Connect with us

യാത്ര

വിളക്കിച്ചേര്‍ത്ത ബഹാസ, ചുരുക്കെഴുത്തിന്റെ ജാവനീസ്‌

ഇന്തോനേഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും അധിവസിക്കുന്ന ജാവ ദ്വീപിന്റെ മാതൃഭാഷ എന്ന അർഥത്തിൽ ജാവനീസ് ശ്രദ്ധയർഹിക്കുന്നുണ്ട്.

Published

|

Last Updated

സീവാലിലേക്ക് അഞ്ച് മിനുട്ടിനകം എത്തണം, പ്രൊഫസറുടെ സന്ദേശം കേട്ട് സ്തംഭിച്ചു നിൽക്കാനേ വഴിയുള്ളൂ. രണ്ട് വർഷത്തിലേറെയായി ഈ ക്യാന്പസിൽ. സീവാൽ എന്ന പേരിൽ ഒരു കെട്ടിടമോ ബ്ലോക്കോ പരിചയമില്ല. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് ഉദ്ദേശ്യം വ്യക്തമായത്. സീവാൽ, അഥവാ സീതി വാലിദ. മുഹമ്മദിയ യൂനിവേഴ്‌സിറ്റി സുരകാർത്തയുടെ ഐക്കൺ ആയി നിലകൊള്ളുന്ന വൃത്താകൃതിയിലുള്ള ഏഴുനില കെട്ടിടമാണ് സീതി വാലിദ ബിൽഡിംഗ്. മുഹമ്മദിയ സ്ഥാപകൻ അഹ്്മദ് ദഹ്്ലാന്റെ പത്‌നിയാണ് വാലിദ, ബഹാസ ഇന്തോനേഷ്യയിൽ സീതി മലയാളത്തിലെ ശ്രീമതി.

ഭാഷാ ശാസ്ത്രത്തിൽ (linguistics) ആദ്യാക്ഷര സംക്ഷേപം (initialism) കൂടുതൽ ചർച്ചയാകാത്ത വിഷയമാണ്. ഒരു പദം പോലെ തോന്നിക്കുന്ന സംക്ഷേപവും (ഉദാ: നാസ) പൊതുവേ പ്രയോഗിക്കാറുള്ള രീതിയും (ഉദാ: ബി ബി സി) ഭാഷയുടെ ലഘൂകരണത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. പക്ഷേ പ്രയോഗം അസ്ഥാനത്തായാൽ പ്രേക്ഷകഗ്രാഹ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ലിംഗിസ്റ്റുകൾ ഇനീഷ്യലിസത്തെ സന്ദർഭാനുസൃത സംക്ഷിപ്തതയായി (contextual conciseness) പരിഗണിച്ചതും അലങ്കാരശാസ്ത്ര സംക്ഷിപ്തതയായി (rhetorical brevity) എണ്ണാത്തതും.

ബഹാസയിലെ അക്കാദമിക്ക് വ്യവഹാരങ്ങളിൽ ഒരു വിദേശ വിദ്യാർഥിയെ ഏറ്റവും കൂടുതൽ കുഴക്കുന്നത് മേൽപ്പറഞ്ഞ ഇനീഷ്യലിസത്തിന്റെ അതിപ്രസരമാണ്. ട്രാൻസിലേഷൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാലും അർഥം ഗ്രഹിക്കില്ല എന്നതാണ് ഇതിനെ വില്ലനാക്കുന്നത്. ഈ ഘടനാനിർമാണത്തിന് ബഹാസയിൽ കൃത്യമായ നിയമങ്ങളില്ല എന്നതാണ് മറ്റൊരു വെല്ലുവിളി. പോലീസ് സ്റ്റേഷന് നമ്മൾ പോസേ എന്ന് ചുരുക്കിപ്പറഞ്ഞാൽ ഇംഗ്ലീഷ് പദങ്ങളെന്ന അർഥത്തിൽ വിദേശിക്കും ഊഹിച്ച് കണ്ടെത്താനായേക്കും. എന്നാൽ ആരോഗ്യകേന്ദ്രം എന്ന മലയാള പദത്തിന് “ആകേ’ എന്നോ “ആന്ദ്രം’ എന്നോ മാത്രമെഴുതിയാൽ സ്വദേശികൾ തന്നെ കുഴങ്ങും.

ഒരു പക്ഷേ, ചെറുപ്പം മുതൽ കേട്ട് ശീലിച്ചാൽ നമുക്കത് ലളിതമായേക്കും. അപ്പോഴും സംസ്ഥാനത്തിന് പുറത്തുള്ളവർക്കതൊരു കീറാമുട്ടി തന്നെ. ഈ അർഥത്തിൽ വ്യാകരണപരമായും വാക്കുകളുടെ ഉല്പത്തി സംബന്ധിയായും ഏറെ ലാളിത്യം പുലർത്തുന്ന ബഹാസ ഇന്തോനേഷ്യയെ ബാലി കേറാമലയാക്കുന്ന പ്രവണതയാണ് സ്വതന്ത്രമായ ഇനീഷ്യലിസം. ഇത്തരം വാക്കുകളുടെ നിർമാണബുദ്ധി ജാവനീസ് ഭാഷാസംസ്‌കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാകാനുള്ള സാധ്യതയും ചെറുതല്ല.

