National
അയോധ്യ രാമക്ഷേത്രക്കൊള്ള; ഇ ഡി അന്വേഷണത്തിലേക്ക്
കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉടന്‍ തന്നെ കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ലഖ്‌നോ | അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെയും വിലമതിക്കാനാവാത്ത ആഭരണങ്ങളുടെയും വന്‍ കൊള്ള സംഘപരിവാര്‍ നേതൃത്വത്തേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിസന്ധിയിലാക്കിയിരിക്കെ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക്.
സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രം പര്യാപ്തമല്ലെന്നും തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്ത് ഇ ഡി അന്വേഷണം വേണമെന്നുമാണ് യു പി സര്‍ക്കാര്‍ വിലയിരുത്തല്‍. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉടന്‍ തന്നെ കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശ്വാസത്തിന് മുറിവേല്‍പ്പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നിലവില്‍ പ്രത്യേക അന്വേഷണ സംഘം ആണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍, എസ് ഐ ടി അന്വേഷണം മാത്രം പോരെന്നും സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇ ഡി തന്നെ കേസ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദം കൂടിയായതോടെയാണ് കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കത്ത് ലഭിച്ചാല്‍ ഉടന്‍ തന്നെ ഇ ഡി സംഘം അയോധ്യയിലെത്തും.
നിലവില്‍ യുപി പോലീസ് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടുകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇ ഡി ഔദ്യോഗികമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുക. നിലവിലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 15 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാശ് ശുക്ലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും മറ്റ് ആഭരണങ്ങളും ശുക്ലയുടെ ജന്മനാടായ പ്രതാപ്ഗഡില്‍ വിറ്റഴിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ പ്രമുഖ ആഭരണശാലകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സുരക്ഷാ-ഭരണ വീഴ്ചകള്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഉടന്‍ തന്നെ പുനഃസംഘടിപ്പിക്കുമെന്നും വിവരമുണ്ട്.
Content Highlights:
The UP government is set to hand over the massive multi-crore theft case at Ayodhya Ram Mandir to the Enforcement Directorate. Chief Minister Yogi Adityanath promised strict action against the culprits following intense opposition pressure. Special police teams have recovered vital clues from Pratapgarh.

