Connect with us

National

ബജ്റംഗ്ദളിനെ നിരോധിക്കും; 200 യൂണിറ്റ് വൈദ്യുതി സൗജന്യം; കർണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ബിപിഎൽ കുടുംബത്തിലെ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള 10 കിലോ ഭക്ഷ്യധാന്യം നൽകുന്ന അന്ന ഭാഗ്യ യോജന, എല്ലാ കുടുംബനാഥകൾക്കും എല്ലാ മാസവും 2,000 രൂപ നൽകുന്ന ഗുരു ലക്ഷ്മി യോജന തുടങ്ങിയ പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്.

Published

|

Last Updated

ബംഗളൂരു | കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കോൺഗ്രസ് പുറത്തിറക്കി. ബജ്റംഗ് ദളിനെ പോലുള്ള ശത്രുതയും വിദ്വേഷവും വളർത്തുന്ന സംഘടനകളെ നിരോധിക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. ഇതോടൊപ്പം നിരവധി സൗജന്യ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

ജാതിയുടെയും മതത്തിന്റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പത്രികയിൽ വ്യക്തമാക്കുന്നു. നിയമവും ഭരണഘടനയും പവിത്രമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. ബജ്‌റംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകൾക്ക് ഇത് അംഗീകരിക്കാനാകില്ല. അതിനാൽ വിദ്വേഷ സംഘടനകളെ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക നടപടി നിയമപ്രകാരം സ്വീകരിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം.

എല്ലാവർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി യോജന, ബിപിഎൽ കുടുംബത്തിലെ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള 10 കിലോ ഭക്ഷ്യധാന്യം നൽകുന്ന അന്ന ഭാഗ്യ യോജന, എല്ലാ കുടുംബനാഥകൾക്കും എല്ലാ മാസവും 2,000 രൂപ നൽകുന്ന ഗുരു ലക്ഷ്മി യോജന തുടങ്ങിയ പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്.

സാധാരണ കെഎസ്ആർടിസി/ബിഎംടിസി ബസുകളിൽ എല്ലാ സ്ത്രീകൾക്കും ശക്തി പദ്ധതി പ്രകാരം യാത്ര സൗജന്യമാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. തൊഴിൽരഹിതരായ യുവാക്കൾക്കും ആശ്വാസ പദ്ധതികളുണ്ട്. യുവ നിധി യോജന പ്രകാരം തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 2 വർഷത്തേക്ക് പ്രതിമാസം 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമ ഹോൾഡർമാർക്ക് 1,500 രൂപയും നൽകുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ തുടങ്ങിയവർ പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.