Connect with us

From the print

എന്തിനും ഉത്തരം "ജയ് ശ്രീറാം'; സർവകലാശാലാ വിദ്യാർഥികളെ ജയിപ്പിച്ച രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ആരോപണ വിധേയരായ അധ്യാപകരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി ഭരണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി സി അറിയിച്ചു

Published

|

Last Updated

ലക്നോ | പല ചോദ്യങ്ങൾക്കും “ജയ് ശ്രീറാം’ എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരും ഉത്തരമായെഴുതിയ നാല് വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ സർവകലാശാലയിലെ രണ്ട് പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു.

തെറ്റായ മൂല്യനിർണയം നടത്തിയ അധ്യാപകരായ ഡോ. അശുതോഷ് ഗുപ്തയും ഡോ. വിനയ് വർമയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഉത്തർ പ്രദേശിലെ വീർ ബഹാദൂർ സിംഗ് പൂർവാഞ്ചൽ സർവകലാശാല വൈസ് ചാൻസലർ ഡോ. വന്ദന സിംഗ് പറഞ്ഞു. ഈ വിഷയത്തിൽ സർവകലാശാലാ പരീക്ഷാ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ആരോപണ വിധേയരായ അധ്യാപകരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി ഭരണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി സി അറിയിച്ചു.

ഡി ഫാർമ കോഴ്‌സിന്റെ ഒന്നും രണ്ടും സെമസ്റ്റർ വിദ്യാർഥികൾ തെറ്റായ ഉത്തരങ്ങൾ എഴുതിയിട്ടും പരീക്ഷകളിൽ വിജയിച്ച വിവരം അറിഞ്ഞതിനെ തുടർന്ന് സർവകലാശാലയിലെ മുൻ വിദ്യാർഥി ദിവ്യാംശു സിംഗ് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 2023 ആഗസ്ത് മൂന്നിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം, പ്രസ്തുത വിദ്യാർഥികളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തണമെന്ന് ദിവ്യാംശു സിംഗ് ആവശ്യപ്പെടുകയായിരുന്നു.

ആരോപണവിധേയരായ വിദ്യാർഥികൾ പല ചോദ്യങ്ങൾക്കും ഉത്തരമായി എഴുതിയത് ജയ് ശ്രീറാം, വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നും മറ്റുമായിരുന്നെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമായി. മൂല്യനിർണയം നടത്തിയ അധ്യാപകർ ആരോപണവിധേയരായ വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി 56 ശതമാനം മാർക്ക് ദാനം ചെയ്യുകയായിരുന്നുവെന്ന് ഗവർണർക്ക് അയച്ച കത്തിൽ ദിവ്യാംശു സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടർന്നാണ് സർവകലാശാല അന്വേഷണ സമിതിയെ നിയോഗിച്ചത്. സർവകലാശാലക്ക് പുറത്തുനിന്നുള്ള രണ്ട് അധ്യാപകരുടെ പുനർമൂല്യനിർണയത്തിൽ ഈ വിദ്യാർഥികൾക്ക് പൂജ്യം മാർക്കാണ് ലഭിച്ചത്.