Connect with us

Kuwait

കുവൈത്തില്‍ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം

ഒരു വനിതയും രാജകുടുംബത്തില്‍ നിന്ന് രണ്ടുപേരും ഉള്‍പ്പെടുന്നതാണ് പുതിയ 14 അംഗ മന്ത്രിസഭ.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഷെയ്ഖ് മുഹമ്മദ് അല്‍ സബാഹ് സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമദ് അല്‍ സബാഹ് അംഗീകാരം നല്‍കി. ഒരു വനിതയും രാജകുടുംബത്തില്‍ നിന്ന് രണ്ടുപേരും ഉള്‍പ്പെടുന്നതാണ് പുതിയ 14 അംഗ മന്ത്രിസഭ. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് പുതിയ മന്ത്രിസഭയില്‍ ഇല്ല.

ഫഹദ് യൂസഫ് സൗദ് അല്‍-സബാഹാണ് ഉപ പ്രധാനമന്ത്രിയുടെ കൂടി ചുമതലയുള്ള പ്രതിരോധ മന്ത്രി. ആഭ്യന്തര വകുപ്പിന്റെ താത്ക്കാലിക ചുമതലയും ഇദ്ദേഹമാണ് വഹിക്കുക. ഡോ. ഇമാദ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ അതീഖിയെ ഉപ പ്രധാന മന്ത്രിയുടെ ചുമതലയുള്ള എണ്ണ വകുപ്പ് മന്ത്രിയായും നിയമിച്ചിട്ടുണ്ട്.

അബ്ദുല്‍ റഹ്മാന്‍ അല്‍ മുതൈരി (വാര്‍ത്താ പ്രക്ഷേപണം, സാംസ്‌കാരിക വകുപ്പ്), ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് അഹമ്മദ് അല്‍-അവാദി (ആരോഗ്യം), ഫറാസ് സൗദ് അല്‍-മാലിക് അല്‍-സബാഹ് (സാമൂഹികം, കുടുംബ ക്ഷേമം, കാബിനറ്റ്), അന്‍വര്‍ അലി അബ്ദുല്ല മുദഫ് (ധനകാര്യം, നിക്ഷേപ സഹമന്ത്രി), ഡോ. സാലിം ഫലാഹ് ഹജ്‌റഫ് (ജല വൈദ്യുതി), ദാവൂദ് സുലൈമാന്‍ അബ്ദുല്‍ റസൂല്‍ മറാഫി (ദേശീയ അസംബ്ലി സഹമന്ത്രി, യുവജനകാര്യ സഹമന്ത്രി, വാര്‍ത്താവിനിമയം), ഡോ. ആദില്‍ മുഹമ്മദ് അബ്ദുല്ല അല്‍-അദൂനി (വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം), അബ്ദുല്ല ഹമദ് അബ്ദുല്ല അല്‍-ജൗ ആന്‍ (വാണിജ്യ വ്യവസായ മന്ത്രി), അബ്ദുല്ല അലി അബ്ദുല്ല യഹിയ (വിദേശകാര്യം), ഫൈസല്‍ സയീദ് നാഫില്‍ ഗരീബ് (തൊഴില്‍, ഇസ്ലാമിക കാര്യം), നൂറ മുഹമ്മദ് ഖാലിദ് (പൊതുമരാമത്ത്, മുന്‍സിപ്പല്‍ സഹമന്ത്രി) എന്നിങ്ങനെയാണ് മറ്റു മന്ത്രിമാരും വകുപ്പുകളും.

 

 

Latest