Rahul Gandhi's office attacked
രാഹുലിന്റെ ഓഫീസ് ആക്രമണം: മുന്‍ എം എസ് എഫ് നേതാവിന്റെ പേരില്‍ കള്ളക്കേസെടുത്തതായി പരാതി
യു ഡി എഫുകാര്‍ നല്‍കിയ പേര് പോലീസ് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയെന്ന് പി പി ഷൈജല്‍

കല്‍പ്പറ്റ | രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തതായി എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍. ആക്രമണവുമായി ബന്ധപ്പെട്ടുള്ള രണ്ട് എഫ് ഐ ആറിലാണ് തന്റെ പേരുള്ളത്. യു ഡി എഫുകാര്‍ നല്‍കിയത് പ്രകാരമാണ് തന്റെ പേര് കല്‍പ്പറ്റ പോലീസ് ഉള്‍പ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും പി പി ഷൈജല്‍ പറഞ്ഞു.
രാഹുലിന്റെ ഓഫീസ് എസ് എഫ് ഐക്കാര്‍ ആക്രമിച്ച ദിവസം ടി സിദ്ദീഖ് എം എല്‍ യുടെ നേതൃത്വത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ വയനാട് എസ് പി ഓഫീസ് ഉപരോധിച്ചിരുന്നു. പിറ്റേ ദിവസം ആയിരങ്ങളെ അണിനിരത്തി കല്‍പറ്റയില്‍ യു ഡി എഫ് പ്രകടനവും നടത്തിയിരുന്നു. ഈ രണ്ട് പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയവരെ ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തു. ഇതിലാണ ഷൈജലിന്റെ പേരും ഉള്‍പ്പെടുത്തിയത്. പ്രതിഷേധം നടത്തിയ കക്ഷിയുടെ ഭാഗമല്ലാത്ത താന്‍ എങ്ങനെയാണ് പ്രതിഷേധിക്കുകയെന്നും തന്നെ പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ പറഞ്ഞു.
നേരത്തെ ഹരിത വിവാദത്തെ തുടര്‍ന്ന് ഷൈജലിനെ മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കുകയായിരുന്നു. മുന്‍ഹരിത ഭാരവാഹികള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയും പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു നടപടി.