International
മലേഷ്യൻ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വെല്ലുവിളി മറികടന്ന് അൻവർ ഇബ്റാഹീം
കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അൻവർ ഇബ്റാഹീമിന ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.
ക്വാലാലംപൂർ | പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം. ആറ് പ്രവിശ്യകളിലേക്ക് ഒരു ദിവസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ അൻവർ ഇബ്റാഹീമിന്റെ സഖ്യം മൂന്ന് സീറ്റുകളും പ്രതിപക്ഷം മൂന്ന് സീറ്റുകളും നേടി. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അൻവർ ഇബ്റാഹീമിന ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.
അൻവറിന്റെ പകതാൻ ഹരപൻ സഖ്യം രാജ്യത്തെ സമ്പന്നമായ രണ്ട് പ്രവിശ്യകൾ അടക്കം മൂന്ന് പ്രവിശ്യകൾ നിലനിർത്തി. സെലംഗൂർ, പെനാംഗ്, നെഗേരി സെമ്പിലാൻ പ്രവിശ്യകളിലാണ് ഭരണസ്യഖം വിജയം നേടിയത്. അതേസമയം, പ്രതിപക്ഷം ശക്തമായ കടന്നുകയറ്റം നടത്തിയതിനാൽ സെലങ്കൂരിൽ ഭരണ സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
മലേഷ്യൻ ഇസ്ലാമിക് പാർട്ടിയുടെ (പിഎഎസ്) പ്രധാന അംഗമായ പ്രതിപക്ഷ സഖ്യമായ പെരികാറ്റൻ നാസിയോണൽ (പിഎൻ) മൂന്ന് മലായ് ഹൃദയഭൂമി പ്രവിശ്യകളകളായ കെഡ, തെരെൻഗാനു, കെലന്താൻ എന്നിവിടങ്ങളിൽ വിജയം നേടി.
ദേശീയ സമാധാനം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുന്നതിനും മലേഷ്യയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജയ പരാജയ വിത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ അൻവറിന്റെ ഐക്യ സർക്കാരിനെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും പ്രതിപക്ഷ സഖ്യം മൊത്തം സീറ്റുകളിൽ 60 ശതമാനം വോട്ട്ഷെയർ നേടിയെന്നും മുൻ പ്രധാമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുഹിയുദ്ദീൻ യാസീൻ പറഞ്ഞു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ അടയാളമാണിതെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അൻവർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


