Connect with us

Editorial

അല്‍ജസീറ പടിക്കു പുറത്ത്

അറിയാനും അറിയിക്കാനുമുള്ള അവകാശം നിയന്ത്രണവിധേയമല്ലാതെ നിലനില്‍ക്കുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥവത്താകുകയുള്ളൂ. ജനാധിപത്യ മൂല്യങ്ങള്‍ക്കോ രാജ്യത്തെ ജനാധിപത്യ പാരമ്പര്യത്തിനോ നിരക്കുന്നതല്ല മാധ്യമ വിലക്ക്. ഫാസിസത്തിന്റെ മുഖമുദ്രയായാണ് അതിനെ ലോകം വിലയിരുത്തുന്നത്.

Published

|

Last Updated

സുതാര്യവും സ്വതന്ത്രവുമാണോ രാജ്യത്തെ തിരഞ്ഞെടുപ്പ്? എങ്കില്‍ എന്തിനാണ് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ രാജ്യാന്തര മാധ്യമങ്ങളെ ഭരണാധികാരികള്‍ ഭയപ്പെടുന്നത്? ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപോര്‍ട്ട് ചെയ്യുന്നതിന് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അല്‍ജസീറ റിപോര്‍ട്ടര്‍മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചു. വിസക്കായി അപേക്ഷിച്ചെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നുവെന്ന് അല്‍ജസീറ അറിയിച്ചു. ഇന്ത്യക്ക് പുറത്തു നിന്ന് കൊണ്ടാണ് തങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്ന് വെള്ളിയാഴ്ചത്തെ ആദ്യഘട്ട വോട്ടെടുപ്പ് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തു കൊണ്ട് പത്രം വെളിപ്പെടുത്തി.

അധികൃതരുടെ കണ്ണിലെ കരടാണ് സ്വതന്ത്ര അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ. മുമ്പും അല്‍ജസീറ ഇന്ത്യയില്‍ നിയമ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനവും ദുരിതങ്ങളും വരച്ചു കാട്ടുന്ന അല്‍ജസീറയുടെ “ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററിക്ക് 2023 ജൂണില്‍ അലഹാബാദ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കു നേരേ നടന്ന ഹിന്ദുത്വ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരം യഥാവിധി പുറത്തു കൊണ്ടുവന്നത് അല്‍ജസീറയായിരുന്നു.

ആക്രമണത്തിന് വിധേയമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് അല്‍ജസീറ പ്രതിനിധികള്‍ 2021ലെ വര്‍ഗീയാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകജനതക്കു മുമ്പാകെ അവതരിപ്പിച്ചത്. 16 പള്ളികള്‍ ഉള്‍പ്പെടെ നിരവധി മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് അന്ന് ഹിന്ദുത്വര്‍ തകര്‍ത്തത്.

മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും മോദി സര്‍ക്കാറിന്റെ നിരോധനത്തിനും വിലക്കുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടുണ്ട് പലപ്പോഴും. ഏതാനും ദിവസം മുമ്പാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി ബി സി അവരുടെ ഇന്ത്യയിലെ ന്യൂസ് റൂമുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിന് അവ കൈമാറിയത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി ഇറക്കിയതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായി കേന്ദ്ര ആദായ നികുതി വിഭാഗത്തിന്റെ നിയമ നടപടികള്‍ അസഹ്യമായതിനെ തുടര്‍ന്നായിരുന്നു ബി ബി സിയുടെ ഈ പിന്മാറ്റം.

നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് 2023 ഫെബ്രുവരിയില്‍ ബി ബി സിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയത്. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് സര്‍ക്കാര്‍.

ജനാധിപത്യത്തിന്റെ അടിത്തൂണാണ് തിരഞ്ഞെടുപ്പ്. തീര്‍ത്തും സ്വതന്ത്രമായും അധികാരിവര്‍ഗത്തിന്റെ കൈക്കടത്തലുകള്‍ക്ക് വിധേയമാകാതെയും നടക്കുമ്പോള്‍ മാത്രമാണ് അത് സാര്‍ഥകമാകുന്നതും ജനാധിപത്യത്തിന് ശക്തിപകരുന്ന പ്രക്രിയയായി മാറുന്നതും. വോട്ടിംഗ് മെഷീനില്‍ കൃത്രിമം ഉള്‍പ്പെടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ആഗോള സമൂഹത്തിനു മുമ്പില്‍ സംശയത്തിന്റെ നിഴലിലാക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, തീര്‍ത്തും സുതാര്യമാണ് രാജ്യത്തെ തിരഞ്ഞെടുപ്പെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്ത വിധം തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ലോകത്തിനു മുമ്പിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇതിനുള്ള മാര്‍ഗം.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിലക്കേര്‍പ്പെടുത്തുകയും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് സന്ദേഹങ്ങള്‍ വര്‍ധിപ്പിക്കാനേ ഇടയാക്കൂ.
സ്വതന്ത്രമായി വര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ്, ലജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നിവക്കൊപ്പം സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായി എണ്ണപ്പെടുന്നുണ്ട്. അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) അവകാശം ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. അറിയാനും അറിയിക്കാനുമുള്ള അവകാശം നിയന്ത്രണവിധേയമല്ലാതെ നിലനില്‍ക്കുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ഥവത്താകുകയുള്ളൂ. ജനാധിപത്യ മൂല്യങ്ങള്‍ക്കോ രാജ്യത്തെ ജനാധിപത്യ പാരമ്പര്യത്തിനോ നിരക്കുന്നതല്ല മാധ്യമ വിലക്ക്. ഫാസിസത്തിന്റെ മുഖമുദ്രയായാണ് അതിനെ ലോകം വിലയിരുത്തുന്നത്.

സര്‍ക്കാറുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ കൃത്യതയും വസ്തുതയും പരിശോധിക്കാനെന്ന പേരില്‍, ഐ ടി നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര നടപടി സുപ്രീം കോടതി അടുത്തിടെ സ്റ്റേ ചെയ്ത കാര്യം ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം 27ന് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഉള്‍പ്പെട്ട കേസിലും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം പരമോന്നത കോടതി ഊന്നിപ്പറയുകയുണ്ടായി. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താവൂ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഉത്തരവ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം അടിക്കടി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍ എസ് എഫ്) 2023 മെയ് ആദ്യത്തില്‍ പ്രസിദ്ധീകരിച്ച 180 രാജ്യങ്ങളുടെ പട്ടികയില്‍ 161ാം സ്ഥാനത്താണ് ഇന്ത്യ. 2014ല്‍ 140ാം സ്ഥാനത്തായിരുന്ന നമ്മുടെ രാജ്യം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പിന്നെയും 21 പടി കൂടി താഴോട്ട് പതിച്ചു. സ്വതന്ത്ര നിലപാടുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളോടുള്ള ഭരണകൂടത്തിന്റെ ശത്രുതാപരമായ സമീപനത്തില്‍ പുനര്‍വിചിന്തനം അനിവാര്യമാണ്.

Latest