Connect with us

Health

നിലക്കടലയ്ക്ക് ഇത്രയും ഗുണങ്ങളോ?

നിലക്കടലയില്‍ (peanuts) പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിവിധ ആരോഗ്യകരമായ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

Published

|

Last Updated

ല്ല ചൂടുള്ള നിലക്കടല കൈയിലിട്ട് തിരുമ്മി തൊലി ഊതിപ്പറത്തി കഴിക്കുന്നവരാണല്ലോ നമ്മള്‍. 10 രൂപയ്ക്ക് അറ്റം കൂര്‍പ്പിച്ച് കോണ്‍ കടലാസില്‍ ആവോളം കഴിക്കാനുള്ള കടല റോഡ് സൈഡില്‍ കിട്ടുമായിരുന്നു. ഇന്ന് അളവ് കുറഞ്ഞെങ്കിലും ഇപ്പോഴും ഈ രീതിയില്‍ തന്നെയാണ് വില്‍പ്പന. നിലക്കടല, കപ്പലണ്ടി അങ്ങനെ പല പേരുകളില്‍ നമ്മുടെ പാതയോരത്ത് ഇവനുണ്ട്. ശരിക്കും കൊറിക്കാനുള്ള ഐറ്റം മാത്രമാണോ നിലക്കടല? അല്ല എന്നാണ് ഉത്തരം.

നിലക്കടലയില്‍ (peanuts) പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിവിധ ആരോഗ്യകരമായ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വിവിധ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി (obesity) നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം (calcium), മാംഗനീസ് എന്നിവയും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയില്ലെന്ന് പഠനങ്ങള്‍ പറയുന്നു.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാന്‍ നിലക്കടല സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇതില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ സഹായിക്കും. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നിലക്കടല കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പിത്താശയക്കല്ലിന്റെ സാധ്യത കുറയ്ക്കുമെന്നാണ്. ഇതില്‍ ഐസോഫ്‌ലേവോണ്‍സ്, ഫൈറ്റിക് ആസിഡുകള്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ബയോട്ടിന്‍, നിയാസിന്‍, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വര്‍ദ്ധനവുണ്ടാക്കില്ല. മാത്രമല്ല, ഇത് സ്ത്രീകളില്‍ ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അപ്പോള്‍ ഇനി രസത്തിന് കടല കഴിക്കേണ്ട, ആരോഗ്യത്തിനായി തന്നെ കഴിച്ചോളൂ.