Connect with us

smriti

ബാഫഖീ പാരമ്പര്യത്തിന്റെ അലങ്കാരം

മുന്നണി രാഷ്ട്രീയം എന്ന ആശയം മുന്നോട്ടുവെച്ച, വിമോചന സമരമടക്കമുള്ള രാഷ്ട്രീയ കോളിളക്കങ്ങളില്‍ വ്യക്തിമുദ്രയുള്ള ബാഫഖി തങ്ങള്‍. "ഖാഇദുല്‍ ഖൗ‌‌ം' എന്ന വിളിപ്പേരിനുടമയായിരുന്ന ആ തങ്ങളുടെ മകന്‍ പക്ഷേ, തിരഞ്ഞെടുത്തത് രാഷ്ട്രീയത്തിന്റെ വഴിയായിരുന്നില്ല. പിതാവില്‍ നിന്ന് തന്നെ അദ്ദേഹം വായിച്ചെടുത്ത അധ്യാത്മികതയുടെ ബാഫഖീഹ് സരണിയായിരുന്നു.

Published

|

Last Updated

ഇത്രയും ബൃഹത്തായ അന്താഷ്ട്ര ബന്ധങ്ങളും അവിടങ്ങളിലെ രാഷ്ട്ര- രാഷ്ട്രീയ നേതൃത്വവുമായി സൗഹൃദങ്ങളുമുള്ള ഒരു സയ്യിദ് സമീപ കാലത്തൊന്നും ഉണ്ടായിരിക്കില്ല. സൗത്ത് ഏഷ്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ഏതാണ്ടെല്ലാ രാജ്യങ്ങളിലും വലിയ സ്വീകാര്യതയായിരുന്നു ബാഫഖീഹ് പൈതൃകത്തിലെ ഈ പിന്മുറക്കാരന്. പ്രമുഖരായിരുന്നു സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ അടുപ്പക്കാര്‍. വലിയ ഈ ലോകാനുഭവങ്ങളുമായി സ്വദേശത്ത് തിരിച്ചെത്തിയപ്പോള്‍ കാന്തപുരം ഉസ്താദിനൊപ്പം നിന്ന് സമുദായത്തെ സേവിക്കുക എന്ന ദൗത്യമായിരുന്നു തങ്ങള്‍ സ്വീകരിച്ചത്. എന്തുകൊണ്ട് ആ തീരുമാനം എന്നതിന് അദ്ദേഹത്തിന്റെ ലോകാനുഭവങ്ങള്‍ എന്നു തന്നെയാകും മറുപടി. അങ്ങനെ സുന്നീ വേദികളുടെ പൊലിമ ഏറ്റിയ അലങ്കാരമായി അദ്ദേഹം.
യമനിലെ തരീമില്‍ നിന്ന് ബാഫഖി കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തില്‍ സ്ഥിരതാമസമാക്കിയത് എന്നാണ് രേഖകള്‍. അധ്യാത്മിക ജീവിതവും വര്‍ത്തക വൃത്തിയും അവരുടെ പാരമ്പര്യമായിരുന്നു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ ജീവിതവും ആ നിലയിലുള്ളതായിരുന്നു. തങ്ങള്‍ രാഷ്ട്രീയത്തില്‍ എത്തിയത് തന്നെ വിസ്മയമെന്ന് തോന്നാവുന്ന ഒരു നിയോഗമായിട്ടായിരുന്നല്ലോ.

കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് ശേഷം ബാഫഖീ പാരമ്പര്യം സംഭാവന ചെയ്ത നേതൃനിരയായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും സയ്യിദലി ബാഫഖി തങ്ങളും സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളും. മുസ്‌ലിം സമുദായത്തിനുള്ള ബാഫഖീ ഖബീലയുടെ കരുതല്‍ സമുദായം അനുഭവിച്ചത് ഇവരിലൂടെയായിരുന്നു.

മുന്നണി രാഷ്ട്രീയം എന്ന ആശയം മുന്നോട്ടുവെച്ച, വിമോചന സമരമടക്കമുള്ള രാഷ്ട്രീയ കോളിളക്കങ്ങളില്‍ വ്യക്തിമുദ്രയുള്ള ബാഫഖി തങ്ങള്‍. “ഖാഇദുല്‍ ഖൗ‌‌ം’ എന്ന വിളിപ്പേരിനുടമയായിരുന്ന ബാഫഖി തങ്ങളുടെ മകന്‍ പക്ഷേ, തിരഞ്ഞെടുത്തത് രാഷ്ട്രീയത്തിന്റെ വഴിയായിരുന്നില്ല. ആ പിതാവില്‍ നിന്ന് തന്നെ അദ്ദേഹം വായിച്ചെടുത്ത അധ്യാത്മികതയുടെ ബാഫഖീഹ് സരണിയായിരുന്നു.

