Connect with us

National

യുപിയിൽ വീണ്ടും പേരുമാറ്റൽ; വാരാണസിയിലെ 50 മുസ്ല‍ിം ഭൂരിപക്ഷ പ്രദേശങ്ങൾക്ക് ഇനി ഹിന്ദു പേരുകൾ

ഔറംഗാബാദിനെ നാരായൺ ധാം എന്നും, ഖാലിസ്‌പുരിനെ ബ്രഹ്മതീർത്ഥ് എന്നും, കസാഖ്പുരയെ അനാരക് തീർത്ഥ് എന്നും, മദൻപുരയെ പുഷ്പദന്തേശ്വർ എന്നും പുനർനാമകരണം ചെയ്യും

Published

|

Last Updated

ലഖ്‌നൗ | ഉത്തർപ്രദേശിലെ വരാണസി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 50 മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പേരുകൾ മാറ്റാൻ നീക്കം. മുഗൾ ഭരണാധികാരികളുടെ കാലത്ത് മുതൽ നിലവിലുള്ള മുസ്‍ലിം പേരുകൾ മാറ്റി ഹിന്ദു ദേവതകളുടെ പേരുകൾ നൽകാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട നിർദേശം വാരാണസി മുൻസിപ്പൽ കോർപ്പറേഷന് അയച്ചു.

ഔറംഗാബാദ് (മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ പേരിൽ അറിയപ്പെടുന്നത്), മുസ്ലീം ഭൂരിപക്ഷമുള്ള മദൻപുര, ഖാലിസ്‌പുർ, കസാഖ്പുര എന്നിവയാണ് പേരുമാറ്റം നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവ. ഇതിൽ ഔറംഗാബാദിനെ നാരായൺ ധാം എന്നും, ഖാലിസ്‌പുരിനെ ബ്രഹ്മതീർത്ഥ് എന്നും, കസാഖ്പുരയെ അനാരക് തീർത്ഥ് എന്നും, മദൻപുരയെ പുഷ്പദന്തേശ്വർ എന്നും പുനർനാമകരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംസ്‌കൃത ഭാഷ, സനാതന ധർമ്മം, വേദസാഹിത്യം എന്നിവ പഠിപ്പിക്കുന്ന കേന്ദ്രമായ വാരാണസിയിലെ സമ്പൂർണാനന്ദ് സംസ്‌കൃത സർവകലാശാലയുമായി ബന്ധപ്പെട്ട വൈദിക പണ്ഡിതന്മാരാണ് ഈ പേരുകൾ നിർദ്ദേശിച്ചത്.

മുസ്ലിം ഭരണാധികാരികളുമായി ബന്ധപ്പെട്ട പേരുകൾ തിരുത്തി ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും മഹത് വ്യക്തികളുടെയും പേരുകൾ നൽകണമെന്നാവശ്യപ്പെട്ട് ചില കാവി സംഘടനകൾ നേരത്തെ് രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാരാണസി മേയർക്ക് മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു.

വാരാണസിയിലെ ഈ പ്രദേശങ്ങളുടെ പേര് മാറ്റാനുള്ള നിർദ്ദേശത്തെ ഹിന്ദു സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, സംസ്ഥാന സർക്കാറിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

ബിജെപി സർക്കാർ അവരുടെ ആദ്യ ഭരണകാലത്ത് സംസ്ഥാനത്തെ ചില ജില്ലകളുടെ പേരുകളും മാറ്റിയിരുന്നു.

Latest