Connect with us

From the print

ഗല്ലികളിൽ ആസാദി മുഴക്കം

. 2008ൽ രൂപം കൊണ്ട ഈ മണ്ഡലത്തിൽ നിന്നാണ് ജെ എൻ യുവിലൂടെ രാജ്യത്തിന് പരിചിതമായ യുവനേതാവ് കനയ്യകുമാർ കോൺഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ബിഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തി കൂട്ടത്തോടെ താമസിക്കുന്ന ഗല്ലികളാണ് വടക്കുകിഴക്കൻ ഡൽഹിയിലധികവും. 2008ൽ രൂപം കൊണ്ട ഈ മണ്ഡലത്തിൽ നിന്നാണ് ജെ എൻ യുവിലൂടെ രാജ്യത്തിന് പരിചിതമായ യുവനേതാവ് കനയ്യകുമാർ കോൺഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. 2014 മുതൽ ബി ജെ പിയുടെ മനോജ് തിവാരിയാണ് മണ്ഡലം കൈയടക്കി വെച്ചിരിക്കുന്നത്. 2019ൽ പോൾ ചെയ്ത മൊത്തം വോട്ടിന്റെ 53.90 ശതമാനവും നേടിയത് മനോജ് തിവാരി. കോൺഗ്രസ്സിന്റെ ഷീല ദീക്ഷിതിന് 28.85 ശതമാനവും ആം ആദ്മി പാർട്ടിയുടെ ദിലീപ് പാണ്ഡെക്ക് 13.06 ശതമാനം വോട്ടുമായിരുന്നു. ഇത്തവണയും മനോജ് തിവാരിയെയാണ് മണ്ഡലം പിടിക്കാൻ ബി ജെ പി രംഗത്തിറക്കിയത്. ഡൽഹിയിലെ മറ്റു മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരീക്ഷിക്കാൻ തയ്യാറായ്പ്പോഴും ഇവിടെ മാത്രം സിറ്റിംഗ് എം പിയെ ബി ജെ പി മാറ്റിയില്ല. ബോജ്പൂരി നായകനും ഗായകനുമായ മനോജ് തിവാരിക്ക് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടെന്ന് ബി ജെ പി വിശ്വസിക്കുന്നു.

ബിഹാറിയാണെങ്കിലും മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ മുന്നണിക്ക് കനയ്യകുമാർ നൽകുന്നത്. എ എ പിയുമായുള്ള സീറ്റ് വിഭജന ധാരണ പ്രകാരം ഇതുൾപ്പെടെ ഡൽഹിയിലെ മൂന്ന് സീറ്റുകളിൽ കോൺഗ്രസ്സ് മത്സരിക്കുന്നു. വടക്കുകിഴക്കൻ ഡൽഹി ഉൾക്കൊള്ളൂന്ന പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഏഴും ആം ആദ്മി പാർട്ടിയുടെ കൈവശമാണ്. മൂന്ന് മണ്ഡലങ്ങൾ മാത്രമാണ് ബി ജെ പിക്കൊപ്പം.

സി പി ഐ വിദ്യാർഥി വിഭാഗമായ എ ഐ എസ് എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ കനയ്യകുമാർ ബിഹാറിലെ പാർട്ടി നേതാക്കളുമായി ഉടക്കിയാണ് കോൺഗ്രസ്സിൽ ചേക്കേറിയത്. കോൺഗ്രസ്സ് വിദ്യാർഥി സംഘടനയായ എൻ എസ് യുവിന്റെ ചുമതലയുള്ള നേതാവാണ് ഇപ്പോൾ കനയ്യ. 2019ൽ ബിഹാറിലെ ബെഗുസരായിയിൽ നിന്ന് ലോക്സഭയിലേക്ക് സി പി ഐ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Latest