Connect with us

bank fraud

പഴയ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് ബേങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം തട്ടിയ അസം സ്വദേശി പിടിയില്‍

സേഫ്റ്റ് വെയര്‍ എന്‍ജിനിയറുടെസഹായത്തോടെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ആപ് ഉപയോഗിച്ചാണു മീഞ്ചന്ത സ്വദേശിനിയുടെ പണം തട്ടിയത്

Published

|

Last Updated

കോഴിക്കോട് | മീഞ്ചന്ത സ്വദേശിനിയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം തട്ടിയ കേസില്‍ അസം സ്വദേശി പിടിയില്‍. മീഞ്ചന്ത സ്വദേശിയായ പി കെ ഫാത്തിമബിയുടെ പരാതിയിലാണ് അസം നിതായി നഗര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍ ലസ്‌കറിനെ ്പാലീസ് പിടികൂടിയത്.

പണം പിന്‍വലിക്കാന്‍ ചെക്ക് നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന് ബേങ്കില്‍ നിന്ന് മറുപടി ലഭിച്ചതോടെയാണ് പരാതിക്കാരി തട്ടിപ്പ് അറിഞ്ഞത്. തുടര്‍ന്ന് സെപ്തംബര്‍ ഇരുപത്തി ഒന്നിന് പന്നിയങ്കര പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ജൂലൈ- സെപ്തംബര്‍ മാസത്തിനിടെ പല തവണകളായാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. ഈ പണം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് പരിശോധിച്ചതില്‍ അസമിലെ ബാങ്ക് അക്കൗണ്ട് ആണെന്നും കണ്ടെത്തി.

അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച പന്നിയങ്കര പോലീസ് എസ് ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അസമില്‍ പോയി സാഹസികമായി പ്രതിയെ പിടികൂടിയത്. അസം പോലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. തട്ടിപ്പിലൂടെ പ്രതി കൈവശപ്പെടുത്തിയ മുഴുവന്‍ തുകയും തിരിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ബന്ധുവായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ സഹായത്തോടെയാണ് പ്രതി അബ്ദുല്‍ റഹ്മാന്‍ തട്ടിപ്പ് നടത്തിയത്. പ്രതിയെ സഹായിച്ച ബന്ധുവിനെ പിടികൂടാനായില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളുടെ വിവരങ്ങള്‍ പന്നിയങ്കര പോലീസ് അസം പൊലീസിന് കൈമാറി.

പരാതിക്കാരി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടുപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ആറ് വര്‍ഷം മുമ്പ് ഉപേക്ഷിച്ചിരുന്നു. ഈ നമ്പര്‍ പിന്നീട് ഉപയോഗിക്കാന്‍ ലഭിച്ചതോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ സഹായത്തോടെയാണ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ആപ് ഉപയോഗിച്ച് പണം തട്ടിയത്.

 

Latest