Connect with us

National

അസമില്‍ മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്നു; മരണം 97 ആയി

വിവിധ അപകടങ്ങളില്‍ പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുപേര്‍ കൂടി മരിച്ചു. 15 ജില്ലകളിലായി 1.68 ലക്ഷത്തിലധികമാളുകള്‍ ഇപ്പോഴും ദുരിതത്തിലാണ്.

Published

|

Last Updated

ദിസ്പുര്‍ | വിവിധയിടങ്ങളില്‍ പെയ്യുന്ന കനത്ത മഴ അസമില്‍ സൃഷ്ടിക്കുന്നത് കടുത്ത ദുരിതം. പ്രതികൂല കാലാവസ്ഥയുടെ ഭാഗമായുണ്ടായ വിവിധ അപകടങ്ങളില്‍ പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ഈ മണ്‍സൂണ്‍ കാലയളവിലെ ആകെ മരണസംഖ്യ 97 ആയി ഉയര്‍ന്നു.

15 ജില്ലകളിലായി 1.68 ലക്ഷത്തിലധികമാളുകള്‍ ഇപ്പോഴും ദുരിതത്തിലാണ്. ഏറ്റവും കൂടുതല്‍ ദുരിതബാധിതരുള്ളത് ഗോലഘട്ട് ജില്ലയിലാണ്- 54,000ത്തോളം പേര്‍. ശിവസാഗര്‍-49,000, ജോര്‍ഹട്ട്-27,000 എന്നിങ്ങനെയാണ് മഴദുരിതം നേരിടുന്ന മറ്റ് ജില്ലകളിലെ കണക്ക്.

ഗോലഘട്ട്, ശിവസാഗര്‍, ഉദല്‍ഗുരി, കാംരൂപ് മെട്രോപൊളിറ്റന്‍, നാഗോണ്‍, കാംരൂപ്, ദരാങ്, സോനിത്പൂര്‍, ഹോജായ്, ലഖിംപൂര്‍, ബിശ്വനാഥ്, ജോര്‍ഹട്ട്, ചരൈദിയോ, കര്‍ബി ആംഗ്ലോങ്, ധേമാജി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ധന്‍സിരി, ദോയാങ് നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയും ഗോലഘട്ട് വെള്ളത്തിനടിയിലായി. പല കുടുംബങ്ങള്‍ക്കും വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നു.

അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, ധന്‍സിരി നദി അപകടരേഖക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ഇത് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യം കൂടുതല്‍ വഷളാക്കിയേക്കും. ഡോയാങ് ജലവൈദ്യുത പദ്ധതിയുടെ നാല് ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും ഉയരുകയും, ബോകാഖാട്ട്, ഗോലഘട്ട്, ഖുംതായി എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഗോലഘട്ട് നഗരത്തിലെ ഒന്നാം വാര്‍ഡിലുള്ള മുക്തിധാം (നാഗബാലി) പ്രദേശത്തെ ഏകദേശം 38 വീടുകള്‍ വെള്ളത്തിനടിയിലായി. ദുരിതബാധിതരായ കുടുംബങ്ങളെ നമ്പര്‍ 1 രൂപജ്യോതി എല്‍ പി സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള താത്ക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Content Highlights:
The flood situation in Assam continues to deteriorate due to unrelenting heavy rainfall. The total death toll from rain-related disasters has now reached 97 across affected districts. Emergency rescue teams are conducting continuous relief operations to help thousands of displaced residents.

 

Latest