പിതാവിന്റെ അതേ ഛായ. ബാഫഖീ തങ്ങളുടെ ആകാര സൗഷ്ഠവും ഗാംഭീര്യ പ്രഭാവവും ഒട്ടും ചോരാതെ മകനില്‍ മേളിച്ചിരിക്കുന്നു. നീളക്കുപ്പായവും കോട്ടും തലേക്കെട്ടും വേഷഭൂഷാദികള്‍ കൂടിയാകുമ്പോള്‍ അതേ എടുപ്പ്. ഒരൊറ്റ നിമിഷത്തില്‍ ആരിത് ബാഫഖി തങ്ങളോ എന്ന് ആരും മുക്കത്ത് കൈവെച്ചുപോകും.
യാദൃച്ഛികമെന്നോ നിയോഗമെന്നോ പറയാവുന്ന വിധം വന്നുചേര്‍ന്നതെങ്കിലും പ്രാഗത്ഭ്യം കൊണ്ട് അജയ്യമായി രാഷ്ട്രീയം നിര്‍ണയിച്ച നേതാവായിരുന്നു ബാഫഖി തങ്ങള്‍. കൂടിയാലോചനകളും കൂട്ടുകെട്ടുകളും കടുത്ത തീരുമാനങ്ങളുമൊക്കെ നടക്കുന്ന വീടും പശ്ചാത്തലവും. ഇളംപ്രായത്തില്‍ ഇതൊക്കെയാണ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അനുഭവിച്ചറിയുന്നത്. 1973 ജനുവരി 19ന് ഹജ്ജ് കർമം നിര്‍വഹിച്ചതിന് പിറകെ പിതാവിന്റെ പൊടുന്നനേയുള്ള വേര്‍പാട്. തൊട്ടുപിറകെ പാര്‍ട്ടിയുടെ പിളര്‍പ്പ്. അതാകട്ടെ, ഇരു പക്ഷത്തിന്റെയും തലപ്പത്ത് തനിക്ക് ഒരേപോലെയുള്ള ബന്ധുത്വമുള്ള സഹോദരീ ഭര്‍ത്താക്കന്മാര്‍. തീക്ഷ്ണവും സങ്കീര്‍ണവുമായ അന്നത്തെ സമുദായ രാഷ്ട്രീയ പരിസരം. ഇരുപക്ഷത്തും തീ പാറുന്ന തീവ്രത. ഈ സാഹചര്യങ്ങളിലും സൈനുല്‍ ആബിദീന്‍ തങ്ങള്‍ തന്റെ നിയതമായ വഴിയിലൂടെ തന്നെ നടന്നുനീങ്ങി.

പിന്നീട് നീണ്ട മുപ്പത് വര്‍ഷത്തോളമാണ് മലേഷ്യയില്‍ ആത്മീയ മേഖലയില്‍ സേവനമര്‍പ്പിച്ചത്. അത് കഴിഞ്ഞ് ജീവിതസായാഹ്നത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും ഇവിടുത്തെ മുസ്്ലിം സാമൂഹിക ജീവിതവും രാഷ്ട്രീയ സമവാക്യങ്ങളും ശാക്തിക ബലാബലവുമൊക്കെ മാറിമറിഞ്ഞിരുന്നു. അതില്‍ തന്റെ ഇടവും പിന്തുണയും എവിടെയെന്ന് തങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി. സുന്നീ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നുനിന്നു. അങ്ങനെ, തങ്ങള്‍ വേദികളിലും സദസ്സുകളിലും നിറഞ്ഞുനിന്നു. ഏത് ചെറിയ പരിപാടിക്കും പോകും. അതും നേരത്തേ എത്തും. ഒരു വിധം ആരോഗ്യം സമ്മതിച്ചാല്‍ എല്ലാം സമാപിച്ച ശേഷം തിരിക്കും. പണ്ഡിതന്മാരെ ഹൃദ്യമായി സ്‌നേഹിക്കും. അവരുടെ പ്രാര്‍ഥനകള്‍ക്ക് വേണ്ടി ആശിക്കും. അവരുടെ സാമീപ്യം തന്റെ ആത്യന്തിക വിജയത്തിന് നിതാനമെന്ന് തങ്ങള്‍ കരുതി. അറിവിന്റെ ആളുകളുമായുള്ള അടുപ്പം തന്റെ പിതാവില്‍ നിന്നുള്ള പാഠമാണെന്നായിരുന്നു അതിന് പറഞ്ഞിരുന്ന ന്യായം.
ഒടുവില്‍ ബാഫഖീ സയ്യിദ് പാരമ്പര്യത്തിന്റെ ഗരിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ 2022 ആഗസ്റ്റ് 31ന് മലേഷ്യന്‍ തങ്ങള്‍ എന്ന് ഇഷ്ടജനങ്ങള്‍ ആദരപൂര്‍വം വിളിച്ച സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീഹ് തങ്ങള്‍ കണ്‍ മറഞ്ഞു.

---- facebook comment plugin here -----

Latest