ജാവനീസ്, സംസ്കാര ചരിത്രത്തിന്റെ ലിഖിത രേഖ

ലെയ്ഡൻ യൂനിവേഴ്‌സിറ്റിയിലെ ജനറൽ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസർ ഉലബെക്ക് നിരീക്ഷിക്കുന്നു: ജാവനീസ് വ്യാകരണം ക്രമബദ്ധമാണെങ്കിലും, അതിന്റെ അഭിവാദനപരമായ ഏറ്റക്കുറച്ചിലുകളും വാക്യഘടനയിലെ ലാഘവവും ഘടനാപരമായ വിശകലനം വലിയ വെല്ലുവിളിയാകുന്നു. ഒരേ ഭാഷയുടെ മൂന്ന് നിലവാരങ്ങൾ പ്രതിയാണ് ഉലബെക്ക് സന്ധേഹപ്പെട്ടത്. മലായോ- പോളിനേഷ്യൻ ഭാഷകളിൽ മൂന്ന് തലങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഏക ഭാഷ ജാവനീസാണ്. ങ്കോക്കോ, മധ്യ, ക്രാമ ഇംഗ്ഗിൽ. ങ്കോക്കോ സാധാരണയും ക്രാമ ഇംഗ്ഗിൽ ഔപചാരികവുമാണ്. ചൈനീസ് വംശജയായ ഈസ്റ്റ് ജാവയിലെ സുരബായയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ക്രിസ്റ്റീന ഒരഭിമുഖത്തിൽ പറയുന്നതിങ്ങനെയാണ്, ഒരേസമയം മൂന്ന് ഭാഷകൾ പഠിക്കുന്ന അനുഭവമായിരുന്നു കുട്ടിക്കാലത്ത്.

അമ്മൂമ്മയുടെ ങ്കോക്കോയും സർക്കാർ ജോലിക്കാരിയായ അമ്മയുടെ ക്രാമയും ഒരേ ഭാഷയുടെ രണ്ട് വകഭേദങ്ങകളായി എനിക്ക് ഒരിക്കൽ പോലും തോന്നിയില്ല. നന്നേ വേറിട്ട് നിൽക്കുന്ന വാക്കുകളും പ്രയോഗങ്ങളുമാണവക്ക്. അനൗപചാരികതയുടെ ങ്കോക്കോ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ ബഹാസ ഇന്തോനേഷ്യയോട് ഒരൽപ്പമെങ്കിലും കൊടുക്കൽ വാങ്ങലുകൾ അനുഭവപ്പെട്ടു എന്നതൊഴിച്ചാൽ ഒറ്റപ്പെട്ട ഭാഷകളാണിവ.

ഇന്തോനേഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും അധിവസിക്കുന്ന ജാവ ദ്വീപിന്റെ മാതൃഭാഷ എന്ന അർഥത്തിൽ ജാവനീസ് ശ്രദ്ധയർഹിക്കുന്നുണ്ട്. സുണ്ടനീസ്, ബാലിനീസ് തുടങ്ങി ജാവയിലെ മറ്റു എത്‌നിക് വിഭാഗങ്ങൾ പ്രത്യേക ഭൂപ്രദേശങ്ങളിൽ ഒതുങ്ങിയതിനാൽ അർഥത്തിൽ ജാവയുടെ ഔദ്യോഗിക ഭാഷ ജാവനീസ് തന്നെ. ബ്രാമി സ്‌ക്രിപ്റ്റിൽ നിന്ന് ഉരുത്തിരിഞ്ഞ ഹനച്ചറാക (hanacaraka) എന്ന പ്രത്യേക ലിപിയിൽ എഴുതപ്പെടുന്ന ജാവനീസാണ് ഇന്തോനേഷ്യയുടെ ഗോത്ര കലകളുടെയും സംസ്‌കാര ചരിത്രത്തിന്റെയും ലിഖിതരേഖ. ജാവനീസ് സിനിമ/ ഡോക്യുമെന്ററികൾക്ക് ബഹാസ സബ്‌ടൈറ്റിലുകൾ കാണുമ്പോൾ വ്യക്തമാകും ജാവനീസ് പദങ്ങളുടെ ആഴം. ചുരുങ്ങിയ വാക്കുകളിൽ ഇന്തോനേഷ്യയിലെ വാചകങ്ങളെ അവതരിപ്പിക്കുന്നു ജാവനീസ്. ചില സാംസ്‌കാരികത്തനിമയുള്ള സന്ദർഭങ്ങളിൽ ബഹാസയിലേക്ക് പോലും വിവർത്തനം സാധ്യമല്ല ജാവനീസ് പദങ്ങളും പ്രയോഗങ്ങളും.

Content Highlights:
An overseas student shares experiences navigating the extensive use of initialisms in Bahasa Indonesia at Universitas Muhammadiyah Surakarta. The article explores how Javanese language culture influences modern Indonesian communication. It details the distinct levels of Javanese speech including Ngoko and Krama Inggil.

 

Latest