായല്‍ കൃഷി വന്‍വിജയമായതിനെ തുടര്‍ന്ന് ജനവാസമുള്ള ഒമ്പത് ദ്വീപുകളില്‍ വ്യാപകമായ തോതില്‍ കടല്‍പായല്‍ കൃഷി പരിചയപ്പെടുത്തി പുതിയ സാമ്പത്തിക സ്രോതസ്സിന് അടിത്തറ പാകുകയാണ് ലക്ഷദ്വീപ്. ഇതിന്റെ ഭാഗമായി, സി എം എഫ് ആര്‍ ഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2,500ഓളം മുളകൊണ്ട് നിര്‍മിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ച് പായല്‍ കൃഷി ആരംഭിച്ചു.

ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടല്‍പായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയംസഹായക സംഘങ്ങളുള്‍പ്പെടെ ദ്വീപിലെ 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കൃഷിയുടെ ഗുണഫലം ലഭിക്കുക.

ദ്വീപിലെ കടല്‍ത്തീരങ്ങള്‍ പായല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്നും മരുന്ന്, ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുന്ന മികച്ച കടല്‍പായലുകള്‍ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും സി എം എഫ് ആര്‍ ഐ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. തദ്ദേശീയ പായല്‍ വര്‍ഗങ്ങളുടെ കൃഷിക്ക് ദ്വീപ് തീരങ്ങളില്‍ 45 ദിവസത്തിനുള്ളില്‍ 60 മടങ്ങ് വരെ വളര്‍ച്ചാ നിരക്ക് ലഭിക്കുമെന്നും പഠനം വെളിപ്പെടുത്തി. ഇതിന്റെ വെളിച്ചത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം സി എം എഫ് ആര്‍ ഐയുമായി ചേര്‍ന്ന് കില്‍ത്താന്‍, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷം കടല്‍പായല്‍ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. ഇത് വന്‍ വിജയമായിരുന്നു.

ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 75 കോടി രൂപയുടെ കടല്‍പായല്‍ ഉത്പാദിപ്പിക്കാമെന്ന് ഈ പഠനത്തില്‍ ബോധ്യപ്പെട്ടെന്ന് സി എം എഫ് ആര്‍ ഐയിലെ സയന്റിസ്റ്റ് ഡോ. മുഹമ്മദ് കോയ പറഞ്ഞു. വിവിധ ദ്വീപുകളിലെ 21,290 ഹെക്ടര്‍ വിസ്തൃതിയിലുള്ള ലഗൂണുകളുടെ (തീരക്കടല്‍) ഒരു ശതമാനം മാത്രം (200 ഹെക്ടര്‍) ഉപയോഗിച്ചാണിത്. ഏകദേശം 30,000 ടണ്‍ ഉണങ്ങിയ പായല്‍ ഓരോ വര്‍ഷവും വിളവെടുക്കാം. ഒരു ഹെക്്ടറില്‍ നിന്ന് 150 ടണ്‍ വരെ ഉത്്പാദനം നേടാമെന്നും അദ്ദേഹം പറഞ്ഞു.

നേട്ടങ്ങളുടെ ഈ കണക്കാണ് കടല്‍പായല്‍ കൃഷിയിലേക്ക് തിരിയാന്‍ ലക്ഷദ്വീപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനും ഐസ്‌ക്രീം, പേസ്ട്രിസ് എന്നിവയുള്‍പ്പെടെയുള്ള ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള അവിഭാജ്യ ഘടകമായ അഗാര്‍, ഭക്ഷ്യവസ്തുക്കളില്‍ ജെല്ലിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്ന കരാജീനന്‍, ഉള്‍വ എന്നിവയെല്ലാം കടല്‍ പായലില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പായലുകളിലെ കോശഭിത്തിയില്‍ നിന്ന് അഗാര്‍ സംസ്‌കരിച്ചെടുത്തശേഷം അവശിഷ്ടത്തില്‍ നിന്ന് ബയോ എഥനോളും ഉത്പാദിപ്പിക്കാനാകും. ഇത്തരത്തില്‍ വന്‍സാധ്യതയാണ് ഈ കൃഷി തുറന്നിടുക. അലങ്കാര മത്സ്യങ്ങള്‍, ചിപ്പികള്‍, കടല്‍ക്കുതിര, സീ അര്‍ച്ചിന്‍ തുടങ്ങി ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ കൂടിയാണ് ഈ കടല്‍പായലുകള്‍ ഒരുക്കുന്നത്.

സാമ്പത്തിക നേട്ടത്തിന് പുറമെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കടല്‍പായല്‍ കൃഷി അനുയോജ്യമാണ്. വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവെക്കാന്‍ കടല്‍പായലുകള്‍ക്ക് ശേഷിയുണ്ട്. സി എം എഫ് ആര്‍ ഐ നിര്‍ദേശിച്ച അളവില്‍ കൃഷി ചെയ്യുന്നതിലൂടെ മാത്രം പ്രതിദിനം 6,500 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഇത്തരത്തില്‍ പായലുകള്‍ക്ക് സംഭരിച്ചുവെക്കാനാകും.

---- facebook comment plugin here -----

Latest