National
മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു
ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം.

ബെംഗളൂരു | കര്‍ണാടകയിലെ മംഗളൂരുവില്‍ ബജ്‌റംഗദള്‍ നേതാവിനെ വെട്ടിക്കൊന്നു.ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടി എന്ന 30കാരനാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്പെയിയിലായിരുന്നു സംഭവം.
കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയും സുഹാസിനെ മാരകായുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുഹാസിനെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2022 ജൂലൈയില്‍ സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ (23) എന്ന യുവാവിനെ തുണിക്കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി.സംഭവത്തില്‍ ബാജ്പെ പോലീസ് കേസെടുത്തു.പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി.