Connect with us

Articles

വനിതാ സംവരണത്തിലെ പിന്നാക്ക സംവരണം

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പാക്കിയാല്‍ നിയമനിര്‍മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു സ്ഥാനവും കിട്ടിയെന്നു വരികയില്ല.

Published

|

Last Updated

രാജ്യത്ത് പാര്‍ലിമെന്റിലും നിയമസഭകളിലും വനിതാ സംവരണത്തിനായി നടന്നു വരുന്ന വിവിധ ശ്രമങ്ങള്‍ക്ക് ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം കാലത്തെ പഴക്കമുണ്ട്. 1993ലാണ് സ്ത്രീകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം നല്‍കുന്ന 73, 74ാമത് ഭരണഘടനാ ഭേദഗതി ഇന്ത്യയില്‍ നിലവില്‍ വന്നത്. കേരളത്തില്‍ 1995ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നത്. അതുവരെ ഏതാനും ചില തലയെടുപ്പുള്ള വനിതകളില്‍ മാത്രമായി ഒതുങ്ങിയിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പെണ്‍സ്വാധീനം. പാരമ്പര്യമായി രാഷ്ട്രീയം തീറെഴുതി കിട്ടിയ ചില ഗോഡ്ഫാദര്‍മാരിലൂടെ രാഷ്ട്രീയത്തില്‍ എത്തിയവരായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ രാജ്യത്തെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. വനിതാ സംവരണബില്ലിനകത്തെ പിന്നാക്ക സംവരണം കൊണ്ട് മാത്രമേ ഇക്കൂട്ടര്‍ക്ക് നിയമനിര്‍മാണ സഭകളില്‍ എത്താന്‍ കഴിയൂ എന്നത് പകല്‍ പോലെ വ്യക്തമാണ്.

1996ല്‍ എച്ച് ഡി ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാറാണ് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ആദ്യമായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. പിന്നീട് രണ്ട് തവണ എ ബി വാജ്പയ് സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചെങ്കിലും പാസ്സാക്കാന്‍ കഴിഞ്ഞില്ല. അന്നും വനിതാ സംവരണ ബില്ലിനകത്ത് പിന്നാക്ക സംവരണം വേണമെന്ന് പറഞ്ഞുകൊണ്ടാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തത്. 2010ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചെങ്കിലും പാസ്സാക്കാന്‍ കഴിഞ്ഞില്ല. രാജ്യസഭയില്‍ മാത്രമാണ് ഇത് പാസ്സായത്. വനിതാ സംവരണത്തിനകത്ത് പിന്നാക്ക സംവരണം വേണമെന്ന് ആര്‍ ജെ ഡി, സമാജ് വാദി പാര്‍ട്ടി, ബി എസ് പി, ജെ ഡി യു തുടങ്ങിയ പാര്‍ട്ടികളുടെ ആവശ്യത്തെയും അതിനെ തുടര്‍ന്ന് നടന്ന ശക്തമായ എതിര്‍പ്പിനെയും തുടര്‍ന്നാണ് അന്ന് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത്. ഇപ്പോള്‍ ഈ ബില്ലിനകത്ത് പിന്നാക്ക സംവരണം വേണമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ്സ് അന്ന് പിന്നാക്ക സംവരണത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്തായാലും അന്ന് കോണ്‍ഗ്രസ്സ് എടുത്ത നിലപാട് തെറ്റായിരുന്നെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി സമ്മതിക്കുന്നുണ്ട്.

സ്ത്രീകളുടെ നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം തുലോം തുച്ഛമാണ്. 1952ലെ ആദ്യ ലോക്‌സഭയില്‍ സ്ത്രീ പ്രാതിനിധ്യം വെറും അഞ്ച് ശതമാനം മാത്രമായിരുന്നു. ഇന്നും കാതലായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വെറും 14 ശതമാനം മാത്രമാണ്. രാജ്യത്തെ സംസ്ഥാന നിയമസഭകളില്‍ ചിലതില്‍ സ്ത്രീകളൊന്നുമില്ലാത്ത സ്ഥിതി പോലും ഉണ്ടായിട്ടുണ്ട്.
ഈ സ്ഥിതിക്ക് പരിഹാരം കാണാനെന്ന പേരിലാണ് വനിതാ സംവരണ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തിരിക്കുന്നത്. ബില്ലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. നിയമം നടപ്പാക്കാന്‍ സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണയത്തിനുമായി കാത്തിരിക്കണമെന്ന ബില്ലിലെ വ്യവസ്ഥയെ പ്രതിപക്ഷം സഭയില്‍ എതിര്‍ത്തു. നിയമം ഉടന്‍ നടപ്പാക്കണമെന്നും 33 ശതമാനത്തിനുള്ളില്‍ ഒ ബി സി, എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവരാണ് ഒ ബി സി സംവരണം നടപ്പാക്കണമെന്നും ജാതി സെന്‍സസ് വേണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിച്ചത്.

രാജ്യത്തെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്ന 90 സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് ഒ ബി സി വിഭാഗത്തില്‍ നിന്നുള്ളവരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് നടപ്പാക്കിയാല്‍ മാത്രമേ നിയമ നിര്‍മാണ സഭകളിലെ വനിതാ സംവരണവും പിന്നാക്ക സംവരണവും എല്ലാം നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ജാതി സെന്‍സസ് നടപ്പാക്കുന്ന കാര്യത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ അറച്ചുനില്‍ക്കുകയാണ്. സെന്‍സസ് നടത്തിയാല്‍ രാജ്യത്തെ ജനസംഖ്യയില്‍ 75 ശതമാനത്തോളം പേര്‍ ഹിന്ദു മതത്തിലെ പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരുമാണെന്നുള്ള യാഥാര്‍ഥ്യം പുറത്തുവരും. ഇതിനെ സവര്‍ണ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഈ സര്‍ക്കാര്‍ ഭയപ്പെടുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പാക്കിയാല്‍ നിയമനിര്‍മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു സ്ഥാനവും കിട്ടിയെന്നു വരികയില്ല. അതുകൊണ്ട് തന്നെ വനിതാ സംവരണത്തിനകത്തെ പിന്നാക്ക സംവരണം ഏത് നിലയിലും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളാകെ വനിതാ സംവരണത്തിനകത്ത് പിന്നാക്ക സംവരണം നടപ്പാക്കിയേ മതിയാകൂ എന്ന് തീരുമാനിച്ചിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടിവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428